കോലിയില്ല, രോഹിത് ശര്‍മയില്ല, ലോകത്തിലെ ഏറ്റവും മികച്ച 5 ടി20 താരങ്ങളെ തെരഞ്ഞെടുത്ത് പൊള്ളാര്‍ഡ്

First Published | Oct 6, 2021, 6:22 PM IST

മുംബൈ: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals)തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിക്കുകയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍ക്കുകയും ചെയ്താല്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താം.

ഇതിനിടെ ടി20യിലെ ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് താരങ്ങളെ തെരഞ്ഞെടുത്തിരിക്കുയാണ് മുംബൈയുടെ നെടുന്തൂണായ കീറോണ്‍ പൊള്ളാര്‍ഡ്. മുംബൈ ഇന്ത്യന്‍സില്‍ തന്‍റെ നായകനായ രോഹിത് ശര്‍മയും ഇന്ത്യന്‍ നായകനായ വിരാട് കോലിയുമൊന്നും പൊള്ളാര്‍ഡിന്‍റെ പട്ടികയിലില്ല എന്നതാണ് രസകരം. പൊള്ളാര്‍ഡ് തെരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് ടി20 താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

ക്രിസ് ഗെയ്ല്‍: വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ തന്‍റെ സഹതാരവും ടി20യിലെ ഇതിഹാസവുമായ ക്രിസ് ഗെയ്‌ലാണ് പൊള്ളാര്‍ഡ് തെരഞ്ഞെടുത്ത ഒന്നാം പേരുകാരന്‍. ടി20 ക്രിക്കറ്റില്‍ മാത്രം 13000ത്തിലേറെ റണ്‍സ് നേടിയിട്ടുള്ള ഗെയ്ല്‍ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനുവേണ്ടി ഇറങ്ങിയിരുന്നെങ്കിലും കാര്യമായി തിളങ്ങാനായിരുന്നില്ല. ഒടുവില്‍ ബയോ ബബ്ബിള്‍ സമ്മര്‍ദ്ദം താങ്ങാനാവില്ലെന്ന് പറഞ്ഞ് ടീം വിട്ട ഗെയ്ല്‍ ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസിന്‍റെ ടി20 ടീമില്‍ കളിക്കുന്നുണ്ട്.

ലസിത് മലിംഗ: ശ്രീലങ്കയുടെയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെയും ബൗളിംഗ് കുന്തമുനയായിരുന്ന ലസിത് മലിംഗയാണ് പൊള്ളാര്‍ഡിന്‍റെ പട്ടികയില്‍ രണ്ടാമത്തെ താരം. അടുത്തിടെ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മലിംഗ മുംബൈക്ക് അഞ്ച് തവണ ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബൗളറാണ്.

Latest Videos


സുനില്‍ നരെയ്ന്‍: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബൗളിംഗ് കുന്തമുനയായ സുനില്‍ നരെയ്നാണ് പൊള്ളാര്‍ഡിന്‍റെ ലിസ്റ്റില്‍ ഇടം നേടിയ മൂന്നാമത്തെ താരം. 2010ല്‍ ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ നരെയ്ന്‍ തന്‍റെ ബൗളിംഗ് വൈവിധ്യം കൊണ്ട് ലോകത്തിലെ ഏത് ടീമും ആഗ്രഹിക്കുന്ന ബൗളറായി വളര്‍ന്നിരുന്നു. ടി20 ക്രിക്കറ്റില്‍ 419 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് നരെയ്ന്‍.

എം എസ് ധോണി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകനും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന എം എസ് ധോണിയാണ് പൊള്ളാര്‍ഡിന്‍റെ ലിസ്റ്റിലുള്ള ഏക ഇന്ത്യന്‍ താരം.  മികച്ച ക്യാപ്റ്റനെന്നതിലുപരി മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനുള്ള മികവുകൊണ്ടുകൂടിയാണ് ധോണി തന്‍റെ പട്ടികയില്‍ ഇടം നേടിയതെന്ന് പൊള്ളാര്‍ഡ് പറയുന്നു.

കീറോണ്‍ പൊള്ളാര്‍ഡ്: തന്‍റെ പട്ടികയിലെ അവസാന പേരുകാരന്‍ താന്‍ തന്നെയാണെന്ന് പൊള്ളാര്‍ഡ് പറയുന്നു.ടി20 ക്രിക്കറ്റില്‍ തന്‍റെ റെക്കോര്‍ഡുകളാണ് ഏറ്റവും മികച്ച അഞ്ചു പേരുടെ പട്ടികയില്‍ തനിക്ക് ഇടം നല്‍കുന്നതെന്നും മുംബൈ ഇന്ത്യന്‍സ് താരം വ്യക്തമാക്കി.

click me!