ടി20 ലോകകപ്പിന് മുമ്പ് ക്യാപ്റ്റന്‍ ഫോമില്‍; 'കിംഗ് കോലി' ഹാഷ്‌ടാഗുമായി എതിരേറ്റ് ആരാധകര്‍

First Published | Sep 24, 2021, 9:23 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരാധകരുടെ നീണ്ട കാത്തിരിപ്പിന് മണല്‍ക്കാറ്റിന്‍റെ ഒടുക്കം പോലെ അറുതിവരുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍(Royal Challengers Bangalore) നായകന്‍ വിരാട് കോലി(Virat Kohli). ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്(Chennai Super Kings) എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറിയുമായി കോലി ഫോമിലേക്ക് മാസ് തിരിച്ചുവരവ് നടത്തുകയായിരുന്നു. ഒരു മാസം മാത്രം അകലെയുള്ള ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ഇരട്ടി കരുത്ത് പകരുന്നതാണ് കോലിയുടെ തിരിച്ചുവരവ്. ആര്‍സിബിയുടെയും ടീം ഇന്ത്യയുടേയും ക്യാപ്റ്റന്‍ ഫോമിലേക്ക് മടങ്ങിയെത്തിയത് കിംഗ് കോലി ഹാഷ്‌ടാഗുമായാണ് ആരാധകര്‍ ആഘോഷിച്ചത്. 

ഐപിഎല്‍ പതിനാലാം സീസണിന്‍റെ രണ്ടാം ഘട്ടം യുഎഇയില്‍ തുടങ്ങിയപ്പോള്‍ കോലിക്ക് അത്ര ശുഭകരമായിരുന്നില്ല കാര്യങ്ങള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ ആദ്യ മത്സരത്തില്‍ നാല് പന്തില്‍ അഞ്ച് റണ്‍സില്‍ വീണു. 

എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ തൊട്ടടുത്ത മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിന്‍റെ ഇന്നലെകളിലേക്ക് ആരാധകരെ കോലി കൈപിടിച്ചു നടത്തി. ആര്‍സിബിയുടെ ഓപ്പണറായിറങ്ങി റണ്ണൊഴുക്കി മുന്നില്‍ നിന്ന് ടീമിനെ നയിക്കുകയായിരുന്നു കോലി. 

Latest Videos


തുടക്കം മുതല്‍ കോലിയുടെ ബാറ്റില്‍ നിന്ന് സുന്ദര ഡ്രൈവുകള്‍ ബൗണ്ടറിയിലേക്ക് ഒഴുകിയപ്പോള്‍ 36 പന്തില്‍ താരം 41-ാം ഐപിഎല്‍ ഫിഫ്റ്റിയിലെത്തി. 

ആര്‍സിബി ഇന്നിംഗ്‌സിലെ 14-ാം ഓവറില്‍ ഡ്വെയ്‌ന്‍ ബ്രാവോയുടെ രണ്ടാം പന്തില്‍ ഡീപ് മിഡ് വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്ക് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്. 41 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്തു കോലി. 

ഓപ്പണിംഗ് വിക്കറ്റില്‍ ദേവ്‌ദത്ത് പടിക്കലിനൊപ്പം 111 റണ്‍സ് കോലി ചേര്‍ത്തു. ഇതോടെ കിംഗ് കോലി ഹാഷ്‌ടാഗ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗാവുകയായിരുന്നു. 

കോലിയെ പുകഴ്‌ത്തി നിരവധി ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ടി20 ലോകകപ്പ് വരാനിരിക്കേ ഫോമിലേക്ക് കോലി മടങ്ങിയെത്തിയതിന്‍റെ സന്തോഷത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റേയും ആരാധകര്‍.

തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയെങ്കിലും മത്സരത്തില്‍ ഗംഭീര റെക്കോര്‍ഡ് നേടാനുള്ള സുവര്‍ണാവസരം കോലി കൈവിട്ടു. 13 റണ്‍സ് കൂടി നേടിയിരുന്നുവെങ്കില്‍ ടി20 ക്രിക്കറ്റില്‍ കിംഗ് കോലിക്ക് 10000 റണ്‍സ് തികയ്‌ക്കാമായിരുന്നു. 

click me!