യൂറോപ്പിലെ നാറ്റോ സഖ്യസേനയുടെ സാന്നിധ്യം സംബന്ധിച്ച റഷ്യയുടെ ആശങ്കകൾ യുഎസ് അവഗണിക്കുകയാണെന്നും പുടിന്‍ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി ഉക്രൈന്‍റെ വടക്ക്, കിഴക്കന്‍ അതിര്‍ത്തികളിലെ റഷ്യയുടെ സൈനീക സാന്നിധ്യം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.
ഇതുവരെയായി 1,00,000 നും 1,20,000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനീകര്‍ ഉക്രൈന്‍റെ വടക്ക് , കിഴക്കന്‍ അതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് യുഎസും യുകെയും ആരോപിക്കുന്നത്. കവചിത വാഹനങ്ങളും ടാങ്കുകളും മറ്റ് ആധുനീക യുദ്ധോപകരണങ്ങളും ഈ സൈന്യത്തോടൊപ്പമുണ്ടെന്നും ആരോപണമുണ്ട്. പീരങ്കികളും വെടിയുണ്ടകളും വ്യോമ സേനയെ വരെ അതിര്‍ത്തിയില്‍ റഷ്യ ഒരിക്കിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉക്രൈന്‍റെ തെക്കുള്ള ക്രിമിയ ഉപദ്വീപ് 2014 ഫെബ്രുവരിയിലെ ശൈത്യകാലത്ത് കിഴക്കൻ ഡോൺബാസ് മേഖലയിലെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ പിടിച്ചടക്കി എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, റഷ്യ വീണ്ടും മറ്റൊരു ഉക്രൈന്‍ അധിനിവേശത്തിന് പദ്ധതിയിടുന്നുവെന്ന പാശ്ചാത്യ ആരോപണങ്ങളും റഷ്യ നിഷേധിച്ചു.
കുറഞ്ഞത് 14,000 പേരെങ്കിലും കൊല്ലപ്പെട്ട, ഇന്ന് റഷ്യൻ പിന്തുണയുള്ള വിമതർ നിയന്ത്രിക്കുന്ന കിഴക്കന്‍ പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒരു അന്താരാഷ്ട്ര കരാർ നടപ്പിലാക്കുന്നതിൽ ഉക്രൈന്‍ സർക്കാർ പരാജയപ്പെട്ടെന്നും റഷ്യ ആരോപിക്കുന്നു.
റഷ്യയുടെ ഉക്രൈന്‍ അധിനിവേശം 'റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധമായിരിക്കില്ലെന്നും ഇത് ഒരു യൂറോപ്യന്‍ യുദ്ധമായിരിക്കുമെന്നും ഒരു പൂർണ്ണ തോതിലുള്ള യുദ്ധമായിരിക്കുമെന്നും' ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്കി മുന്നറിയിപ്പ് നൽകി.
"ഉക്രൈന്‍റെ സുരക്ഷയെക്കുറിച്ച് അമേരിക്കയ്ക്ക് അത്രയധികം ഉത്കണ്ഠയില്ലെന്ന് എനിക്ക് തോന്നുന്നു. എന്നാൽ റഷ്യയുടെ വികസനം നിയന്ത്രിക്കുക എന്നതാണ് അവരുടെ പ്രധാന ദൌത്യം. ഇതിൽ ഉക്രൈന്‍ ഈ ലക്ഷ്യത്തിലെത്താനുള്ള ഒരു ഉപകരണം മാത്രമാണ്." മോസ്‌കോയിൽ ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷം പുടിൻ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആണവായുധങ്ങൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്ന റഷ്യയും യുഎസും തമ്മിലുള്ള കിടമത്സരം ശീതയുദ്ധത്തിന്‍റെ (1947-89) കാലം മുതലുള്ളതാണ്. അക്കാലത്ത് കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്‍റെ നിർണായക ഭാഗമായിരുന്നു ഉക്രൈന്‍.
യൂറോപ്പിന് കിഴക്കോട്ട് നാറ്റോയുടെ കൂടുതൽ സൈനീക സഖ്യത്തെ തടയുന്നതിന് നിയമപരമായി ഉറപ്പുനൽകുന്ന സുരക്ഷാ ഗ്യാരണ്ടികൾക്കുള്ള റഷ്യയുടെ ആവശ്യത്തെ യുഎസ് അവഗണിച്ചുവെന്ന് പുടിൻ ആരോപിച്ചു. നാറ്റോ സഖ്യത്തിലേക്ക് ഉക്രൈന്‍ ചേര്‍ന്നാല്‍, അത് മറ്റ് അംഗങ്ങളെ റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തിന് പ്രേരിപ്പിക്കുമെന്നും റഷ്യ ആശങ്കപ്പെടുന്നു.
'ഉക്രെയ്ൻ ഒരു നാറ്റോ അംഗമാണെന്നും, അവര്‍ ക്രിമിയ വീണ്ടെടുക്കാൻ റഷ്യയ്ക്കെതിരെ ഒരു സൈനിക നടപടി ആരംഭിക്കുമെന്നും സങ്കൽപ്പിക്കുക, നമ്മൾ നാറ്റോയുമായി യുദ്ധം ചെയ്യാൻ പോകുകയാണോ? ആരെങ്കിലും ഇതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? അവർ ചിന്തിച്ചിട്ടില്ലെന്ന് തോന്നുന്നു.' പുടിന്‍ കൂട്ടിച്ചേര്‍ത്തു.
"റഷ്യ ഉക്രൈന്‍റെ തലയിലേക്ക് നേരെ തോക്ക് പിടിക്കുന്നു" എന്നായിരുന്നു ഉക്രൈന്‍ സന്ദര്‍ശനവേളയില്‍ റഷ്യയുടെ യുദ്ധ നീക്കത്തെ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. കൂടാതെ "സൈനിക ദുരന്തത്തിൽ" നിന്ന് പിന്മാറാൻ അദ്ദേഹം റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു.
ഒരു അധിനിവേശം റഷ്യയുടെ ഭാഗത്ത് നിന്നുമുണ്ടായാൽ ഉക്രൈന്‍ സൈന്യം തിരിച്ചടിക്കുമെന്നും തലസ്ഥാനമായ ക്രയ്വിൽ ഉക്രൈന്‍ പ്രസിഡന്‍റ് വോലോഡൈമർ സെലെൻസ്‌കിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ജോൺസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഉക്രൈനില്‍ 2,00,000 പുരുഷന്മാരും സ്ത്രീകളും ആയുധങ്ങളുമായി നില്‍ക്കുന്നു. അവർ വളരെ കഠിനവും രക്തരൂക്ഷിതമായ ചെറുത്തുനിൽപ്പ് നടത്തും. റഷ്യയിലെ മാതാപിതാക്കളും അമ്മമാരും ഈ വസ്തുതയെക്കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ കരുതുന്നു. പ്രസിഡന്‍റ് പുടിൻ സംഘർഷത്തിന്‍റെ പാതയിൽ നിന്ന് പിന്മാറുമെന്നുംഞാൻ പ്രതീക്ഷിക്കുന്നു'. ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
"ആദ്യത്തെ റഷ്യൻ സൈന്യം ഉക്രൈനിയൻ പ്രദേശത്തേക്ക് കടക്കുമ്പോൾ ഉപരോധങ്ങളും മറ്റ് നടപടികളുമായി " യുകെ റഷ്യൻ ആക്രമണത്തോട് പ്രതികരിക്കുമെന്നും ജോൺസൺ മുന്നറിയിപ്പ് നൽകി. യുകെ 88 മില്യൺ പൗണ്ട് ഉക്രൈന് നല്‍കുമെന്നും ബോറിസ് പ്രഖ്യാപിച്ചു.
സുസ്ഥിരമായ ഭരണവും റഷ്യയിൽ നിന്നുള്ള ഊർജസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനും ആയിട്ടായിരിക്കും ഉക്രൈന് പണം കൈമാറുക. എന്നാല്‍, എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തന്നെ റഷ്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് സെലന്‍സ്കി ആവശ്യപ്പെട്ടു.
റഷ്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ തങ്ങളുടെ പരിമിതമായ സൈനീക ശേഷിയെ സഹായിക്കുന്നതിനായി രാജ്യത്തെ പ്രായപൂര്‍ത്തിയായ സ്ത്രീ പുരുഷന്മാര്‍ക്ക് സൈനീക തന്ത്രങ്ങളില്‍ ഉക്രൈന്‍ കഴിഞ്ഞ മൂന്ന് മാസമായി പരിശീലനം നല്‍കുന്നു. യുദ്ധമുണ്ടാവുകയാണെങ്കില്‍ പോരാടാനായി ഉക്രൈനിലെ സാധാരണക്കാര്‍ ആത്യന്താധുനീക ആയുധങ്ങള്‍ വാങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.