ഇന്ധന വിലയിലെ പ്രതിഷേധമോ ? കറുത്ത മാസ്ക്കണിഞ്ഞ്, സൈക്കിളില്‍ വോട്ട് ചെയ്യാനെത്തി വിജയ്
First Published | Apr 6, 2021, 12:55 PM IST
തമിഴ് സിനിമയും രാഷ്ട്രീയവും തമ്മില്‍ ഏറെ ബന്ധമുണ്ട്. ആദിദ്രാവിഡ രാഷ്ട്രീയം ശക്തമാകും മുമ്പ് കോണ്‍ഗ്രസായിരുന്നു തമിഴ് രാഷ്ട്രീത്തിലെ പ്രധാനപ്പെട്ട ശക്തി. എന്നാല്‍ പെരിയോറിലൂടെ ശക്തി പ്രാപിച്ച ദ്രാവിഡ ബോധം തമിഴ്‍നാട്ടില്‍ ദേശീയ പാര്‍ട്ടികളെ അപ്രസക്തമാക്കുകയും ദ്രാവിഡ പാര്‍ട്ടികളെ ശക്തമാക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), ആള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) എന്നീ മുന്നണികളെ ചുറ്റിയായിരുന്നു തമിഴ് രാഷ്ട്രീയം മുന്നോട്ട് നീങ്ങിയത്. ദ്രാവിഡ രാഷ്ട്രീയത്തിന് ശക്തി പകര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും പ്രശസ്തരായ സിനിമാ താരങ്ങള്‍ കൂടി എത്തിയതോടെ തമിഴ് രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധും നിലനിന്നു. ഏറ്റവും ഒടുവിലായ കമലാഹസനും രജനീകാന്തും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കടന്നെങ്കിലും രജനീകാന്ത് ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി പിന്നീട് പിന്‍മാറിയിരുന്നു. എന്നാല്‍ ശക്തമായ നിലപാടുകളോടെ കമലാഹസന്‍ തമിഴ്‍നാടിന്‍റെ രാഷ്ട്രീയ ഭാവി നിശ്ചയിക്കാന്‍ മത്സരരംഗത്തുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് ദിനമായ ഇന്ന് ഇളയ ദളപതി വിജയ് സമ്മതിദാനം ഉപയോഗിക്കാനായി ബൂത്തിലെത്തിയ ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിമിഷങ്ങള്‍ക്കകം തരംഗമായി.