ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സിവിലിയൻ ജനതയ്‌ക്കെതിരായ ഇത്തരം ആക്രമണങ്ങൾ അചിന്തനീയവും വെറുപ്പുളവാക്കുന്നതുമാണെന്ന് അഭിപ്രായപ്പെട്ട് ചെക്ക് വിദേശകാര്യ മന്ത്രി ലിപാവ്‌സ്‌കി രംഗത്തെത്തി. എല്ലാ യുദ്ധക്കുറ്റവാളികളുടെയും ശിക്ഷയ്ക്കായി ഞങ്ങൾ നിലകൊള്ളുന്നുവെന്നും ആക്രമണ കുറ്റം വിചാരണ ചെയ്യുന്ന ഒരു പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണൽ വേഗത്തിൽ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഖാർകിവ് മേഖലയിലെ ഇസിയൂമിൽ നിന്ന് കണ്ടെത്തിയ കൂട്ടകുഴിമാടങ്ങളില്‍ അടക്കം ചെയ്ത മൃതദേഹങ്ങളെല്ലാം തന്നെ കൊടിയ പീഡനത്തിന് ഇരകളാക്കപ്പെട്ട ആളുകളുടെ ആണെന്നതിന് ശക്തമായ തെളിവ് ലഭിച്ചതായി യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു. അന്താരാഷ്ട്രാ കോടതിയില്‍ ഹാജരാക്കുന്നതിനായി യുക്രൈന്‍ സൈന്യം കൂടുതല്‍ തെളിവ് ശേഖരിക്കുകയാണ്. ഇര്‍പിനിടെ കൂട്ടകുഴിമാടം കണ്ടെത്തിയതിന് പിന്നാലെ റഷ്യയെ കുറ്റവിചാരണ ചെയ്യണമെന്ന ആവശ്യം അന്താരാഷ്ട്രാതലത്തില്‍ ശക്തമായി.
ഖാർകിവ് മേഖലയിലെ വിമോചിത പ്രദേശങ്ങളിലും വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും ഇതിനകം 10 ലധികം പീഡന മുറികൾ കണ്ടെത്തിയിട്ടുണ്ടെന്നും സെലെൻസ്‌കി പറഞ്ഞു. "യുദ്ധഭൂമിയിലും കോടതിമുറികളിലും" റഷ്യക്കാർ ഉത്തരം പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യുക്രൈനിലെ യുദ്ധക്കുറ്റങ്ങളില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ വ്യാഴാഴ്ച യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്‍റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞിരുന്നു.
യുക്രൈനെ ഡീനാസിഫൈ ചെയ്യാനുള്ള 'പ്രത്യേക സൈനിക നടപടി'യെന്നാണ് കഴിഞ്ഞ ഫെബ്രുവരി 24 മുതല്‍ തുടരുന്ന യുക്രൈന്‍ അധിനിവേശത്തെ റഷ്യ വിശേഷിപ്പിക്കുന്നത്. ബെലാറസ് സൈന്യത്തോടൊപ്പം നിന്ന് റഷ്യന്‍ സേന യുക്രൈന്‍റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്തൂടെയാണ് അധിനിവേശം തുടങ്ങിയത്. എന്നാല്‍, രണ്ട് മാസങ്ങള്‍ക്ക് ശേഷം ഈ ഭാഗങ്ങളില്‍ നിന്നും റഷ്യന്‍ സേന പിന്തിരിഞ്ഞു.
ഇതിന് പുറകെ റഷ്യന്‍ സേന കടന്ന് പോയ നഗരങ്ങളില്‍ നിന്നെല്ലാം നൂറ് കണക്കിന് യുക്രൈനികളെ കൊന്ന് കുഴിച്ചുമൂടിയ കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. യുദ്ധം ഏട്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ സേനയ്ക്ക് കനത്ത തിരിച്ചടികള്‍ നല്‍കി യുക്രൈന്‍ സേന രാജ്യത്തിന്‍റെ തെക്ക് കിഴക്കന്‍ പ്രദേശങ്ങളുടെ അധികാരം തിരിച്ച് പിടിക്കുകയാണ്. ഇതിനിടെ റഷ്യന്‍ സേന പിന്തിരിഞ്ഞോടിയ നഗരങ്ങളില്‍ നിന്നാണ് വീണ്ടും കൂട്ട കുഴിമാടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍, ഇതിനെതിരെ പ്രതികരിക്കാന്‍ ഇതുവരെ റഷ്യന്‍ സൈന്യം തയ്യാറായിട്ടില്ല. യുക്രൈന്‍റെ തിരിച്ചടിയില്‍ പതറില്ലെന്നും കിഴക്കൻ മേഖലയിലെ പ്രത്യാക്രമണ പദ്ധതിയില്‍ റഷ്യയുടെ സൈന്യം മാറ്റം വരുത്തില്ലെന്നും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതിനിടെ യുക്രൈന്‍റെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ റഷ്യന്‍ സേന നിരന്തരം അക്രമണം നടത്തുകയാണെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.
