Ukraine Crisis: നാലാമത്തെ ജനറല്‍ അടക്കം റഷ്യയുടെ 13 ഉന്നത സൈനികര്‍ കൊല്ലപ്പെട്ടു

First Published | Mar 17, 2022, 1:44 PM IST

മൂന്നാഴ്ചത്തെ യുദ്ധത്തിനിടെ റഷ്യയുടെ നാലാമത്തെ ജനറലടക്കം 13 ഉന്നത സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതായി ഉക്രൈന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ഇതോടെ യുദ്ധമുഖത്ത് ആയുധങ്ങളോടൊപ്പം ഉന്നത സൈനിക ഓഫീസര്‍മാരുടെ കനത്ത നഷ്ടം കൂടി റഷ്യയ്ക്ക് നേരിടേണ്ടിവരുന്നു. വ്‌ളാഡിമിർ പുടിന്‍റെ നേരിട്ടുള്ള കമാൻഡിന് കീഴിലുള്ള എലൈറ്റ് സേനയിലെ ഏഴ് അംഗങ്ങൾക്കൊപ്പമാണ് ഉന്നത സൈനിക ജനറലും കൊല്ലപ്പെട്ടതെന്ന് ഉക്രൈന്‍ അവകാശപ്പെട്ടു. ഉക്രൈന്‍റെ തെക്കന്‍ നഗരമായ മരിയുപോളില്‍ പോരാടുകയായിരുന്ന റഷ്യന്‍ സൈന്യത്തിന്‍റെ 150 -ാമത് മോട്ടറൈസ്ഡ് റൈഫിൾ ഡിവിഷന്‍റെ (150th motorised rifle division) കമാൻഡറായ മേജർ ജനറൽ ഒലെഗ് മിത്യേവ് (Major-General Oleg Mityaev - 47) ആണ് ഇന്നലെ കൊല്ലപ്പെട്ട റഷ്യന്‍ ജനറല്‍. അദ്ദേഹത്തിന്‍റെ മൃതദേഹത്തിന്‍റെ ഫോട്ടോയും ഉക്രൈന്‍ പുറത്ത് വിട്ടു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ഇരുപത്തിയൊന്നാം ദിവസം പൂര്‍ത്തിയാക്കുമ്പോഴേക്കും റഷ്യൻ സൈന്യത്തിന് നാല് ജനറല്‍മാരടക്കം മൊത്തം 13 ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ നഷ്ടപ്പെട്ടെന്നും ഉക്രൈന്‍ കൂട്ടിചേര്‍ത്തു. 

സോവിയറ്റ് രഹസ്യപൊലീസ് സ്ഥാപകൻ ഫെലിക്സ് ഡിസർഷിൻസ്‌കിയുടെ (Felix Dzerzhinsky) പേരിലുള്ള ഡിസർജിൻസ്‌കി ഡിവിഷനിലെ (Dzerzhinsky Division) വിത്യാസ് സ്പെഷ്യൽ പർപ്പസ് സെന്‍ററിൽ (Vityaz Special Purpose Centre) നിന്നുള്ള 'മെറൂൺ ബെററ്റ്' (maroon beret) എന്ന പ്രത്യേക സേനയിലെ ആറ് എലൈറ്റ് പോരാളികളുടെ ഫോട്ടോകൾ പതിച്ച ഒരു വിലാപ ചിത്രം റഷ്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 

ഇതിന് പിന്നാലെയാണ് ഏഴാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് വന്നത്.  ഇതിനിടയിൽ ടെസ്റ്റ് പൈലറ്റ് ക്യാപ്റ്റൻ അലക്സാണ്ടർ ഗാർനേവ് 'പൂർണ്ണമായും മനസ്സിലാക്കാൻ കഴിയാത്ത' യുദ്ധത്തിന്‍റെ പേരിൽ തനിക്ക് ലഭിച്ചിരുന്ന നിരവധി സ്ഥാനങ്ങൾ ഉപേക്ഷിച്ചു. 'വേഗത്തിലോ പിന്നീടോ സമൂഹം നഷ്ടങ്ങളുടെ അന്തിമ കണക്ക് അറിയുകയും പരിഭ്രാന്തരാകുകയും ചെയ്യും,' എന്ന് അദ്ദേഹം പറഞ്ഞു. 


റഷ്യയുടെ ഹീറോയും ബഹുമാനപ്പെട്ട ടെസ്റ്റ് പൈലറ്റുമായ അദ്ദേഹം , ഉക്രേനിയൻ നഗരങ്ങളില്‍ 'ബോംബ് ഇടുകയും ടാങ്കുകൾ ഉപയോഗിച്ച് തകർക്കുകയും ചെയ്യുന്ന' രീതിക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു. ഇതോടെ റഷ്യയില്‍ സാധാരണക്കാര്‍ മുതല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ വരെ റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെ രംഗത്ത് വന്നു. 

