റഷ്യൻ സൈനികരുടെ തുടർച്ചയായ ബിൽഡ്-അപ്പ്, അവർ നിലയുറപ്പിച്ച രീതി, അധിനിവേശത്തിന് തുടക്കമിട്ടേക്കാവുന്ന സൈനികാഭ്യാസങ്ങളുടെ തുടക്കം എന്നിവ റഷ്യ, ഉക്രൈനെ അക്രമിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടതിന്‍റെ സൂചനയാണെന്ന യുഎസ് മുന്നറിയിപ്പ് നല്‍കുന്നു.
ഏറ്റവും പുതിയ രഹസ്യാന്വേഷണ വിലയിരുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് പുടിൻ ഉടൻ തന്നെ ഒരു അന്തിമ "ഗോ ഓർഡർ" നൽകുമെന്ന ആശങ്കയുടെ പുറത്താണ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയത്. ഫ്രാന്‍സ്, കാനഡ, ബ്രിട്ടന്‍ തുടങ്ങി നാറ്റോ സഖ്യമായ യൂറോപ്യന്‍ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി ജോ ബൈഡന്‍ ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി.
യുദ്ധഭീതി രൂക്ഷമായതിനിടെ യുകെ, കാനഡ, നെതർലാൻഡ്‌സ്, ലാത്വിയ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉക്രൈന്‍ വിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. റഷ്യൻ സേന ഇപ്പോൾ ' ഒരു വലിയ സൈനിക നടപടി സ്വീകരിക്കാൻ കഴിയുന്ന അവസ്ഥയിലാണെ'ന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പറഞ്ഞു
ഞങ്ങൾക്ക് വ്യക്തമായും ഭാവി പ്രവചിക്കാൻ കഴിയില്ല, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കൃത്യമായി അറിയില്ല, പക്ഷേ അപകടസാധ്യതയും യുദ്ധഭീതിയും ഇപ്പോൾ ഏറെ ഉയർന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, ഉക്രൈന്‍ ആക്രമണത്തിന് അന്തിമ തീരുമാനമെടുത്തോയെന്ന് അറിയില്ല. എന്നാല്‍, സൈനീക നടപടിക്ക് റഷ്യ ഒരു കാരണം തേടുകയാണെന്നും യുദ്ധമാരംഭിച്ചാല്‍ രൂക്ഷമായ വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നും ജെയ്ക് സള്ളിവൻ പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച ഉക്രൈന്‍ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ റഷ്യൻ രംഗത്തിറക്കിയിരുന്നു. അതോടൊപ്പം ബലാറസുമായി ( Belarus) ചേര്‍ന്ന് ഉക്രൈന്‍ അതിര്‍ത്തിയില്‍ സംയുക്ത സൈനീക പരിശീലനവും നടത്തി. ഉക്രൈന് തെക്ക് - പടിഞ്ഞാറ് കരിങ്കടലിലും റഷ്യൻ സൈനികാഭ്യാസം നടത്തി.
ദിവസം കഴിയും തോറും ഉക്രൈന്‍ അതിര്‍ത്തിയില്‍ വര്‍ദ്ധിച്ച് വരുന്ന സൈനീക സന്നാഹം ഏത് നിമിഷവും യുദ്ധത്തെ പ്രതീക്ഷിക്കാമെന്നതിന്‍റെ സൂചനയാണെന്നും യുഎസ് മുന്നറിയിപ്പ് നല്‍കുന്നു. ചൈനയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിന്‍റെ അവസാനത്തോടെ (ഫെബ്രുവരി 20) അത് സംഭവിക്കാമെന്നും ബ്ലിങ്കൻ മുന്നറിയിപ്പ് നല്‍കുന്നു.
റഷ്യൻ നടപടിയിൽ ഉക്രൈനില്‍ യുഎസ് പൌരന്മാരാരെങ്കിലും ഒറ്റപ്പെട്ടുപോയാല്‍ ഒരാളെ പോലും രക്ഷിക്കാന്‍ സൈന്യത്തെ അയക്കില്ലെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. യുദ്ധ സ്ഥിതി വിലയിരുത്താന്‍ ഇന്നലെ ജോ ബൈഡൻ അറ്റ്ലാന്‍റിക് നേതാക്കളുമായി വീഡിയോ കോളിൽ ബന്ധപ്പെട്ടിരുന്നു. റഷ്യയ്ക്കെതിരായ കടുത്ത സാമ്പത്തിക നടപടികള്‍ക്കുള്ള ഏകോപിത നടപടിക്ക് അവർ സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
റഷ്യയുടെ അക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നാറ്റോ സഖ്യ രാജ്യമായ പോളണ്ടിലേക്ക് 3,000 സൈനീകരെ അയക്കുമെന്നും അടുത്ത ആഴ്ചയോടെ സൈനീകര്‍ എത്തിചേരുമെന്നും യുഎസ് അറിയിച്ചു. ഉക്രൈന്‍, നാറ്റോ സഖ്യരാഷ്ട്രമല്ലാത്തതിനാല്‍ നാറ്റോ സൈനീകര്‍ക്ക് അവിടെ പ്രവേശിക്കാന്‍ കഴിയില്ല.
ഉക്രൈനിലേക്ക് യുഎസ് സൈന്യം കടന്ന് കയറില്ലെങ്കിലും യൂറോപ്പിലെ നാറ്റോ സഖ്യ രാഷ്ട്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന യുഎസ് അറിയിച്ചു. എന്നാല്‍, യുദ്ധമൊഴിവാക്കാനുള്ള അവസാന നയതന്ത്രവും പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് പാശ്ചാത്യ രാജ്യങ്ങള്‍.
