Russia Ukraine conflict: ഇന്‍ഷുറന്‍സ് പുതുക്കില്ല; ഉക്രൈന്‍റെ വ്യോമപാത വിട്ട് വിമാനങ്ങള്‍

First Published | Feb 14, 2022, 4:50 PM IST

ഷ്യ ഏത് നിമിഷവും ഉക്രൈന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ മിക്കതും റദ്ദാക്കപ്പെട്ടു. യുഎസിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ചില വിമാനക്കമ്പനികള്‍ ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയത്. അതേ സമയം വാണിജ്യ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമമേഖലയില്‍ പ്രവേശിക്കാനായി ഉക്രൈന്‍ 400 കോടി ഡോളര്‍ വാഗ്ദാനം ചെയ്തു. എങ്കിലും നിലവിലെ സ്ഥിതിയില്‍ വിമാനങ്ങള്‍ അയക്കാന്‍ കഴിയില്ലെന്ന് നിലപാടിലാണ് പല വിമാനക്കമ്പനികളും. ജര്‍മ്മന്‍, ഡെച്ച് വിമാനകമ്പനികളാണ് ആദ്യമായി ഉക്രൈനിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചത്. ഇതിനിടെ റഷ്യന്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ റഷ്യക്കാര്‍ തങ്ങളുടെ രാജ്യത്ത് കടക്കുന്നതിനെ ഉക്രൈന്‍ വിലക്കി. 

2014 ല്‍ ഉക്രൈനിലെ റഷ്യന്‍ വിമത മേഖലയിലൂടെ പറക്കുകയായിരുന്ന ഡച്ച് യാത്രവിമാനം  MH17 എന്ന ജെറ്റ്‌ലൈനർ  വെടിവച്ച് വീഴ്ത്തപ്പെട്ടിരുന്നു. റഷ്യയാണ് ഇത് ചെതതെന്ന് അന്ന് ലോകരാഷ്ട്രങ്ങള്‍ അപലപിച്ചു. എന്നാല്‍, പതിവ് പോലെ റഷ്യ ഇത് നിഷേധിക്കുകയും ചെയ്തു. അന്ന് ആ വിമാനത്തിലുണ്ടായിരുന്ന 198 ഡെച്ച് പൌരന്മാരുള്‍പ്പെടെ 298 പേരാണ് മരിച്ചത്. 

ഈ അനുഭവം മുന്നിലുള്ളത് കൊണ്ടാണ് തങ്ങള്‍ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തുന്നതെന്നാണ് ഡച്ച്  ഡച്ച് കാരിയർ കെഎല്‍എം അറിയിച്ചത്. ഉക്രേനിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ വിമാനകമ്പനികള്‍ വിസമ്മതിച്ചതോടെ ഉക്രേനിയൻ വിമാനക്കമ്പനിയായ സ്കൈഅപ്പിന്‍റെ പല റൂട്ടുകളും പുനക്രമീകരിക്കേണ്ടിവന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


റഷ്യന്‍ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്ന് യുഎസ് മുന്നറിയിപ്പിന് പിന്നാലെ ഉക്രൈനിലെ ഗതാഗത സംവിധാനങ്ങള്‍ താറുമാറായെന്നാണ് വിവരം. ഡെച്ച്, ജര്‍മ്മന്‍ വിമാനകമ്പനികള്‍ ഉക്രൈനിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവച്ചതിന് പിന്നാലെ മറ്റ് വിമാനകമ്പനികളും സര്‍വ്വീസ് നിര്‍ത്തുമോയെന്ന് ആശങ്കയിലാണ് ഉക്രൈന്‍. 

അങ്ങനെ സംഭവിച്ചാല്‍ ഉക്രൈനിലേക്കുള്ള സാധനങ്ങളുടെ വരവ് കുറയും. നിലവില്‍ കരിങ്കടലില്‍ റഷ്യന്‍ സേന പരിശീലനം നടത്തുന്നതിനാല്‍ കടല്‍ വഴിയുള്ള ചരക്ക് ഗതാഗതം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. വ്യോമമാര്‍ഗ്ഗവും നിരോധനം വന്നാല്‍ ഉക്രൈനിലെ ദൈനം ദിന ജീവിതത്തെ അത് സാരമായി ബാധിക്കും.

