പാലം പൊളിക്കുമ്പോഴും പൂജ നിര്‍ബന്ധം; പൂജിച്ച് പൊളിക്കുന്ന പാലാരിവട്ടം ട്രോള്‍ കാണാം
First Published | Sep 28, 2020, 3:56 PM ISTഓരോ ഭരണകൂടങ്ങളും ചരിത്രത്തില്‍ അറിയപ്പെടുന്നത് അതത് കാലത്ത് ജനങ്ങള്‍ക്ക് വേണ്ടി ചെയ്തിരിക്കുന്ന വികസന പ്രവര്‍ത്തികളിലൂടെയാണ്. വികസനമെന്നാല്‍ ജനോപകാരപ്രദമായ വികസനമാണെന്ന കാഴ്ചപ്പാടുള്ള ഭരണാധികാരികള്‍ക്ക് മാത്രമേ അത്തരത്തിലൊരു വികസനോന്മുഖമായ ഭരണം കാഴ്ചവെക്കാന്‍ കഴിയൂവെന്നിടത്താണ് പാലാരിവട്ടം പാലം ചര്‍ച്ചയാകുന്നതും. ഇന്നത്തെ കാലത്ത് ഒരു പാലം പണിയുമ്പോള്‍ ഉണ്ടാകുന്ന ചെലവ് കോടികളാണ്. ബ്രിട്ടീഷ് ഭരണ കാലത്ത് പണിത പല പാലങ്ങളും ഇന്നും ഉപയോഗയോഗ്യമായി നമ്മുക്കുമുന്നിലുണ്ട്. 100 ഓ അതിലധികമോ വര്‍ഷമാണ് ആ പഴയ പാലങ്ങളുടെ ആയുസ്സ്. 39 കോടി ചെലവഴിച്ച് യുഡിഎഫ് സര്‍ക്കാര്‍ പണിത പാലാരിവട്ടം പാലം രണ്ട് വര്‍ഷത്തിനുള്ളില്‍ പൊളിക്കാന്‍ കോടതി ഉത്തരവിടുമ്പോള്‍ അത് നിര്‍മ്മിച്ചവരും പ്രതിസ്ഥാനത്താണെന്ന് വ്യക്തം.
പണിത് രണ്ടാം വര്‍ഷം പൊളിക്കാന്‍ വിധിക്കപ്പെട്ട പാലാരിവട്ടം പാലം പൊളിക്കലിന് ഒരു തടസവും ഉണ്ടാകരുതെന്ന് പൊളിക്കുന്നവര്‍ക്ക് നിര്‍ബന്ധമുണ്ട്. അതിനായി പാലം പൊളിക്ക് മുമ്പ് പൂജയും മറ്റും നടന്നു. പാലം പണിയുമ്പോഴും ഇതുപോലെ പൂജയുണ്ടായിരുന്നു. പണിയുമ്പോള്‍ വിഘ്നമില്ലാതെ പണി നടക്കാനായി പൂജ ചെയ്തവര്‍ തന്നെ, തടസമില്ലാതെ പാലം പൊളിച്ച് മാറ്റാനായും പൂജ ചെയ്തു. ഒരു വ്യത്യാസം മാത്രം പണിയുമ്പോള്‍ പൂജ യുഡിഎഫ് വകയെങ്കില്‍ പൊളിക്കുമ്പോള്‍ പൂജ എല്‍ഡിഎഫ് വക. കാണാം വിശ്വാസഭക്തിയില്‍ പൊളിക്കുന്ന പാലം ട്രോളുകള്‍.