പോളണ്ടിന്‍റെ അതിര്‍ത്തിയില്‍ നിന്ന് വെറും 25 കിലോമീറ്റര്‍ ദൂരത്തുള്ള ഉക്രൈന്‍റെ സൈനിക താവളത്തിന് നേര്‍ക്കായിരുന്നു റഷ്യയുടെ മിസൈല്‍ അക്രമണം. മിസൈല്‍ അക്രമണത്തിന് പിന്നാലെ റഷ്യ, അടുത്തതായി യൂറോപ്പിലെ നാറ്റോ രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് തന്‍റെ ഏറ്റവും പുതിയ വീഡിയോയില്‍ സെലെന്‍സ്കി ആരോപിച്ചു.
ഞായറാഴ്ച യാവോറിവ് സൈനിക താവളത്തിന് നേരെ റഷ്യ, 30 റോക്കറ്റുകളാണ് തെടുത്തത്. ആക്രമണത്തിൽ 35 പേർ കൊല്ലപ്പെടുകയും 134 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി സെലെന്‍സ്കി അറിയിച്ചു.
നീണ്ട ഉപരോധത്തിനിടയിലും രൂക്ഷമായ ബോംബിങ്ങ് നടക്കുന്ന തന്ത്രപ്രധാനമായ തെക്കൻ തുറമുഖ നഗരമായ മരിയുപോളിൽ 2,000 ത്തിന് മേലെ ആളുകള്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രതിരോധ വിദഗ്ദര്‍ അവകാശപ്പെട്ടു. '
'നിങ്ങൾ ഞങ്ങളുടെ ആകാശം അടച്ചില്ലെങ്കിൽ, റഷ്യൻ മിസൈലുകൾ നിങ്ങളുടെ പ്രദേശത്ത്, നാറ്റോ പ്രദേശത്ത്, നാറ്റോ പൗരന്മാരുടെ വീടുകളിൽ പതിക്കുമെന്നും' സെലെന്‍സ്കി മുന്നറിയിപ്പ് നല്‍കി.
മുന്‍ സോവിയറ്റ് റിപ്പബ്ലിക്ക് ഉള്‍പ്പെട്ടിരുന്ന ബൾഗേറിയ, സ്ലൊവാക്യ, ചെക്ക് റിപ്പബ്ലിക്, റൊമാനിയ, പോളണ്ട് എന്നീ രാജ്യങ്ങളോടും ബ്രിട്ടന്‍റെയും പേരെടുത്ത് പറഞ്ഞ് സെലെന്‍സ്കി പിന്തുണ ആവശ്യപ്പെട്ടു.
റഷ്യന്‍ പ്രസിഡന്‍റ് പുടിനുമായുള്ള ചര്‍ച്ച വളരെ ദുഷ്ക്കരമായ പാതയാണെന്നും എങ്കിലും അത് ആവശ്യമാണെന്നും സെലെന്‍സ്കി ആവര്‍ത്തിച്ചു. റഷ്യന്‍ അക്രമണം നേരിടുന്ന മരിയാപോളിലൊഴികെ മറ്റ് സ്ഥലങ്ങളില്‍ പകല്‍ സമയത്ത് മാനുഷിക ഇടനാഴികള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'
മരിയുപോള്‍ വീഴാതെ നോക്കുമെന്നും കാരണം അവര്‍ നമ്മുടെ ആളുകളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഉക്രൈന്‍റെ ചരിത്രത്തിലെ ഏറ്റവും മോശമായ പരീക്ഷണത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും എങ്കിലും പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ജീവിതത്തിൽ, നമ്മുടെ പക്കലുള്ള ഏറ്റവും വിലപ്പെട്ട വസ്തുവിനെ ഞങ്ങൾ സംരക്ഷിക്കുന്നു. നമ്മൾ പിടിച്ചു നിൽക്കണം. നമ്മൾ പോരാടണം. ഞങ്ങൾ വിജയിക്കുകയും ചെയ്യും. അതെനിക്കറിയാം. ഞാൻ അതിൽ വിശ്വസിക്കുന്നു. സെലെന്‍സ്കി തന്‍റെ ഏറ്റവും പുതിയ വീഡിയോയില്‍ പറഞ്ഞു.
