സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. വ്യൂപൊയിന്‍റുകളിൽ അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. സന്നിധാനത്ത് ജോലി ചെയ്യുന്ന എല്ലാ വിഭാഗത്തിലുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും.
സന്നിധാനത്ത് എറ്റവുമധികം തീർത്ഥാടകർക്ക് മകരവിളക്ക് കാണാൻ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ അവസാനവട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം ഒരു ലക്ഷം സ്വാമിമാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമാണൊരുക്കുന്നത്.
കാട് വെട്ടിതെളിച്ച് സ്വാമിമാര്‍ക്ക് വിശ്രമിക്കാനായി കൂടുതല്‍ പർണ്ണശാലകൾ കെട്ടാനുള്ള സൗകര്യമൊരുക്കുകയാണ്. മകരവിളക്ക് കാണാന്‍ സൈകര്യമുള്ള വ്യൂ പോയിന്‍റുകളിലെല്ലാം ബാരക്കേഡുകൾ സ്ഥാപിക്കും.
കൂടുതല്‍ ഭക്തരെത്തുന്നതിനാല്‍ നിലവിലുള്ള ശൗചാലയങ്ങളുടെ എണ്ണം കൂട്ടും. ഇവിടെ ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, എൻഡിആർഎഫ് എന്നീ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കും.
മാളികപ്പുറം, പൊലീസ് ബാരിക്കേട്, കൊപ്രക്കളം, കൊഎസ്ഇ ബി ഓഫീസ് എന്നിവിടങ്ങളിലും അപ്പാച്ചി മേട്, ഉള്‍പ്പെടെ പൊന്നമ്പലമേട് കാണാന്‍ കഴിയുന്ന പമ്പ ഹില്‍സ്, നിലയ്ക്കല്‍, അട്ടത്തോട്. ഇലവുങ്കല്‍, എന്നീ വ്യൂപോയന്‍റുകളില്‍ മറ്റന്നാളിനുള്ളില്‍ (10.1.22) എല്ലാ പണികളും തീര്‍ക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
മകരവിളക്ക് സമയത്ത് ശബരിമല ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പുതിയ ബാച്ച് നാളെ സന്നിധാനത്തെത്തും. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അടുത്തയാഴ്ചയോടെ വിന്യസിക്കും.
തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഫയർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരുടെ എണ്ണം കൂട്ടും. തിരക്ക് കാരണം പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത് പുതുതായി തുടങ്ങി. തീർത്ഥാടകർ മാസ്ക്ക് ധരിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് കർശനപരിശോധന നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.
സന്നിധാനത്തെ പാണ്ടിത്താവളം, മാളികപ്പുറം, അന്നദാനമണ്ഡപം, കൊപ്രക്കളം, എന്നിവിടങ്ങളിൽ നിന്ന് 60,000 പേർക്ക് വിളക്ക് കാണാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. പമ്പയിലെ ഹിൽടോപ്പിലും അട്ടത്തോട് ഇലവുങ്കൽ , ഇടുക്കിയിലെ പുല്ലുമേട് പാഞ്ചാലിമേട് പരുന്തുപാറ എന്നിവിടങ്ങളിലും വിളക്ക് കാണാൻ സൗകര്യമൊരുങ്ങുകയാണ്.
എരുമേലി പേട്ട തുള്ളൽ കഴിഞ്ഞ് മലകയറുന്ന തീർത്ഥാടകരിൽ സന്നിധാനത്ത് തങ്ങാൻ താല്പര്യമുള്ളവർക്ക് നാല് ദിവസം വരെ താമസിക്കാന്‍ ഇത്തവണ സൗകര്യമുണ്ടായിരിക്കും. തിരക്ക് പ്രമാണിച്ച് കെ എസ് ആർടിസി 1000 ബസുകൾ അധികമായി സർവീസ് നടത്തും.
അതിനിടെ ശബരിമലയില്‍ കൂടുതൽ പൊലീസ് വിന്യാസവുമുണ്ടാകും. വെർച്ച്വൽ ക്യൂവിൽ അവസരം കിട്ടാത്തവർക്കായി തുടങ്ങിയ സ്പോർട്ട് ബുക്കിംഗ് വൻ വിജയമാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
പതിനായിരത്തിലധികം തിർത്ഥാടകരാണ് സ്പോർട്ട് ബുക്കിംഗിൽ സന്നിധാനത്ത് എത്തുന്നത്. നേരട്ട് ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് എല്ലാ സൗകര്യവുമുണ്ടെന്നും ബോർഡ് വ്യക്തമാക്കി ഈ മാസം 14 നാണ് മകരവിളക്ക്. 10 തിയതിയോടെ ശബരിമലയിലെ മരാമത്ത് ജോലികളെല്ലാം തീര്‍ക്കാനാണ് ദേവസ്വം ബോര്‍ഡിന്‍റെ ശ്രമം. അതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പുരോഗമിക്കുകയാണ്.