താമസിയാതെ വാണിജ്യ വിമാനങ്ങളുടെ 'നോ-ഫ്ലൈ സോൺ' ആയി ഉക്രൈന്‍ മാറുമെന്ന് ഏവിയാന്യൂസ് (Avianews) മുന്നറിയിപ്പ് നൽകി. ഇത് മറികടക്കണമെങ്കില്‍ ഉക്രൈന്‍ ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയവും അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികളും എയർലൈനുകളും തമ്മിൽ ഒരു കരാർ ഉണ്ടാക്കണം. അല്ലാത്തപക്ഷം ഉക്രൈന്‍ വ്യോമഗതാഗതം ക്രമേണ നിശ്ചലമാകുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ഉക്രൈനിലേക്കും പുറത്തേക്കുമുള്ള ശേഷിക്കുന്ന വാണിജ്യ വിമാനങ്ങൾ നാളെ മുതൽ നിലയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും വിമാനക്കമ്പനികൾ സർവീസ് തുടരുകയാണെന്നും ഉക്രൈന്‍ ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം അറിയിച്ചു. 

എയർ സ്‌പേസ് വഴിയുള്ള വിമാനങ്ങൾ സര്‍വ്വീസ് തുടരുന്നതിന് ഗ്യാരന്‍റി നൽകാൻ സർക്കാർ 16.6 ബില്യൺ ഹ്രിവ്‌നിയ (436 മില്യൺ പൗണ്ട്) അനുവദിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഗൽ അറിയിച്ചു. വിമാന കമ്പനികൾക്കായി ഉക്രൈന്‍ വ്യോമപാത സുരക്ഷ ഉറപ്പാക്കുക, അപകടം സംഭവിച്ചാല്‍ ഇൻഷുറൻസ്, ലീസിംഗ് എന്നിവയ്ക്കും തുക ചിലവിടും. 

ഈ തീരുമാനം ഉക്രൈനില്‍ നിന്ന് പോകുന്ന വിദേശികള്‍ക്കും വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഉക്രൈനികള്‍ക്ക് തിരികെ നാട്ടിലെത്താനും ഉപകരിക്കും. യുഎസും റഷ്യയും നടത്തിയ അവസാന ചര്‍ച്ചയും അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു വ്യോമപാതയിലെ പ്രശ്നങ്ങള്‍ ആരംഭിച്ചത്. 

റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഭയം വർദ്ധിച്ചതിനാല്‍ ലണ്ടനിലെ ഇൻഷുറൻസ് ഭീമനായ ലോയ്ഡ്സ് ഉക്രൈനിന്‍റെ  വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്ന വിമാനങ്ങൾക്കുള്ള കവറേജ് താൽക്കാലികമായി നിർത്തിവയ്ക്കാൻ പോവുകയാണെന്ന് ഉക്രൈന്‍ പ്രസിദ്ധീകരണമായ ഉക്രൈന്‍സ്ക പ്രാവ്ദ റിപ്പോർട്ട് ചെയ്തു. 

തിങ്കളാഴ്ച മുതൽ ഉക്രൈന്‍ വ്യോമാതിർത്തിയിലെ എല്ലാ സംഘർഷ സാധ്യതാ ഇൻഷുറൻസുകളും താൽക്കാലികമായി നിർത്തലാക്കുമെന്ന് റീഇൻഷുറർമാരായ ലോയ്ഡ്സ് പ്രഖ്യാപിച്ചതായി ഉക്രേനിയൻ ഇൻഷുറൻസ് സ്ഥാപനമായ എക്‌സ്‌പോ മേധാവി അനറ്റോലി ഇവാൻസിവ് ഇന്‍റർഫാക്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

'പിരിമുറക്കം' വര്‍ദ്ധിപ്പിക്കാനുള്ള പുടിന്‍റെ തന്ത്രമാണ് ചര്‍ച്ച അലസാനുള്ള കാരണമെന്ന് പ്രതിരോധ വകുപ്പ് വക്താവ് ജോൺ കിർബി ആരോപിച്ചു. ഉക്രൈനെതിരായ ആക്രമണം ജനാധിപത്യത്തിന് നേര്‍ക്ക് മൊത്തത്തിലുള്ള ആക്രമണത്തിന് തുല്യമാണെന്ന്  യുഎസ് ഹൗസ് സ്പീക്കർ, റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. 'യുദ്ധം ഒരു ഉത്തരമല്ല' എന്ന് പുടിന് അറിയാമെന്നും നാന്‍സി പെലോസി (Nancy Pelosi) പറഞ്ഞു.