യുദ്ധം തുടരുമ്പോഴും യുഎസും യൂറോപ്യന്‍ യൂണിയനും സഖ്യ കക്ഷികളും ഉക്രൈന് സാമ്പത്തിക സഹായവും സൈനിക സഹായവും നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ റഷ്യയ്ക്കെതിരെ ഇതുവരെ ഇല്ലാത്തതരത്തിലുള്ള സാമ്പത്തിക ഉപരോധവും തുടരുന്നു.
അതിനിടെ ഒരു യുഎസ് പത്രപ്രവര്‍ത്തകന്‍ റഷ്യന്‍ സൈന്യത്തിന്‍റെ വെടിയേറ്റ് മരിച്ചെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. ഫെബ്രുവരി 24 നാരംഭിച്ച റഷ്യയുടെ അധിനിവേശത്തിനിടെ കൊല്ലപ്പെടുന്ന ആദ്യ വിദേശ പത്രപ്രവര്‍ത്തകനാണ് ഇദ്ദേഹം.
'റഷ്യൻ സൈന്യത്തിന്‍റെ ബോധപൂർവമായ ആക്രമണം' എന്നാണ് സെലെൻസ്കി ഈ സംഭവത്തെ അഭിസംബോധന ചെയ്തത്. അതിനിടെ, റഷ്യയുടെ അതിമാരകമായ ബോംബിന് നേരിടുന്ന മാരിയുപോളില്‍ മാനുഷിക ദുരന്തം നേരിടുകയാണെന്ന് എയ്‌ഡ് ഏജൻസികൾ പറഞ്ഞു.
റഷ്യൻ ബോംബാക്രമണത്തിൽ മരിയുപോളില്‍ മാത്രം 2,187 ആളുകള്‍ മരിച്ചതായി സിറ്റി കൗൺസിൽ ഞായറാഴ്ച അറിയിച്ചു. ബോംബിങ്ങിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഞായറാഴ്ച മരിയുപോളിലേക്ക് കടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അറിയിപ്പില്‍ പറയുന്നു.
'യഥാർത്ഥ വംശഹത്യ നടത്തി ശത്രുക്കൾ നഗരത്തെ ബന്ദികളാക്കുന്നു,' ഉക്രെയ്‌ൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് പറഞ്ഞു. ഉക്രൈനിലുട നീളം 1,25,000 ആളുകളെ ഒഴിപ്പിച്ചതായി അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഉക്രൈന്‍ മാനുഷിക ഇടനാഴിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളെ തടയുകയും ആക്രമിക്കുകയും ചെയ്യുന്നതായി റഷ്യ ആരോപിച്ചു.
ഒരുവഴിക്ക് സാമാധാന ചര്‍ച്ചകളില്‍ റഷ്യ പങ്കെടുക്കുമ്പോള്‍ തന്നെ ഉക്രൈനിലുടനീളം റഷ്യ ബോംബിങ്ങ് നടത്തുന്നെന്നും പ്രതിരോധ മന്ത്രി റെസ്നിക്കോവ് ആരോപിച്ചു. 'അവർക്ക് അന്തസ്സും ബഹുമാനവുമില്ല, ദയയുമില്ല. ഇരുപക്ഷവും തമ്മിലുള്ള ചർച്ചയിൽ ഇതുവരെ വെടിനിർത്തൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഇന്നലെയാണ് പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കാന്‍ ഉക്രൈനിയൻ പ്രസിഡന്‍റ് കീവിലെ സൈനിക ആശുപത്രിയിലെത്തിയത്. "കുട്ടികളേ, വേഗം സുഖം പ്രാപിക്കൂ". അദ്ദേഹം സൈനികരോട് പറഞ്ഞു. താങ്കളുടെ പ്രസ്താവനയ്‌ക്കുള്ള ഏറ്റവും നല്ല സമ്മാനം ഞങ്ങളുടെ പൊതുവിജയമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നുതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം ട്വീറ്റിറില്‍ എഴുതി.
