അഞ്ചിലങ്കം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ദിശാസൂചികയാകുമോ? നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യത്തെ അഞ്ച് അങ്കത്തട്ടുകൾ. ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്.
ദില്ലി: ഉത്തർപ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിർണായക ജനവിധി നിർണയിക്കുന്ന വോട്ടെണ്ണൽ തുടങ്ങി. രാവിലെ 8 മണി മുതലാണ് വോട്ടെണ്ണൽ തുടങ്ങിയത്. ആദ്യമെണ്ണിയത് പോസ്റ്റൽ വോട്ടുകളാണ്. അഞ്ചിലങ്കം വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ദിശാസൂചികയാകുമോ? നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാജ്യത്തെ അഞ്ച് അങ്കത്തട്ടുകൾ.
ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിന് പുറമേ, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഉത്തർപ്രദേശിൽ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും ബിജെപി ഭരണം നിലനിർത്തുമെന്നും പഞ്ചാബിൽ എഎപി ചരിത്ര വിജയം നേടും എന്നുമാണ് എക്സിറ്റ് പോൾ സർവേ ഫലങ്ങൾ പ്രവചിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് മന്ത്രിസഭ വന്നേക്കുമെന്നാണ് പ്രവചനം. അതേസമയം മണിപ്പൂരിൽ ബിജെപിക്ക് ഭരണ തുടർച്ചയുണ്ടാകുമെന്നാണ് പല സർവേകളുടെയും പ്രവചനം.
undefined
പത്ത് മണിയോടെ ചിത്രം ഏതാണ്ട് തെളിയുമെന്നുറപ്പാണ്. ഏഴ് ഘട്ടങ്ങളിലായി ഉത്തര്‍പ്രദേശിലെ 403 മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 60.19 ശതമാനം പോളിംഗും, ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്ന പഞ്ചാബില്‍ 71.91 ശതമാനം പോളിംഗും രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ യുപിയില്‍ ഒരു ശതമാനവും പഞ്ചാബില്‍ ആറ് ശതമാനവും കുറവാണ് വോട്ടുകൾ രേഖപ്പെടുത്തിയത്. ചെറുസംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ 65 ശതമാനത്തിന് മുകളിലാണ് പോളിംഗ്. യുപിയിലും, ഉത്തരാഖണ്ഡിലും മണിപ്പൂരിലുമാണ് ബിജെപിയുടെ പ്രതീക്ഷ.
ജാതി രാഷ്ട്രീയം വിധിയെഴുതുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയും സമാജ്‍വാദി പാര്‍ട്ടിയും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ യോഗി ഭരണം തുടരുമോ അഖിലേഷ് യാദവ് തിരിച്ചുവരുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍ ഭരണം തുടരാമെന്ന് ബിജെപി കണക്ക് കൂട്ടുമ്പോള്‍ അടിയൊഴുക്കുകളുടെ ആനുകൂല്യം പൂര്‍ണ്ണമായി കിട്ടിയാല്‍ തിരിച്ചുവരാമെന്നാണ് അഖിലേഷ് യാദവിന്‍റെ പ്രതീക്ഷ.
മാറ്റത്തിനായി പഞ്ചാബ് ജനത മാറി വിധിയെഴുതിയെന്ന ആംആദ്മി പാര്‍ട്ടിയുടെ കണക്ക് കൂട്ടല്‍ യാഥാര്‍ത്ഥ്യമായാല്‍ ദില്ലിക്കപ്പുറത്തേക്കുള്ള വളര്‍ച്ചക്കാകും കളമൊരുങ്ങുക. അമരീന്ദര്‍ സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ പ്രതിഷ്ഠിച്ച പരീക്ഷണത്തിന്‍റെ ഫലം കോണ്‍ഗ്രസിന്‍റെ നിലനില്‍പ്പിനുള്ള ഉത്തരം കൂടിയാകും. ബിജെപിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്ന ഉത്തരാഖണ്ഡിലും ഗോവയിലും തൂക്ക് സഭയെങ്കില്‍ തുടര്‍ന്നങ്ങോട്ടുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് കൂടിയാകും തിരശ്ശീല ഉയരുക.
എക്സിറ്റ് പോളുകൾ എന്താണ് പറഞ്ഞത്?
2017-ല്‍ 325 സീറ്റ് നേടി അധികാരത്തില്‍ എത്തിയ എന്‍ഡിഎയ്ക്ക് സീറ്റുകള്‍ കുറയുമെങ്കിലും ഭരണ തുടർച്ചയുണ്ടാകുമെന്നാണ് സർവേകള്‍ ചൂണ്ടിക്കാട്ടുന്നത്. കേവല ഭൂരിപക്ഷത്തിന് 202 സീറ്റ് മതിയെന്നിരിക്കെ 250 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സർവെകളും പറയുന്നു.
