താൻ ഒരു ടെക് പ്രൊഫഷണലാണെന്നും ഫ്രാങ്ക്ഫർട്ടിലും ബംഗളൂരുവിലും ജോലി ചെയ്തിരുന്നതായും കൃഷ്ണ സങ്കല്‍പ്പിക്കുകയായിരുന്നു.
ബംഗളുരു: ഞെട്ടിക്കുന്ന ഭൂതകാലമുള്ള യാചകന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോൾ കൃഷ്ണ എന്നയാളിന്‍റെ ജീവിതം വൈറലാക്കിയ ബംഗളൂരു ശരത് യുവരാജ് പുതിയ ഒരു വിവരം കൂടെ പുറത്ത് വിട്ടിരിക്കുകയാണ്. മദ്യലഹരിയിലാണ് ഫ്രാങ്ക്ഫർട്ടിലും ബംഗളൂരുവിലുമായി മികച്ച കരിയറുള്ള ടെക് പ്രൊഫഷണലായിരുന്നു താനെന്ന് യാചകൻ പറഞ്ഞതെന്നാണ് ശരത് പുതിയ വീഡിയോയിൽ പറയുന്നത്.
താൻ ഒരു ടെക് പ്രൊഫഷണലാണെന്നും ഫ്രാങ്ക്ഫർട്ടിലും ബംഗളൂരുവിലും ജോലി ചെയ്തിരുന്നതായും കൃഷ്ണ സങ്കല്‍പ്പിക്കുകയായിരുന്നു. എന്നാല്‍, കൃഷ്ണ ഒരു എഞ്ചിനിയറിംഗ് ഡ്രോപ്പ് ഔട്ടാണെന്നും മദ്യലഹരിയിലാണ് ബാക്കി കാര്യങ്ങളെല്ലാം പറഞ്ഞതെന്നും ശരത് പറയുന്നു. തന്‍റെ കഥ വിവരിക്കുന്ന വീഡിയോകൾ വൈറലായതു മുതൽ ഭിക്ഷാടകനായ കൃഷ്ണയെ കാണാതാവുകയായിരുന്നു.
undefined
കൃഷ്ണയെ കണ്ടെത്താൻ ബംഗളൂരു പൊലീസും അന്വേഷണം ആരംഭിച്ചിരുന്നു. കൃഷ്ണ ഇപ്പോൾ നിംഹാൻസിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ചികിത്സയിലാണെന്ന് ശരത് വെളിപ്പെടുത്തി. വ്യക്തിപരമായ നഷ്ടങ്ങളും മദ്യാസക്തിയും ഒരാളെ എങ്ങനെ പാളം തെറ്റിച്ചു എന്നതിന്‍റെ ഒരു ഭീകരമായ ചിത്രമാണ് കൃഷ്ണയുടെ ജീവിതം കാണിച്ച് തരുന്നത്.
കൃഷ്ണ തന്‍റെ ജീവിത പോരാട്ടങ്ങളെക്കുറിച്ചും ആസക്തി കൊണ്ടുണ്ടായ നഷ്ടത്തെക്കുറിച്ചും ഒരു പുതിയ തുടക്കത്തിനായുള്ള പ്രതീക്ഷകളെക്കുറിച്ചും തുറന്നു പറയുകയാണ് ശരത്തിന്‍റെ പുതിയ വീഡിയോയിൽ. ''ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും ഖേദിക്കുന്നു. എനിക്ക് ഒരു പുതിയ ജീവിതം വേണം. മദ്യപിച്ച് ഭിക്ഷ യാചിക്കാൻ തുടങ്ങി. ഇപ്പോൾ, ഞാൻ നയിച്ച ജീവിതം കൊണ്ട് ക്ഷീണിതനായി മാറി. വൃത്തിയായും ശരിയായും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് മാത്രമാണ് എന്‍റെ ആഗ്രഹം" - ശരത് പങ്കുവെച്ച വീഡിയോയിൽ കൃഷ്ണ പറയുന്നു. ''ഞാൻ യാഥാർത്ഥ്യത്തിൽ ജീവിച്ചിട്ടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. എന്‍റെ അഭിലാഷങ്ങൾ ഇതിനകം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് കരുതി ഒരു സ്വപ്ന ലോകത്ത് കുടുങ്ങി. വാസ്തവത്തിൽ എനിക്ക് എല്ലാം നഷ്ടപ്പെടുകയായിരുന്നു - കൃഷ്ണ കൂട്ടിച്ചേര്‍ത്തു.