ആശുപത്രി സന്ദര്‍ശനത്തിനിടെ സായുധ സേനയിലെ 106 സൈനികർക്ക് അദ്ദേഹം 'ഹീറോസ് ഓഫ് ഉക്രൈന്‍' (Heroes of Ukraine) എന്ന പദവി നൽകി. 17 പേർക്ക് മരണാനന്തര ബഹുമതിയായാണ് പദവി നല്‍കിയത്. കെർസൺ മേഖലയിൽ 25 യൂണിറ്റ് ശത്രു ഉപകരണങ്ങളും 'ഏകദേശം 300 ആക്രമണകാരികളെയും നശിപ്പിച്ച സീനിയർ ലെഫ്റ്റനന്‍റ് ഹുത്സുൽ വോലോഡൈമർ ഒലെക്സാണ്ട്രോവിച്ചിനും 'ഹീറോസ് ഓഫ് ഉക്രൈന്‍' എന്ന പദവി നൽകി.
അതിനിടെ രാജ്യത്തിന്‍റ് തെക്ക് ഭാഗത്ത് റഷ്യ ഒരു 'കപട റിപ്പബ്ലിക്' രൂപീകരിക്കുന്നതിനെതിരെ സെലെൻസ്കി മുന്നറിയിപ്പ് നൽകി. യുദ്ധത്തിന്‍റെ തുടക്കത്തിൽ പുടിൻ 'സ്വതന്ത്ര'മായി പ്രഖ്യാപിച്ച കിഴക്കന്‍ ഉക്രൈന്‍ പ്രദേശങ്ങളായി ഡൊനെറ്റ്‌സ്കിലെയും ലുഹാൻസ്കിലെയും പോലെ തെക്ക് ഒരു ബ്രേക്ക്-അവേ പ്രദേശം രൂപീകരിക്കാനായി പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നേരെ റഷ്യക്കാർ ബ്ലാക്ക് മെയിലിംഗും കൈക്കൂലിയും ഉപയോഗിക്കുന്നുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു.
2014-ലെ ക്രിമിലിയ പിടിച്ചെടുത്ത യുദ്ധത്തിന് ശേഷം കിഴക്കന്‍ മേഖലയില്‍ റഷ്യൻ അനുകൂല വിഘടനവാദികൾ പിടിമുറുക്കിയിരുന്നു. റഷ്യ വര്‍ഷങ്ങളായി ഈ പ്രദേശത്തേക്ക് പണവും സൈനിക ഉപകരണങ്ങള്‍ നല്‍തകുന്നുണ്ട്. ഈ പ്രദേശങ്ങള്‍ സ്വതന്ത്രമാക്കാനാണ് യുദ്ധമെന്നായിരുന്നു പുടിന്‍റെ ആദ്യ വാദം.
2,90,000 ആളുകള്‍ താമസിക്കുന്ന സുപ്രധാന കരിങ്കടൽ തുറമുഖമായ ഖേർസണാണ് ഈ മാസം ആദ്യം റഷ്യ കീഴ്പ്പെടുത്തിയ ആദ്യത്തെ പ്രധാനപ്പെട്ട ഉക്രൈന്‍ നഗരം. റഷ്യ ഉക്രൈന്‍റെ തെക്ക് ഭാഗത്ത് നിയന്ത്രണം നിലനിര്‍ത്തുന്നതിനായി വ്യജ റഫറണ്ടം സംഘടിപ്പിക്കുകയാണെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ ആരോപിച്ചതിന് പിന്നാലെയാണ് സെലെന്‍സ്കിയും ആരോപണം ഉന്നയിച്ചത്.
നാറ്റോ അംഗമായ പോളണ്ടിന്‍റെ അതിർത്തിയിൽ നിന്ന് വളരെ അകലെയല്ലാത്ത, സമാധാന പരിപാലനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള ഇന്‍റർനാഷണൽ സെന്‍ററിന് നേര്‍ക്കാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തിയത്.
ഈ സെന്‍റര്‍ ഉക്രൈനും നാറ്റോ രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്‍റെ നിർണായക കേന്ദ്രമായിരുന്നു. ഇവിടേയ്ക്ക് റഷ്യ അക്രമണം വ്യാപിപ്പിച്ചതോടെയാണ് നാറ്റോയ്ക്ക് നേരെയും റഷ്യ അക്രമണം വ്യാപിക്കുമെന്ന് സെലെന്‍സ്കി മുന്നറിയിപ്പ് നല്‍കിയത്.