മനശുദ്ധിയുണ്ടെങ്കില്‍ കൊറോണ പിടിക്കില്ല, പക്ഷേ, പൊലീസ് കേസുണ്ടാകും ; കാണാം ആര്‍മി ട്രോള്‍
First Published | Mar 16, 2020, 11:12 AM IST
ലോകം മുഴുവനും കൊറോണാ വൈറസിനെതിരെ പൊരുതുമ്പോള്‍, റിയാലിറ്റി ഷോയില്‍ നിന്ന്, ഷോയുടെ നിയമം തെറ്റിച്ചതിന് പുറത്താക്കപ്പെട്ടയാളെ എതിരേല്‍ക്കാനായി, കൊറോണാ വൈറസ് ഭീതിക്കിടയിലും മലയാളികള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിന്‍റെ ഷോയ്ക്കിടെ നിയമാവലി തെറ്റിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത്ത് കുമാറിനെ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ഷോയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍, സമൂഹമാധ്യമങ്ങളില്‍ രജിത്ത് എന്ന മത്സരാര്‍ത്ഥിക്കായി പിആര്‍ വര്‍ക്ക് ചെയ്യുന്നവര്‍, രജിത്തിനെ പുറത്താക്കിയത് ഇന്‍ജസ്റ്റിസാണെന്ന് ആരോപിച്ചാണ് വിമാനത്താവളത്തില്‍ ഒത്തുകൂടിയത്.
കൊറോണാ വൈറസ് ഭീതിമൂലം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാത്രമല്ല, ആളുകളോട് കൂട്ടം ചേരരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഈ ആരോഗ്യ നിര്‍ദ്ദേശങ്ങളൊന്നും തന്നെ പാലിക്കുവാന്‍ രജിത്ത് ആര്‍മി എന്ന ആരാധകവൃദ്ധം തയ്യാറായില്ല. ഇതേ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ത്ഥി രജിത്ത് കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കൂടാതെ വിമാനത്താവളത്തില്‍ കൂട്ടം കൂടിയതിന് കണ്ടാല്‍ അറിയാവുന്ന നാല് പേരടക്കം 75 പേര്‍ക്കെതിരെയും കേസെടുത്തു. ഇതിന് പുറകേ രജിത്തിന്‍റെ പുറത്താകലിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ ട്രോളുകളെത്തിതുടങ്ങി. കാണാം ഉയിര്‍ ആര്‍മി ട്രോളുകള്‍.