അതിനിടെ പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധ ഭീഷണിക്കിടെ റഷ്യ കൂടുതൽ 'സ്വയംപര്യാപ്തത' നേടിയെന്ന് സ്വീഡനിലെ റഷ്യൻ അംബാസഡർ വിക്ടർ ടാറ്ററിൻസെവ് അവകാശപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങൾ തന്‍റെ രാജ്യത്തെ മനസ്സിലാക്കുന്നില്ലെന്ന് അദ്ദേഹം അപലപിച്ചു.  'ഞങ്ങൾ കൂടുതൽ സ്വയംപര്യാപ്തരാണ്, ഞങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ഞങ്ങൾക്ക് ഇറ്റാലിയൻ അല്ലെങ്കിൽ സ്വിസ് ചീസുകളൊന്നുമില്ല, പക്ഷേ ഇറ്റാലിയൻ, സ്വിസ് പാചകക്കുറിപ്പുകൾ ഉപയോഗിച്ച് മികച്ച റഷ്യൻ ചീസുകൾ ഉണ്ടാക്കാൻ ഞങ്ങൾ പഠിച്ചു.' അദ്ദേഹം പറഞ്ഞു. 

റഷ്യൻ അധിനിവേശം 'ആസന്നമായിരിക്കുകയാണെന്നും', റഷ്യയും ഉക്രെയ്നും തമ്മിലുള്ള സംഘർഷം 'നിർണ്ണായക' ഘട്ടത്തിൽ എത്തിയിരിക്കുകയാണെന്നും ജർമ്മനി മുന്നറിയിപ്പ് നൽകി. ഇതോടെ ഉക്രൈനില്‍ നിന്നുള്ള ജര്‍മ്മന്‍കാര്‍ സ്വന്തം രാജ്യത്തേക്ക് തിരികെ പോകാന്‍ ആരംഭിച്ചു. 

1,30,000 റഷ്യൻ സൈനികരും കനത്ത ആയുധങ്ങളും ധാരാളം ആക്രമണ ഹെലികോപ്റ്ററുകളും ഉക്രൈന്‍  അതിർത്തിയിൽ തമ്പടിച്ചിട്ടുണ്ടെന്ന് ബ്രിട്ടന്‍റെ വടക്കൻ അയർലൻഡ് സെക്രട്ടറി ബ്രാൻഡൻ ലൂയിസ് ആരോപിച്ചു.  ഒരു അധിനിവേശം നടന്നാൽ ഉക്രൈനില്‍ നിന്ന് ദശലക്ഷക്കണക്കിന്  അഭയാർത്ഥികളുണ്ടാകുമെന്നും വ്‌ളാഡിമിർ പുടിന് 'എപ്പോൾ വേണമെങ്കിലും' ഉക്രൈന്‍ ആക്രമിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 

ഫെബ്രുവരി 12 ന്, ലോകത്തിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനികൾ ഉക്രൈന്‍ എയർ കാരിയറുകളെ 48 മണിക്കൂറിനുള്ളിൽ ഉക്രേനിയൻ വ്യോമാതിർത്തിയിലെ വിമാനങ്ങൾക്കായി ഇൻഷുറൻസ് ചെയ്യുന്നത് നിർത്തുമെന്ന് അറിയിച്ചു. അത്തരമൊരു തീരുമാനം ശത്രുത പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഉക്രൈന്‍  ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം ആരോപിച്ചു. 

എന്നാല്‍, ഉക്രൈന്‍ എയർ സ്പേസ് ഇപ്പോഴും തുറന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര റൂട്ടുകളിൽ പറക്കുന്നത് തുടരുന്നതിന് കാരിയറുകൾക്ക് 'അധിക സാമ്പത്തിക ഗ്യാരണ്ടി' വാഗ്ദാനം ചെയ്യുന്നതായും  മന്ത്രാലയം അറിയിച്ചു. ഉക്രൈന്‍റെ വ്യോമാതിർത്തി അടയ്ക്കുന്നത് അസംബന്ധമാണെന്നും ഇത് ഭാഗിക ഉപരോധത്തിന് തുല്യമാണെന്നും ഉക്രൈന്‍ പ്രസിഡന്‍റ് ചീഫ് ഓഫ് സ്റ്റാഫ് മൈഖൈലോ പോഡോലിയാക് റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

റഷ്യയുടെ കുപ്രസിദ്ധമായ ജിആര്‍യു ചാര വിഭാഗത്തിലെ ആളുകള്‍ മുൻനിരയിൽ നിന്ന് ആക്രമണം നടത്തി അധിനിവേശത്തിന് നേതൃത്വം നൽകുന്നതിനായി ഇതിനകം തന്നെ ഉക്രൈനിലേക്ക് നുഴഞ്ഞുകയറിയതായി സംശയമുയര്‍ന്നതിനെ തുടര്‍ന്നാണ് ഉക്രൈന്‍ റഷ്യക്കാര്‍ക്ക് മുന്നില്‍ തങ്ങളുടെ അതിര്‍ത്തികള്‍ അടച്ചത്. യുദ്ധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉക്രൈന്‍  സൈനികനിയമം കൊണ്ടുവരുന്നത് പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. 
 

undefined

Latest Videos

click me!