ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമില്ലെന്നും പോസ്റ്റൽ ബാലറ്റ് ആണ് അധിക വോട്ടായി ദി വയർ റിപ്പോർട്ട് ചെയ്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്
മുംബൈ: മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ട് എണ്ണിയെന്നുള്ള ദി വയറിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ദി വയര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പുറത്ത് വിട്ടത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കുകളാണെന്നും അത് കൂട്ടാതെയുള്ള കണക്ക് ആയതിനാലാകും വയറിന് തെറ്റ് പറ്റിയതെന്നും കമ്മീഷൻ വിവരിച്ചു. ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ അന്തരമില്ലെന്നും പോസ്റ്റൽ ബാലറ്റ് ആണ് അധിക വോട്ടായി ദി വയർ റിപ്പോർട്ട് ചെയ്തതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. പോസ്റ്റൽ ബാലറ്റുകൾ ഇ വി എം വോട്ടുകളിൽ കണക്കുകൂട്ടാറില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചിട്ടുണ്ട്.
undefined
നേരത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നായിരുന്നു ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ആകെ പോള്‍ ചെയ്ത വോട്ടുകള്‍ 64,088,195 ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 66.05 ശതമാനമായിരുന്നു അന്തിമ വോട്ടിംഗ് ശതമാനം എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. ഫല പ്രഖ്യാപന ദിവസം ആകെ എണ്ണിയത് 64,592,508 വോട്ടുകളാണെന്നാണ് കണക്ക്. ഇങ്ങനെ വരുമ്പോള്‍ തിരഞ്ഞെടുപ്പ് ദിവസം പോള്‍ ചെയ്ത വോട്ടിനെക്കാള്‍ 5,04,313 അധികം വോട്ടുകള്‍ വോട്ടെണ്ണല്‍ ദിവസം എണ്ണിയെന്നാണ് ദി വയര്‍ ചൂണ്ടികാട്ടിയത്.
സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളിൽ എണ്ണിയ വോട്ടുകൾ പോൾ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ആഷ്ടി മണ്ഡലത്തിൽ പോൾ ചെയ്തതിനേക്കാൾ 4538 വോട്ട് അധികമായി എണ്ണിയെന്നും റിപ്പോർട്ട് ചൂണ്ടികാട്ടിയിരുന്നു.
അതേസമയം സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി സഖ്യം കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152 ല്‍ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റുകളാണ് ബി ജെ പി മാത്രം നേടിയത്. മൊത്തമുള്ള 288 സീറ്റിൽ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്. ഇ വി എമ്മിലടക്കം പ്രതിപക്ഷം ആരോപണമുന്നയിക്കുന്നതിനിടയിലാണ് ദി വയറിന്‍റെ റിപ്പോർട്ടും പുറത്തുവന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം