Viral Photoshoot: ആത്മാവിലാണ് കാര്യം, വസ്ത്രത്തിലല്ല: യാമി

First Published | Jan 27, 2022, 10:41 AM IST

ഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായ ഒരു ഫോട്ടോഷൂട്ടായിരുന്നു സഭാവസ്ത്ര മണിഞ്ഞ രണ്ട് കന്യാസ്ത്രീകളുടെ ഊഷ്മളമായ ചില ചിത്രങ്ങള്‍. ചിത്രത്തിന് നിരവധി അഭിനന്ദന കമന്‍റുകള്‍ വന്നതിനൊപ്പം തന്നെ വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്തെത്തി.  സമ്മിശ്രമായ നിരവധി പ്രതികരണങ്ങളെത്തുടര്‍ന്ന് ചിത്രത്തിന്‍റെ ഫോട്ടോഗ്രാഫര്‍ യാമി ഏഷ്യാനെറ്റ് ഓണ്‍ലൈനുമായി സംസാരിക്കുന്നു. 

സഭാവസ്ത്രമണിഞ്ഞ രണ്ട് യുവതികള്‍ പരസ്പരം ആശ്ലേഷിക്കുന്നു. കെട്ടിപ്പിടിക്കുന്നു. ഒന്നിച്ച് ചിരിക്കുന്നു. ഇതിനെ ആളുകള്‍ എങ്ങനെ കാണുന്നു എന്നതാണ് പ്രശ്നമെന്ന് യാമി പറയുന്നു. ആളുകള്‍ ഫോട്ടോഷൂട്ടിലേക്കല്ല ശ്രദ്ധിക്കുന്നത് അവര്‍ക്ക് വസ്ത്രമാണ് പ്രശ്നമെന്നും യാമി പറയുന്നു. ഞാനൊരു കണ്‍സപ്റ്റ് എടുത്ത് അതിനെ ചിത്രീകരിച്ചു. അത് അവിടെ കഴിഞ്ഞു. ആളുകള്‍ പിന്നെ അതാണ് ഇതാണ് എന്നൊക്കെ ആരോപിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ കാഴ്ചയുടെ പ്രശ്നമാണെന്ന് യാമി ചൂണ്ടിക്കാണിക്കുന്നു. 

സഭാ വസ്ത്രം അണിഞ്ഞുവെന്നത് കൊണ്ട് അവര്‍ സ്ത്രീകളല്ലാതായി മാറുന്നില്ല. ഓരോ വ്യക്തിക്കും അവരവരുടെതായ ഇഷ്ടാനിഷ്ടങ്ങള്‍ സാധ്യമാണ്. അത് മാത്രമാണ് ഞാന്‍ ആ ഫോട്ടോഷൂട്ടിലൂട ഉദ്ദേശിച്ചതെന്ന് യാമി വ്യക്തമാക്കുന്നു. 

Latest Videos


അല്ലാതെ അതില്‍ സ്വവര്‍ഗ്ഗലൈംഗികതയോ പ്രണയമോ അല്ലെങ്കില്‍ അത്തരത്തില്‍ ഏന്തെങ്കിലും പ്രത്യേക കാറ്റഗറിയില്‍പ്പെടുത്താവുന്ന ഒന്നായിട്ടല്ല ആ ചിത്രങ്ങള്‍ ഞാന്‍ പ്ലാന്‍ ചെയ്തത്. ഓരോ വ്യക്തിക്കും ഇത്തരം കാര്യങ്ങളില്‍ അവരുടേതായ ഇഷ്ടാനിഷ്ടങ്ങളുണ്ടാകും. ഞാന്‍ എന്‍റെ ഒരു ആശയം ചിത്രീകരിച്ചു അത്രമാത്രം. 