യുക്രൈനിലെ തന്ത്രപരവും സൈനികവുമായ എല്ലാ ലക്ഷ്യങ്ങളിലും റഷ്യന്‍ സേന പരാജയപ്പെടുകയാണെന്ന് യുകെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അഡ്മിറൽ സർ ടോണി റഡാകിൻ അവകാശപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇസിയം നഗരാതിര്‍ത്തിക്ക് പുറത്ത് കണ്ടെത്തിയ നൂറ് കണക്കിന് ശവക്കുഴികള്‍ക്ക് മേല്‍ തടി കൊണ്ടുള്ള കുരിശുകള്‍ സ്ഥാപിച്ചിരുന്നു. അവയിലെല്ലാം അക്കങ്ങള്‍ അടിയാളപ്പെടുത്തിയിരുന്നതായും യുക്രൈന്‍ സേന അറിയിച്ചു.
കണ്ടെത്തിയവയില്‍ ഭൂരിഭാഗം മൃതദേഹങ്ങളും സാധാരണക്കാരുടേതാണെന്ന് യുക്രൈന്‍റെ ദേശീയ പോലീസ് സർവീസ് മേധാവി പറഞ്ഞു. ഷെല്ലാക്രമണമോ ആരോഗ്യ പരിരക്ഷയുടെ അഭാവത്താലോ പീഢനം മൂലമോ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാകാം ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനികയും ഇവിടെ അടക്കിയിരിക്കാമെന്ന് കരുതുന്നുണ്ടെങ്കിലും ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ദേശീയ പോലീസ് സർവീസ് മേധാവി ഇഹോർ ക്ലിമെൻകോ അറിയിച്ചു.
400 ലധികം മൃതദേഹങ്ങൾ പ്രദേശത്ത് അടക്കം ചെയ്തിട്ടുണ്ടെന്ന് കരുതുന്നതായി യുക്രൈന്‍ അധികൃതർ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. യുക്രൈന്‍ വിമോചിപ്പിച്ച പ്രദേശങ്ങളില്‍ നിന്ന് "നിരവധി കൂട്ട ശ്മശാന സ്ഥലങ്ങൾ" കണ്ടെത്തിയതായി യുക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കിയുടെ മുതിർന്ന ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു.
'വെളിച്ചം കൂടാതെ, ഭക്ഷണമില്ലാതെ, വെള്ളമില്ലാതെ, നീതിക്ക് അവകാശമില്ലാതെ സൂക്ഷിച്ചിരിക്കുന്ന വന്യമായ ഭയാനകമായ ആളുകളെ ഞങ്ങൾ കണ്ടു. അവിടെ അധികാരമില്ലാത്തതിനാൽ ആയുധങ്ങളുമായി ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൂടെ ആളുകൾ പീഡിപ്പിക്കപ്പെട്ട പല സ്ഥലങ്ങളും ഞങ്ങൾ കണ്ടെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയ പ്രദേശങ്ങളിലേക്ക് നിരീക്ഷണ സംഘത്തെ അയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎൻ പറഞ്ഞു.
മരിച്ചവർ സിവിലിയൻമാരാണോ സൈനികരാണോയെന്നും മരണ കാരണം എന്തെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും യുഎന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് അറിയിച്ചു. യുദ്ധത്തിന്‍റെ ആദ്യ നാളുകളില്‍ തന്നെ റഷ്യന്‍ സൈന്യം ഇസിയം പിടിച്ചെടുക്കുകയും ഇവിടെ കിഴക്ക് നിന്നുള്ള റഷ്യന്‍ സൈന്യത്തെ എത്തിക്കുന്നതിനുള്ള ഒരു പ്രധാന സൈനിക കേന്ദ്രമാക്കി മാറ്റിയിരുന്നു.
"യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്നും റഷ്യൻ അധിനിവേശം എന്തിലേക്ക് നയിച്ചെന്നും ലോകം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ബുക്കാ, മരിയുപോൾ, ഇപ്പോൾ, നിർഭാഗ്യവശാൽ, ഇസിയം... റഷ്യ എല്ലായിടത്തും മരണം ഉപേക്ഷിക്കുന്നു," സെലെന്‍സ്കി രാജ്യത്തോടായി നടത്തിയ പ്രതിദിന പ്രസംഗത്തില്‍ പറഞ്ഞു. "അതിന്‍റെ ഉത്തരവാദിത്തം റഷ്യ ഏറ്റെടുക്കണം." എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തലസ്ഥാനമായ കീവിനടുത്തുള്ള ബുക്കയിലും, തെക്ക്-കിഴക്കൻ യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോളിന് സമീപവും നേരത്തെ ഇത്തരത്തില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇസിയം നഗരത്തിന്‍റെ 80 ശതമാനവും റഷ്യന്‍ സേന തകര്‍ത്തെന്ന് ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍ പറഞ്ഞു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടിയില്‍ നിന്നും ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസമാദ്യം ഇസിയം, ഖാര്‍കിസ് തുടങ്ങിയ കിഴക്കന്‍ യുക്രൈന്‍ മേഖലകളിലെ ചെറുതും വലുതുമായ നിരവധി നഗരങ്ങള്‍ റഷ്യന്‍ സൈന്യത്തില്‍ നിന്നും തിരിച്ച് പിടിച്ചതായി യുക്രൈന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. യുക്രൈന്‍ സേനയുടെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാകാതെ ആയുധവും യൂണിഫോം പോലും ഉപേക്ഷിച്ച് റഷ്യന്‍ സേന പിന്തിരിഞ്ഞ് ഓടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഫെബ്രുവരി 24 ന് പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുക്രൈന്‍ സമ്പൂർണ അധിനിവേശത്തിന് ഉത്തരവിട്ടതിന് ശേഷം യുക്രൈനില്‍ റഷ്യൻ സൈന്യം നടത്തിയ സിവിലിയന്മാരുടെ കൊലകളും ബലാത്സംഗവും ഉൾപ്പെടെ 21,000-ലധികം യുദ്ധക്കുറ്റങ്ങൾ തിരിച്ചറിഞ്ഞതായി യുക്രൈന്‍ അവകാശപ്പെട്ടു. ബുച്ചയിലും മറ്റ് സമീപ പ്രദേശങ്ങളിലും സാധാരണക്കാരെ റഷ്യന്‍ സൈന്യം ബോധപൂർവം കൊലപ്പെടുത്തിയതിന്‍റെ തെളിവ് ലഭിച്ചെന്നും യുക്രൈന്‍ അവകാശപ്പെടുന്നു.
കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി ഇന്‍റര്‍നാഷണൽ ക്രിമിനൽ കോടതി ഇതിനോടകം അന്വേഷണ സംഘത്തെയും ഫോറൻസിക് വിദഗ്ധരെയും യുക്രൈനിലേക്ക് അയച്ചു. എന്നാല്‍, യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും വ്യാജ തെളിവുകളുണ്ടാക്കുകയാണെന്ന് റഷ്യ ആവര്‍ത്തിച്ചു. ഇതിനിടെ, യുക്രൈന്‍ പ്രദേശമായിരുന്ന, റഷ്യ കീഴടക്കിയ ലുഹാന്‍സ് മേഖലയിലെ സ്വയം പ്രഖ്യാപിത ലുഹാൻസ്ക് പീപ്പിൾസ് റിപ്പബ്ലിക്കിന്‍റെ പ്രോസിക്യൂട്ടർ ജനറൽ സെർജി ഗൊറെങ്കോ കൊല്ലപ്പെട്ടു. പ്രാദേശിക തലസ്ഥാനത്തെ അദ്ദേഹത്തിന്‍റെ ഓഫീസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ ഡെപ്യൂട്ടിയോടൊപ്പമാണ് സെർജി ഗൊറെങ്കോയും കൊല്ലപ്പെട്ടതെന്ന് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.