യുദ്ധ ആസൂത്രണത്തിലെ പിഴവും ലോജിസ്റ്റിക്കല്‍ പിഴവുകളും മൂലം റഷ്യയുടെ വന്‍ വാഹനവ്യൂഹമടക്കമുള്ളവ ഉക്രൈന്‍റെ റോഡുകളില്‍ നിശ്ചലമായി. കടുത്ത ശൈത്യവും ചെളിയും മഞ്ഞും വാഹനങ്ങളുടെ യാത്ര മുടക്കി. ഇന്ധം തീര്‍ന്നതും ഭക്ഷ്യ ശൃംഖല തകര്‍ക്കപ്പെട്ടതും റഷ്യന്‍ സൈനികരെ ഉക്രൈനില്‍ പല സ്ഥലങ്ങളിലായി നിരായുധരാക്കി തീര്‍ത്തു.

ഇതിനിടെ പ്രസിഡന്‍റ് സെലെന്‍സ്കിയും ആത്മവിശ്വാസത്തില്‍ രാജ്യത്തിനായി പോരാട്ടമേറ്റെടുത്ത സാധാരണക്കാര്‍ റഷ്യന്‍ സൈനിക വ്യൂഹത്തെ പല നഗരങ്ങളില്‍ വച്ച് അക്രമിച്ച് നിലംപരിശാക്കി. അതോടൊപ്പം റഷ്യയുമായി അഭേദ്യ ബന്ധമുള്ള ഉക്രൈനിനെതിരെ യുദ്ധം ചെയ്യുന്നതില്‍ പട്ടാളക്കാര്‍ അതിര്‍ത്തി രേഖപ്പെടുത്തിയതും കൂടിയായപ്പോള്‍ ഉന്നതെ സൈനിക ഉദ്യോഗസ്ഥര്‍ക്ക് യുദ്ധമുഖത്തേക്ക് ഇറങ്ങിച്ചെല്ലാതിരിക്കാന്‍ കഴിഞ്ഞില്ല. 

ഇതോടെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ മരണ സംഖ്യയും കൂടി. ഉക്രൈന്‍റെ അവകാശ വാദങ്ങളോട് ഇതുവരെ റഷ്യ പ്രതികരിച്ചിട്ടില്ല. റഷ്യ പുറത്ത് വിട്ട കണക്കുകള്‍ അനുസരിച്ച് ഇതുവരെയായും ഒരു ജനറലും 498 സൈനികരും മാത്രമാണ് റഷ്യയ്ക്ക് നഷ്ടമായത്. എന്നാല്‍ 13 ഉന്നത സൈനിക ഉദ്യോഗസ്ഥരെ അടക്കം 13,500 സൈനികരെ വധിച്ചെന്ന് ഉക്രൈന്‍ അവകാശപ്പെടുന്നു. 4000 ത്തിനും 6000 ത്തിനും ഇടയില്‍ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് യുഎസിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

ദിവസങ്ങള്‍ക്കുള്ളില്‍ കീഴടക്കാന്‍ പറ്റുമെന്ന അമിത ആത്മവിശ്വാസമാണ് റഷ്യയ്ക്ക് തിരിച്ചടിയായത്. ലോകത്തില്‍ ആയുധ ശേഷിയില്‍ രണ്ടാം സ്ഥാനത്തുള്ള റഷ്യ, 22-ാം സ്ഥാനത്തുള്ള ഉക്രൈനെ വില കുറച്ച് കണ്ടു. എന്നാല്‍, പ്രതിയോഗി ശക്തനായത് കൊണ്ട് തന്നെ യുദ്ധ തന്ത്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധത്തില്‍ ഊന്നിയ ഉക്രൈന്‍റെ സൈനിക തന്ത്രം വിജയം കണ്ടു. മൂന്നാഴ്ച പിന്നിട്ടപ്പോഴും ഉക്രൈന്‍റെ പ്രധാനപ്പെട്ട 10 നഗരങ്ങളില്‍ ഒന്ന് പോലും റഷ്യയ്ക്ക് കീഴടക്കാന്‍ പറ്റിയിട്ടില്ല.

SWAT സൈനികരിൽ മോട്ടറൈസ്ഡ് റൈഫിൾ റെജിമെന്‍റിന്‍റെ (motorised rifle regiment) കമാൻഡറായ മേജർ വിക്ടർ മാക്സിംചുക് (Major Viktor Maksimchuk -44) മരിയുപോളിനടുത്ത് നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടു. പെൻസ മേഖലയിൽ നിന്നുള്ള 30 കാരനായ മിഖായേൽ ബെല്യാക്കോവ് ഫെബ്രുവരി 27 ന് കൊല്ലപ്പെട്ടിരുന്നു അദ്ദേഹത്തിന് മരണാനന്തരം ഓർഡർ ഓഫ് കറേജ് (Order of Courage) ലഭിച്ചു. 

നോവോസിബിർസ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഗാർഡ് ട്രൂപ്പിലെ ( Novosibirsk Institute of National Guard Troops) ബിരുദധാരിയായ അലക്സി ബ്ലിങ്കോവും (Alexey Blinkov) കൊല്ലപ്പെട്ടു. സമാറ മേഖല സ്വദേശിയായ മാക്സിം പുസ്റ്റോസ്വോനോവ് (Maxim Pustozvonov) ആയിരുന്നു കൊല്ലപ്പെട്ട മറ്റൊരു SWAT പോരാളി. 