സഭാ വസ്ത്രമണിഞ്ഞ രണ്ട് സ്ത്രീകള്‍. അവര്‍ മുട്ടിയുരുമ്മി നില്‍ക്കുന്നുവെന്ന് കാണുമ്പോള്‍ തന്നെ അതില്‍ പ്രശ്നങ്ങള്‍ കണ്ടെത്തുന്നത് കാഴ്ചക്കാരന്‍റെ പ്രശ്നമാണ്. ആ ചിത്രങ്ങളുടെ 'ഫണ്‍ സൈഡ്' മാത്രമാണ് ഞാന്‍ ആലോചിച്ചിരുന്നത്. ഒരു പാട് പേര് ഇന്‍ബോക്സില്‍ വന്ന് ചിത്രം 'ഭയങ്കര പ്യൂര്‍' ആണെന്ന് പറയുന്നു. മറ്റ് ചിലര്‍ക്ക് എന്തിനാണ് ഇങ്ങനെ ചിത്രമെടുത്തതെന്ന് അറിയണം. അതൊക്കെ എന്‍റെ സ്വാതന്ത്ര്യമാണ്. എന്നല്ലാതെ അത്തരം കമന്‍റുകളോട് നമ്മളെന്ത് പറയാനാണെന്ന് യാമി ചോദിക്കുന്നു. 

ആ ചിത്രങ്ങളെടുക്കാന്‍ എനിക്ക് സ്വാതന്ത്രമുള്ളത് പോലെതന്നെ അതിനെ കുറിച്ച് കമന്‍റ് ചെയ്യാന്‍ അവര്‍ക്കും സ്വാതന്ത്രമുണ്ടെന്ന് ഞാന്‍ കരുതുന്നു. എന്നല്ലാതെ ഇതിലൊന്നും ആര്‍ക്കും എക്സ്പ്ലനേഷന്‍ കൊടുക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ലെന്ന് യാമി നയം വ്യക്തമാക്കുന്നു. 

അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ കമന്‍റ് ബോക്സിലെത്തുന്നുണ്ട്. മാത്രമല്ല, ഇതെന്‍റെ ആദ്യത്തെ വിവാദ ഫോട്ടോഷൂട്ടൊന്നുമല്ല. നേരത്തെയും ഞാനെടുത്ത ചിത്രങ്ങള്‍ക്ക് മോശമായ പ്രതികരണങ്ങളുമായി നിരവധി ആളുകള്‍ എത്തിയിട്ടുണ്ട്. പിന്നെ അമ്മയെ തല്ലിയ കേസായാലും രണ്ട് പക്ഷമുള്ള നാട്ടില്‍ അത്തരം പ്രതികരണങ്ങളെ അതിന്‍റെ വഴിക്ക് വിടുകയെന്നതാണ് എന്‍റെ രീതിയെന്നും യാമി പറയുന്നു. 

ഒരു വസ്ത്രത്തിന്‍റെ പേരില്‍ ആളുകള്‍ ജഡ്ഡ്ജ് ചെയ്ത് കമന്‍റിടുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്. വസ്ത്രത്തില്‍ നമ്മള്‍ ദിവ്യത്വം ആരോപിക്കുന്നതാണല്ലോ. അതിടുന്ന വ്യക്തിയെ അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മറന്ന് വസ്ത്രത്തിന് മാത്രം പ്രാധാന്യം കല്‍പ്പിച്ചാണ് പലരും കമന്‍റ് ചെയ്യുന്നത്. അതിനൊക്കെ മറുപടി പറയാന്‍ പോകാതിരിക്കുകയെന്നതാണ് തന്‍റെ രീതിയെന്നും യാമി പറയുന്നു. 

അഞ്ജന, ദേവിക, എന്നിവരാണ് ആര്‍ട്ടിസ്റ്റുകള്‍. കോസ്റ്റ്യൂ സെയ്ഫു, മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാറ. ബിബിഎ ഏവിയേഷന്‍ പഠനം കഴിഞ്ഞ യാമി കുറച്ച് കാലം ബെഗളൂരു എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ഫോട്ടോഗ്രാഫി പാഷനായപ്പോള്‍ ജോലിയുപേക്ഷിച്ചു. കൊല്ലമാണ് യാമിയുടെ സ്വദേശം. ഇപ്പോള്‍ എറണാകുളത്ത് താമസിക്കുന്നു. അഞ്ച് വര്‍ഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമാണ് യാമി. 

click me!