ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനായി കേബ്രിഡ്ജ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ കലണ്ടര്‍ വൈറല്‍. സര്‍വ്വകലാശാലയിലെ വിവിധയിനം കായിക മത്സരങ്ങളിലെ താരങ്ങളെ ഉള്‍പ്പെടുത്തി കേംബ്രിഡ്ജിലും പരിസരത്തുമായി ചിത്രീകരിച്ച കലണ്ടറാണ് വൈറലായത്.
കായിക ഉപകരണങ്ങള്‍ കൊണ്ട് നഗ്നത മറച്ച രീതിയിലെടുത്ത ചിത്രങ്ങളോട് കൂടിയ യൂണിവേഴ്സിറ്റി കലണ്ടര്‍ ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. സ്ത്രീ പുരുഷ കായിക താരങ്ങളാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തിട്ടുള്ളത്. നീന്തല്‍, സെയ്ലിംഗ്, അത്ലെറ്റിക്സ്, വോളിബോള്‍, വാട്ടര്‍ പോളോ തുടങ്ങിയ ടീമിലെ അംഗങ്ങളാണ് ഫോട്ടോഷൂട്ടിനായി വസ്ത്രമുരിയാന്‍ തയ്യാറായത്.
വോളിബോള്‍, ഷൂസുകള്‍, മെഡിസിന്‍ ബോളുകള്‍, പരിശീലന ഉപകരണങ്ങള്‍, ഹര്‍ഡില്‍ ബാറുകള്‍, ജാവലിന്‍ ഹാമര്‍ തുടങ്ങി ട്രോഫിയടക്കമുള്ള വിദ്യാര്‍ഥികളുടെ നഗ്നത മറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. ഡോക്ടര്‍സ് വിത്ത് ഔട്ട് ബോര്‍ഡേഴ്സിന് വേണ്ടി പണം കണ്ടെത്താനായാണ് കൊവിഡ് കാലത്ത് ഇത്തരമൊരു ഫോട്ടോഷൂട്ട് നടന്നത്.
കേംബ്രിഡ്ജ് സ്റ്റുഡന്‍സ് യൂണിയന്‍, ഫിറ്റ്സ്വില്യം മ്യൂസിയം, ഗ്രാന്‍ഡ്ചെസ്റ്റര്‍ മെഡോസ്,ലെക്ചര്‍ തിയേറ്റര്‍, കേംബ്രിഡ്ജ് സ്റ്റേഡിയം എന്നീ സ്ഥലങ്ങളിലായിരുന്നു ഫോട്ടോഷൂട്ട് നടന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാനായി പല സമയത്ത് എടുത്ത് ചിത്രങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുകയായിരുന്നെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ അന്തര്‍ദേശീയമാധ്യമങ്ങളോട് വിശദമാക്കുന്നത്.
സാമൂഹ്യഅകലം പാലിച്ചാണ് ചിത്രങ്ങളെടുത്തതെന്നും കലണ്ടറിന് പിന്നണിയില്‍ പ്രവര്‍ത്തിച്ച ഡാന്‍ ലൂയിസ് അവകാശപ്പെടുന്നു. മുന്‍ വര്‍ഷങ്ങളിലും സമാനമായ കലണ്ടറിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്ക്കായി ധനസമാഹരണം നടത്തിയിരുന്നു
കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളാണ് കലണ്ടര്‍ മോഡലുകള്‍. സാങ്കേതിക ബുദ്ധിമുട്ടുകള്‍ മൂലം സര്‍വ്വകലാശാലയിലെ ചിലയിടങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞില്ലെന്നും കലണ്ടര്‍ സംഘാടകര്‍ പറയുന്നു. കേംബ്രിഡ്ജ് ബ്ല്യൂസ് എന്ന പേരില്‍ മുന്‍ വര്‍ഷങ്ങളിലും കലണ്ടര്‍ ചെയ്തിരുന്നു. മൈക്ക് തോര്‍ന്റോണ്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങളെടുത്തിട്ടുള്ളത്.
ഫെബ്രുവരിയില്‍ ആയിരുന്നു കലണ്ടറിന്‍റെ ചിത്രീകരണം ആരംഭിച്ചത്. 10യൂറോയാണ് കണ്ടറിന് വിലയിട്ടിരിക്കുന്നത്. ഇത്തരത്തില്‍ സമാഹരിച്ച പണം ഡോക്ടേഴ്സ് വിത്ത്ഔട്ട് ബോര്‍ഡേഴ്സ് എന്ന സംഘടയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി നല്‍കുമെന്നും സംഘാടകര്‍ പറയുന്നു.