മറ്റൊരു ഉന്നത റഷ്യൻ സൈനികനായ അസ്ലാൻബെക്ക് മുഖ്തറോവ് (Aslanbek Mukhtarov) -ന്‍റെ മൃതദേഹം അദ്ദേഹം കൊല്ലപ്പെട്ട് രണ്ടര ആഴ്ചകൾക്കുശേഷം യുദ്ധഭൂമിയിൽ കണ്ടെത്തുകയായിരുന്നു. റഷ്യയുടെ എയർഫോഴ്‌സ് പൈലറ്റ് ക്യാപ്റ്റൻ അലക്‌സി ബെൽക്കോവ് (Alexey Belkov) യുദ്ധവിമാനം തകർന്ന് വീണ് മരിച്ചു.

സൈബീരിയന്‍ നഗരമായ ബ്രാറ്റ്‌സ്‌കിൽ നിന്നുള്ള ഇല്യ കുബിക്ക് (Ilya Kubik) പിയോറ്റർ ടെറഷോനോക്ക് (Pyotr Tereshonok) എന്നിവരും യുദ്ധ മുഖത്ത് കൊല്ലപ്പെട്ടു. ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ മരണം പുടിന്‍റെ യുദ്ധ തന്ത്ര പരാജയമായാണ് യുദ്ധവിദഗ്ദര്‍ കണക്കുകൂട്ടുന്നത്. 

റഷ്യന്‍ അതിര്‍ത്തികളായ ബലാറൂസിലെ ഉക്രൈന്‍ അതിര്‍ത്തിയിലും സൈനിക പരിശീലത്തിനായെത്തിയ സൈനിക ട്രൂപ്പുകളോട് ഒരു സുപ്രഭാതത്തില്‍ ഉക്രൈന്‍ അക്രമിക്കാന്‍ ഉത്തരവിടുകയായിരുന്നു. യുദ്ധത്തിനിടെ ഉക്രൈന്‍ പിടികൂടിയ നിരവധി സൈനികര്‍ ഏതാണ്ട് ഒരേ കാര്യമാണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തിയതെന്ന് നേരത്തെ ഉക്രൈന്‍ തന്നെ ആരോപിച്ചിരുന്നു.

ഉക്രൈനിലെ ഭരണകൂടം നാസി വത്ക്കരിക്കപ്പെട്ടെന്നും ഭരണകൂടം ജനങ്ങളെ തടങ്കലാക്കി വച്ചിരിക്കുകയാണെന്നുമാണ് സൈനികരെ ബോധ്യപ്പെടുത്തിയിരുന്നത്. റഷ്യന്‍ സൈന്യം ഉക്രൈനിലേക്ക് കടക്കുന്നതോടെ ജനങ്ങള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുമെന്ന് ഭരണകൂടം സൈനികരെ തെറ്റിദ്ധരിപ്പിച്ചു. പുടിന്‍റെ വാക്ക് വിശ്വസിച്ച് ഉക്രൈന്‍ അതിര്‍ത്തി കടന്ന റഷ്യന്‍ സൈനികരെയും കവചിത വാഹനവ്യൂഹത്തെയും കാത്തിരുന്നത് സാധാരണക്കാരുണ്ടാക്കിയ പെട്രോള്‍ ബോംബുകളായിരുന്നു. 

ജനങ്ങളുടെ പ്രതിരോധം ഏറിയതോടെ റഷ്യന്‍ സൈനികരില്‍ പലരും കീഴടങ്ങി. ശത്രു സൈന്യത്തിന് കീഴടങ്ങിയ സൈനകരെ കാത്ത് സൈനികരിലെ തന്നെ കൊലയാളി സംഘങ്ങള്‍ റഷ്യയില്‍ കാത്തുനില്‍ക്കുമെന്നും പിടിക്കപ്പെട്ട സൈനികര്‍ ആരോപിച്ചിരുന്നു. ഉക്രൈനിലെ സാധാരണക്കാര്‍ക്ക് വേരെ വെടിവെക്കാനുള്ള ഉത്തരവുകള്‍ പല സൈനികരും അനുസരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിരവധി റഷ്യന്‍ വംശജര്‍ ജീവിക്കുന്ന ഉക്രൈനില്‍ പല സൈനികരുടെയും ബന്ധുക്കളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

യുദ്ധത്തിനെതിരെ സംസാരിച്ച ഗാർനേവ്, റഷ്യൻ അണികളിലെ അസ്വസ്ഥതയെക്കുറിച്ചും സൂചന നൽകി.  അധിനിവേശം വികസിക്കുന്നത് കാണുന്നത് 'അസഹനീയമാണ്'. റഷ്യയിലെ ക്ലബ് ഓഫ് ഹീറോസിന്‍റെ ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയുമ്പോൾ അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ സൈനികര്‍ യുദ്ധ മുഖത്ത് ഏറെ കഷ്ടപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ യുദ്ധത്തിനെതിരെ റഷ്യന്‍ തെരുവുകളില്‍ പ്രതിഷേധിച്ച 15000 പേരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 

Latest Videos

click me!