ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുത്ത് റാഷിദ് ഖാന്‍; പട്ടികയില്‍ 2 ഇന്ത്യന്‍ താരങ്ങളും

First Published | Oct 12, 2021, 5:41 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ(Sunrisers Hyderabad) നിരാശാജനകമായ പ്രകടനത്തിനിടയിലും ബൗളിംഗില്‍ തിളങ്ങിയ താരമാണ് റാഷിദ് ഖാന്‍(Rashid Khan).  ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പിലാണ് അഫ്ഗാന്‍. ലോകകപ്പ് തയാറെടുപ്പിലാണ് അഫ്ഗാനിസ്ഥാനിപ്പോള്‍.  ഇതിനിടെ ടി20 ലോകകപ്പിന്‍റെ പ്രചരണാര്‍ത്ഥം വിവിധ ടീമിലെ കളിക്കാരോട് അവരുടെ കാഴ്ചപാടില്‍ ഏറ്റവും മികച്ച 5 താരങ്ങളെ തെരഞ്ഞെടുക്കാന്‍ ആവശ്യപപെടുകയാണ് ഐസിസി. ഇതിന്‍റെ ഭാഗമായി റാഷിദ് ഖാന്‍ തെരഞ്ഞെടുത്ത 5 താരങ്ങളുടെ പട്ടികയില്‍ ന്യൂസിലന്‍ഡില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും ഓരോ താരങ്ങളും ഇന്ത്യയില്‍ നിന്ന് രണ്ടുപേരുമാണുള്ളത്. റാഷിദിന്‍റെ പട്ടിക നോക്കാം.

വിരാട് കോലി: റാഷിദിന്‍റെ പട്ടികയിലെ ആദയ പേരുകാരനാണ് ഇന്ത്യന്‍ നായകനായ വിരാട് കോലി.  വിവിധ സാഹചര്യങ്ങളില്‍ കോലി പുലര്‍ത്തുന്ന സ്ഥിരതയാണ് അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്താന്‍ കാരണമെന്ന് റാഷിദ് പറയുന്നു. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്ററും നിലവില്‍ കോലിയാണ്. 52.65 ശരാശരിയില്‍ 139.04 പ്രഹരശേഷിയില്‍ 3159 റണ്‍സാണ് കോലിയും സമ്പാദ്യം.

കെയ്ന്‍ വില്യംസണ്‍: ഐപിഎല്ലില്‍ തന്‍റെ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ നായകനും കോലിയുടെ സമകാലീനുമായ കെയ്ന്‍ വില്യംസണാണ് റാഷിദിന്‍റെ പട്ടികിയിലെ രണ്ടാമത്തെ കളിക്കാരന്‍. വില്യംസണിന്‍റെ സാന്നിധ്യം തന്നെ ഏത് ടീമിലും ശാന്തത കൊണ്ടുവരുമെന്നാണ് റാഷിദിന്‍റെ അഭിപ്രായം. 31 റണ്‍സ് ശരാശരിയില്‍ 125 പ്രഹരശേഷിയില്‍ 1805 റണ്‍സാണ് ടി20യില്‍ വില്യംസണിന്‍റെ നേട്ടം.

Latest Videos


എ ബി ഡിവില്ലിയേഴ്സ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ ഉള്‍പ്പെടെ വിവിധ ടി20 ലീഗുകളില്‍ സജീവമായ എ ബി ഡിവില്ലിയേഴ്സാണ് റാഷിദിന്‍റെ പട്ടികയിലെ മൂന്നാമന്‍. ഏത് ബൗളര്‍ക്കെതിരെയും ഏത് ഷോട്ടും കളിക്കാന്‍ കഴിയുന്ന ഡിവില്ലിയേഴ്സിന് അതിവേഗം സ്കോര്‍ ചെയ്യാനുമാവുമെന്ന് റാഷിദ് പറയുന്നു.

കീറോണ്‍ പൊള്ളാര്‍ഡ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ നെടുന്തൂണും വെസ്റ്റ് ഇന്‍ഡീസ് നായകനുമായ കീറോണ്‍ പൊള്ളാര്‍ഡാണ് റാഷിദിന്‍റെ പട്ടികയിലെ നാലാമത്തെയാള്‍. അവസാന നാലോ അഞ്ചോ ഓവറില്‍ 80-90 റണ്‍സടിക്കണമെങ്കില്‍ പൊള്ളാര്‍ഡിനെപ്പോലൊരു ബാറ്റര്‍ക്ക് കഴിയുമെന്ന് റാഷിദ് പറയുന്നു.

ഹാര്‍ദ്ദിക് പാണ്ഡ്യ: ആരാധകരെ അത്ഭുതപ്പെടുത്ത സെലക്ഷനാണ് അഞ്ചാം സ്ഥാനത്തേക്ക് റാഷിദ് നടത്തിയത്. മോശം ഫോമിന്‍റെ പേരില്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോകുമെന്ന് കരുതുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് റാഷിദിന്‍റെ ടീമിലെ അഞ്ചാമന്‍. സ്ലോഗ് ഓവറുകളില്‍ റണ്‍ചേസായാലും റണ്‍സടിച്ചുകൂട്ടാനായാലും പാണ്ഡ്യക്ക് കഴിയുമെന്ന് റാഷിദ് പറയുന്നു.

click me!