ഇന്നലെ പുടിനും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും (Emmanuel Macron) തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്ന് (12.2.2022) ജോ ബൈഡനും ഇമ്മാനുവല്‍ മക്രോണും പുടിനെ സന്ദര്‍ശിക്കുമെന്ന് കരുതുന്നു.
ഇതിനിടെ ബലാറസുമായി സൈനീക അഭ്യാസം ആരംഭിച്ചതിന് പിന്നാലെ റഷ്യ, തങ്ങളുടെ കടലിലേക്കുള്ള പ്രവേശനം തടഞ്ഞെന്ന് ഉക്രൈന്‍ ആരോപിച്ചു. ഏത് സാഹചര്യത്തെയും നേരിടാന്‍ തങ്ങള്‍ തയ്യാറാണെന്ന് നാറ്റോ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു.
ഉക്രൈനില്‍ നിന്ന് എത്രയും വേഗം യുകെ പൌരന്മാരും ഒഴിഞ്ഞ് പോകണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു. റഷ്യ, സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തുകയാണെന്നായിരുന്നു ലാത്വിയയുടെ (Latvia) പ്രതികരണം. 2014 ല്‍ റഷ്യ, ഉക്രൈനില്‍ നിന്ന് ക്രിമിയ ഉപദ്വീപ് പിടിച്ചടക്കിയതിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിലൂടെയാണ് ഉക്രൈന്‍ ഇപ്പോള്‍ കടന്ന് പോകുന്നത്.
റഷ്യയുടെ അതിർത്തിക്കടുത്തുള്ള കിഴക്കൻ പ്രദേശങ്ങളിൽ റഷ്യൻ പിന്തുണയുള്ള വിമതരുമായി ഉക്രൈന്‍ സൈന്യം നിരന്തര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്നലെയും റഷ്യ കരിങ്കടലില്‍ നാവീകാഭ്യാസങ്ങള്‍ നടത്തി. കഴിഞ്ഞ പത്ത് ദിവസമായി ബലാറസുമായി ചേര്‍ന്നുള്ള സംയുക്ത സൈനീക അഭ്യാസങ്ങള്‍ നടക്കുന്നു.
ഉക്രൈന്‍ അക്രമിക്കാന്‍ റഷ്യ തീരുമാനിച്ചാല്‍, സൈനീകാഭ്യാസത്തിലേര്‍പ്പെട്ടിരിക്കുന്ന റഷ്യന്‍ സൈനീകര്‍ ഉക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പെട്ടെന്ന് നീങ്ങും. നഗരത്തിന് നേരയുള്ള അക്രമണം എളുപ്പമാക്കാനാണിത്. എന്നാല്‍, സൈനീക അഭ്യാസങ്ങള്‍ അവസാനിച്ചാല്‍ തങ്ങളുടെ സൈനീകര്‍ അവരുടെ കേന്ദ്രങ്ങളിലേക്ക് തന്നെ മടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
ഒരിക്കല്‍ യുഎസ്എസ്ആറിന്‍റെ ഭാഗമായിരുന്നു ഉക്രൈന്‍. ഇന്ന് ഒരു സ്വതന്ത്രരാഷ്ട്രമായി നില്‍ക്കുന്നു. എന്നാല്‍, യുഎസ് നിയന്ത്രണത്തിലുള്ള നാറ്റോ സൈനീക സഖ്യമാകാനുള്ള ഉക്രൈന്‍റെ തീരുമാനം തങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് റഷ്യ കരുതുന്നു.
ഉക്രൈന്‍റെ ഈ പാശ്ചാത്യ പ്രതിരോധ സഖ്യ പ്രഖ്യാപനത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് റഷ്യയുടെ നിലപാട്. 14,000 ത്തോളം പേര്‍ മരിച്ച 2014 ലെ ക്രിമിയ യുദ്ധത്തിന് ശേഷം ഉടലെടുത്ത മിൻസ്‌ക് കരാറുകൾ പാലിക്കപ്പെടണമെന്നാണ് റഷ്യയുടെ ആവശ്യം. എന്ന് ഉക്രെയ്ൻ, റഷ്യ, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങള്‍ കരാറിനെ അംഗീകരിച്ചിരുന്നു.
കഴിഞ്ഞ കുറേ മാസങ്ങളായി ഉക്രൈന്‍ ഏത് നിമിഷവും റഷ്യന്‍ ആക്രമണത്തെ പ്രതീക്ഷിച്ചാണ് ഓരോ ദിവസവും ഉണരുന്നത്. ഈ വര്‍ദ്ധിച്ച് വരുന്ന സംഘര്‍ഷത്തെ നേരിടാന്‍ സാധാരണക്കാര്‍ക്കും സൈനീക പരിശീലനം നല്‍കുകയാണ് ഉക്രൈന്‍. നാറ്റോയുടെ സൈനീക പിന്തുണയില്ലെങ്കലും ആയുധ പിന്തുണയുണ്ടെന്നത് മാത്രമാണ് ഉക്രൈന്‍റെ ഏക ആശ്വാസം.
അതിനിടെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി 20 അടിയുള്ള മേശയുടെ രണ്ട് വശങ്ങളിലായി ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നു. റഷ്യയുടെ അതൃപ്തിയാണ് ഈ അകലമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റഷ്യയുടെ കൊവിഡ് പരിശോധ നിഷേധിച്ചതിനാല്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമുള്ള അകലം സ്വീകരിച്ചതാണെന്നുള്ള വിശദീകരണം പുറകെ വന്നു.