സമരക്കാര്‍ ഉന്നയിച്ച് ആദ്യത്തെ ആവശ്യത്തെ തന്നെ ഇന്നലെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞിരുന്നു. അദാനിയുടെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തിരുവനന്തപുരത്തെ തീരദേശത്ത് തീരശേഷണത്തിന് കാരണമാകുന്നില്ലെന്നും അത് സംബന്ധിച്ച പഠനങ്ങളുണ്ടെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. ഇത് സമരസമിതിയുടെ നിരീക്ഷണത്തിന് ഘടക വിരുദ്ധമാണ്.
മുഖ്യമന്ത്രി തങ്ങളെ നേരിട്ട് കേള്‍ക്കണം എന്നതായിരുന്നു സമരക്കാരുടെ രണ്ടാമത്തെ ആവശ്യം. ഈ ആവശ്യവും മുഖ്യമന്ത്രി തള്ളി. ഇതോടെ സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത തീരുമാനിക്കുകയായിരുന്നു. ഓണത്തിന് സര്‍ക്കാര്‍ പ്ലോട്ടുകള്‍ നീങ്ങുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ വള്ളം കയറ്റിയ ലോറികള്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യാത്രതിരിക്കുമെന്ന് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് അഭിപ്രായപ്പെട്ടു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മുഖ്യമന്ത്രിയുടെ വീടുപടിക്കല്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതോടെ തീരദേശവാസികളും മത്സ്യത്തൊളിലാളികളും ഇന്ന് സമര സ്ഥലത്തേക്ക് രാവിലെ തന്നെ ഒഴുകിയെത്തി. മുന്‍ദിവസങ്ങളിലേക്ക് പോലെ മുല്ലൂരിലെ പൊലീസിന്‍റെ ബാരിക്കേഡും തുറമുഖ ഗേറ്റും തുറന്ന് അകത്ത് കടന്ന മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രദേശം മുഴുവനും ചുറ്റി സഞ്ചരിച്ച ശേഷമാണ് വീണ്ടും കവാടത്തിലെത്തിയത്.
കണ്ണാംതുറ, കൊച്ചുതോപ്പ്, വലിയതോപ്പ് ഇടവകകളില്‍ നിന്നുള്ളവരാണ് ഇന്ന് വിഴിഞ്ഞം സമരത്തിനെത്തിയത്. അതേസമയം, സമര സമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചർച്ച നടത്തിയേക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. എന്നാൽ ചർച്ചയുടെ സമയം സംബന്ധിച്ച് അറിയിപ്പ് കിട്ടിയില്ലെന്നാണ് സമരക്കാർ അറിയിച്ചത്.
പുനരധിവാസം ഉൾപ്പടെ 5 കാര്യങ്ങളിൽ നടപടി ഉണ്ടാകുമെന്ന് സർക്കാർ തത്വത്തിൽ ഉറപ്പ് നൽകിയിരുന്നു. ഏഴ് ആവശ്യങ്ങളായിരുന്നു സമരസമിതി ഉന്നയിച്ചിരുന്നത്. ഇതില്‍ ആദ്യത്തേത് തുറമുഖ നിര്‍മ്മാണം നിര്‍ത്തി വച്ച് ആഘാത പഠനം നടത്തണമെന്നായിരുന്നു. രണ്ടാമത്തെത് മുഖ്യമന്ത്രി നേരിട്ട് തങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കണമെന്നായിരുന്നു. ഈ രണ്ട് ആവശ്യങ്ങളും ഇടത്പക്ഷ സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
ഇതിനിടെ തുറമുഖ കവാടത്തില്‍ പോലീസ്, സമരക്കാർ എത്തിയ വാഹനങ്ങളുടെ നമ്പർ എഴുതിയെടുക്കാൻ ശ്രമിച്ചത് തർക്കത്തിന് ഇടയാക്കി. പോലീസ് ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു. പ്രശ്നം കൂടുതല്‍ വഷളാകാതിരുന്നത് സംഘര്‍ഷത്തിന് അയവ് വരുത്തി.
തുറമുഖ നിർമാണം നിർത്തിവച്ചുള്ള പഠനം അടക്കം തങ്ങളുടെ ഏഴ് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടെന്ന ഉറച്ച നിലപാടിലാണ് ലത്തീന്‍ അതിരൂപത. അടുത്ത തിങ്കളാഴ്ച (29.8.2022) വീണ്ടും കടൽ മാർഗവും കരമാര്‍ഗ്ഗവും തുറമുഖം ഉപരോധിക്കുമെന്ന് സമരസമിതി അറിയിച്ചു.
ഇതിനിടെ പദ്ധതി പ്രദേശത്തെ ക്രമസമാധാന വിഷയങ്ങളിൽ ഇന്നലെ ജില്ലാതല സർവകക്ഷി യോഗം ചേർന്നിരുന്നെങ്കിലും സമവായത്തിൽ എത്താനായിരുന്നില്ല. അതിനിടെ തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനാവില്ലെന്ന് വിഴിഞ്ഞം തുറമുഖ സമരക്കാരെ ഔദ്യോഗികമായി അറിയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. സമരസമിതിയുമായി ഇന്ന് മന്ത്രിതല സമിതി ചർച്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ ആവര്‍ത്തിച്ചു.
ചർച്ചയ്ക്കുള്ള സമയം അറിയിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ പ്രതികരണം. റവന്യൂ മന്ത്രി കെ.രാജനും ഫിഷ്റീസ് മന്ത്രി വി.അബ്ദുറഹ്മാനും ഗതാഗത മന്ത്രി ആന്‍റണി രാജുവുമാണ് സമരസമിതിയുമായി ചർച്ച നടത്തുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഏഴ് ആവശ്യങ്ങളില്‍ രണ്ടെണ്ണം തള്ളിക്കളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മണ്ണെണ്ണെ സബ്സിഡി സംസ്ഥാന സര്‍ക്കാറിന് ബാധ്യതയാകുമെന്നാണ് അറിയിച്ചത്.
മണ്ണെണ്ണ സബ്സിഡി നടപ്പാക്കാന്‍ 266 കോടി രൂപ പ്രതിവർഷം ചെലവാകും. നിലവിലെ സാഹചര്യത്തിൽ ഇത് സംസ്ഥാനത്തിന് താങ്ങാനാവില്ല. കേന്ദ്രം സഹായിച്ചാല്‍ മാത്രമാണ് ഈക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ കഴിയൂ എന്നാണ് ഇടതുുപക്ഷ സര്‍ക്കാറിന്‍റെ നിലപാട്. മണ്ണെണ്ണ സബ്സിഡി വിഷയത്തില്‍ സംസ്ഥാനം കേന്ദ്രസഹായം തേടുമെന്നും ഇക്കാര്യം സമരസമിതിയെ ബോധ്യപ്പെടുത്തുമെന്നും സർക്കാർ അറിയിച്ചു.