246 സീറ്റാണ് വിവിധ എക്സിറ്റ് പോളുകളെ അടിസ്ഥാനപ്പെടുത്തിയുള്ള പോള്‍ ഓഫ് പോള്‍ പറയുന്നത്. എന്നാല്‍ ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ ബിജെപി ഉത്തര്‍പ്രദേശ് തൂത്ത് വാരുമെന്നാണ് പ്രവചിക്കുന്നത്. 288 മുതല്‍ 326 സീറ്റ് വരെ ബിജെപി നേടുമ്പോൾ സമാജ്‍വാദി പാര്‍ട്ടി പരമാവധി 101 സീറ്റില്‍ ഒതുങ്ങും. ബിജെപിക്ക് 294 സീറ്റ് വരെ ന്യൂസ് 24, ടുഡേസ് ചാണക്യ എന്നീ ഏജൻസികൾ പ്രവചിക്കുന്നു. കോണ്‍ഗ്രസ് രണ്ടക്കം കടക്കില്ലെന്നും ബിഎസ്പി പത്ത് വരെ സീറ്റ് നേടുമെന്നുമാണ് സർവെകളുടെ കണ്ടെത്തല്‍.
അതേസമയം പഞ്ചാബിൽ ആംആദ്മിപാർട്ടിയുടെ അട്ടിമറിയെന്നാണ് വിവിധ എക്സിറ്റ് പോളുകൾ ഒരേസ്വരത്തിൽ പറയുന്നത്. കോൺഗ്രസിനും അകാലിദളിനും വലിയ തിരിച്ചെടിയുണ്ടാകും. പോൾ സ്ട്രാറ്റ്, റിപ്പബ്ലിക്, ജൻ കി ബാത്ത്, ആക്സിസ് മൈ ഇന്ത്യ സർവേകളിൽ അടക്കം ആം ആദ്മി ആധിപത്യം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിൽ 76 മുതൽ 90 സീറ്റ് വരെ ആം ആദ്മി പാർട്ടി നേടുമെന്നാണ് പ്രവചനം.
ശരാശരി എടുത്ത് നോക്കിയാൽ 225 മുതല്‍ 326 സീറ്റ് വരെയാണ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. 250-നും മുന്നൂറിനുമിടക്ക് സീറ്റുകള്‍ കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. ഭരണവിരുദ്ധവികാരം അത്ര കണ്ട് പ്രകടമായിരുന്നില്ലെങ്കിലും അടിയൊഴുക്കുകള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറച്ചേക്കാമെന്നാണ് വിലയിരുത്തല്‍.
കര്‍ഷക സമരമടക്കമുള്ള പ്രതിഷേധങ്ങളില്‍ പൂര്‍വ്വാഞ്ചലിലും, പശ്ചിമ ഉത്തര്‍ പ്രദേശിലും ഒപ്പമുണ്ടായിരുന്ന പിന്നാക്ക വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായോയെന്ന് ബിജെപി സംശയിക്കുന്നു. സ്വന്തം സമുദായമായ ഠാക്കൂര്‍ വിഭാഗത്തിന് കൂടുതല്‍ പരിഗണന നല്‍കിയെന്ന് നേരത്തേ തന്നെ ബ്രാഹ്മണ വിഭാഗത്തിന് കടുത്ത പരാതിയുണ്ട്. അതിനാൽത്തന്നെ സവർണരുടെയും ബ്രാഹ്മണരുടെയും പൂര്‍ണ്ണ പിന്തുണ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കിട്ടിയോയെന്ന സന്ദേഹവുമുണ്ട്. അതേസമയം അഖിലേഷ് യാദവ് വീണ്ടും അധികാരത്തില്‍ വന്നാല്‍ ക്രമസമാധാനം തകരുമെന്ന പ്രചാരണം സ്ത്രീകളിലടക്കം അനുകൂല പ്രതികരണമുണ്ടാക്കിയെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
പഞ്ചാബിലും ഉത്തരാഖണ്ഡിലും നേരിയ പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. കഴിഞ്ഞ തവണയും എക്സിറ്റ് പോളുകള്‍ പഞ്ചാബില്‍ ആംആദ്മി പാര്‍ട്ടിക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും പെട്ടിയിലെ വോട്ടുകള്‍ ഒപ്പമായിരുന്നവെന്ന യാഥാര്‍ത്ഥ്യത്തിലാണ് പ്രതീക്ഷ.
117-ല്‍ നൂറ് സീറ്റുകളിലധികം വരെ പ്രവചിക്കുന്ന സര്‍വ്വേകള്‍ ആംആദ്മി പാര്‍ട്ടിയെ വലിയ പ്രതീക്ഷകളില്‍ എത്തിച്ചിരിക്കുകയാണ്. ഫലം യാഥാര്‍ത്ഥ്യമായാല്‍ വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലടക്കം പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഉത്തരാഖണ്ഡില്‍ സാന്നിധ്യമറിയിക്കുമെന്ന പ്രവചനവും ദില്ലി പാര്‍ട്ടിയെന്ന ആക്ഷേപത്തില്‍ നിന്ന് മറികടക്കാനാകുമെന്ന സൂചനയായാണ് ആപ്പ് കരുതുന്നത്.
മുൻ ഫലങ്ങൾ എങ്ങനെ?
യുപിയിൽ 1989 മുതൽ 2017 വരെയുള്ള തെരഞ്ഞെടുപ്പ് ഫലങ്ങളറിയാം, ഒറ്റനോട്ടത്തിൽ:
ഇന്ത്യയുടെ കലവറ, കർഷകസമരങ്ങളുടെ കേന്ദ്രം - പഞ്ചാബിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ 2002 മുതൽ 2017 വരെ, ഒറ്റനോട്ടത്തിൽ കാണാം:
ദേവഭൂമി എന്ന് വിളിക്കപ്പെടുന്ന ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ഫലം 2017-ൽ: