മുഖ്യമന്ത്രി പോകുന്ന വഴിയില്‍ കറുത്ത മാസ്കിനും വിലക്ക് ; മുഖ്യമന്ത്രിക്ക് കനത്ത സുരക്ഷ

First Published | Jun 11, 2022, 1:03 PM IST

കോട്ടയത്ത് കെജിഒഎയുടെ സംസ്ഥാന സമ്മേളനം അടക്കം മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും അസാധാരണ സുരക്ഷ ഒരുക്കി കേരളാ പൊലീസ്. മുഖ്യമന്ത്രി താമസിച്ചിരുന്ന നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള മെമ്മോറിയൽ ഹാളിലേക്ക് അദ്ദേഹത്തിന്‍റെ വാഹനം കടന്ന് പോകുന്ന വഴിക്ക് ഒന്നര മണിക്കൂർ മുമ്പ് തന്നെ പൊതുജനത്തിന്‍റെ വാഹനങ്ങൾ പൊലീസ് തടഞ്ഞിട്ടു.  ഇതിന്‍റെ പേരിൽ കോട്ടയം നഗരത്തിൽ വഴിയാത്രക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായി. കറുത്ത മാസ്ക് ധരിച്ചവർ പോലും മുഖ്യമന്ത്രി കടന്ന് പോകുന്ന വഴിയിലൂടെ പോകരുതെന്നാണ് പൊലീസ് നൽകിയ നി‍ർദേശം. കോട്ടയം നഗരത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ ജി കെ പി വിജേഷ്.

കോട്ടയം നഗരത്തിലൂടെ മുഖ്യമന്ത്രി കടന്നുപോകുന്ന പ്രധാന റോഡുകളെല്ലാം മുന്നറിയിപ്പില്ലാതെ പൊലീസ് അടച്ചു. മുഖ്യമന്ത്രി വരുന്നതിനും ഒന്നേകാൽ മണിക്കൂർ മുമ്പേയായിരുന്നു റോഡുകൾ അടച്ചത്. ബസേലിയോസ് ജംഗ്ഷൻ, കളക്ടറേറ്റ് ജംഗ്ഷൻ, ചന്തക്ക കവല, ഈരയിൽ കടവ് തുടങ്ങി കെ കെ റോഡിലെ എല്ലാ പ്രധാനകവലകളും പൊലീസ് അടച്ചിട്ടു. പ്രദേശത്ത് നിയന്ത്രണത്തിന്‍റെ പേരിൽ വൻഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഈ വഴി നടന്ന് പോയ കാൽനടയാത്രക്കാരെപ്പോലും പൊലീസ് തടഞ്ഞു വച്ചു.

എങ്ങോട്ടാണ് പോകുന്നതെന്ന് ഓരോരുത്തരോടും ചോദിച്ച്, റോഡിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുഖ്യമന്ത്രിയുടെ വാഹനം സമ്മേളന നഗരിയിലേക്കുള്ള റോഡിലേക്ക് എത്തിയതും കടന്ന് പോയതും. ഒരുപക്ഷേ കേരള രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ ഒരു മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തുന്ന ഏറ്റവും കര്‍ശനമായ സുരക്ഷയായിരുന്നു കോട്ടയം നഗരത്തില്‍ ഇന്ന് രാവിലെ കണ്ടത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി മുഖ്യമന്ത്രി കനത്ത സുരക്ഷാ വലയത്തിലാണ്.


സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലുകളെത്തുടർന്ന് പ്രതിപക്ഷത്തിന്‍റേതടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പല കലക്ടറേറ്റുകള്‍ക്ക് മുന്നിലും പ്രതിഷേധം സംഘര്‍ഷത്തിലേക്കും നീണ്ടു. 

കെജിഒഎ സമ്മേളനനഗരിയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന എല്ലാ വാഹനങ്ങളും പൊലീസ് പ്രത്യേക ഉപകരണം കൊണ്ട് വന്ന് എടുത്ത് മാറ്റി. സമീപത്ത് ബസ്സ് കാത്ത് നിന്നിരുന്ന എല്ലാവരോടും മാറി നിൽക്കാനും പൊലീസ് നിർദേശിച്ചു. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുമ്പോള്‍ നാട്ടകം ഗസ്റ്റ് ഹൗസിൽ നിന്ന് മാമ്മൻ മാപ്പിള ഹാളിലേക്കുള്ള റോഡിൽ ഒരാൾ പോലും ഉണ്ടായിരുന്നില്ല. ഒരു വാഹനം പോലും ഉണ്ടായിരുന്നില്ല. ഇത്തരത്തിൽ ഒരു മുഖ്യമന്ത്രിക്ക് വേണ്ടി, ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള വൻ സുരക്ഷാ വലയം ഒരുക്കിയപ്പോൾ പൊതുജനവും ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. 

കോട്ടയത്ത് കൈക്കുഞ്ഞുമായി മാമ്മോദീസ കഴിഞ്ഞ് വരുന്ന കുടുംബം നടുറോട്ടിൽ കുടുങ്ങിക്കിടന്നത് ഒന്നരമണിക്കൂറോളം നേരമാണ്. ''ഞങ്ങൾക്ക് വീട്ടിലേ പോകണ്ടൂ, അതല്ലാതെ മുഖ്യമന്ത്രിയെ ഞങ്ങളെന്ത് ചെയ്യാനാ?'', എന്നാണ് അന്തം വിട്ട് ആ കുടുംബം ചോദിച്ചത്. ഒടുവിലൊരു ഡിവൈഎസ്പി എത്തിയ ശേഷമാണ് ഈ കുടുംബത്തെ പൊലീസ് വിട്ടയച്ചത്. 

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തന്നെ മാധ്യമ പ്രവര്‍ത്തകരോട് വേദിയിലെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തി. നാട്ടകം ഗസ്റ്റ് ഹൌസിന് മുന്നില്‍ നിന്ന് മാധ്യമങ്ങളെ മാറ്റുകയും ചെയ്തു. അര കിലോ മീറ്റര്‍ അകലെ നിന്ന് മാത്രമാണ് മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളെടുക്കാന്‍ അനുമതിയുള്ളത്. വേദിയിലേക്കുള്ള എല്ലാ വഴിയും പൊലീസ് അടച്ചിരുന്നു. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പൊലീസ് പറയുന്നത്. 
 

Latest Videos

click me!