തീ പിടിത്തം; ക്യൂബയിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ടെര്‍മിനലും കത്തി; ഇന്ധന പ്രതിസന്ധി രൂക്ഷമാകും

First Published | Aug 9, 2022, 4:06 PM IST

ക്യൂബയിലെ മന്‍റാന്‍സസിലെ (Matanzas) പ്രധാന എണ്ണ ടെർമിനലിൽ മൂന്നാമത്തെ ക്രൂഡ് ടാങ്കും തീപിടിച്ച് തകർന്നു. പതിറ്റാണ്ടുകൾക്ക് ശേഷമാണ് ക്യൂബ രാജ്യത്തെ ഏറ്റവും വലിയ എണ്ണ വ്യവസായ അപകടത്തെ നേരിടുന്നത്. രണ്ട് ദിവസം മുമ്പാണ് എണ്ണ ടെര്‍മിനലുകളില്‍ തീപടര്‍ന്നത്. രണ്ടാമത്തെ ടാങ്കിലുണ്ടായ എണ്ണ ചോർച്ച തീ പിടിത്തത്തില്‍ കലാശിക്കുകയായിരുന്നു. മെക്‌സിക്കോ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായം ലഭിച്ചതിനെത്തുടർന്ന് എണ്ണ ടെര്‍മിനലുകളിലെ തീ നിയന്ത്രിക്കുന്നതില്‍ ക്യൂബ പുരോഗതി കൈവരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതിനിടെ ഞായറാഴ്ച രണ്ടാമത്തെ ടാങ്കിൽ നിന്നും വീണ്ടും തീ ഉയര്‍ന്നു. ശക്തമായ തീയില്‍ രണ്ടാമത്തെ ടെര്‍മിനല്‍ തകര്‍ന്ന് വീണെന്ന് മന്‍റാന്‍സസ് പ്രവിശ്യയുടെ ഗവർണർ മരിയോ സബൈൻസ് പറഞ്ഞു. തലസ്ഥാനമായ ഹവാനയിൽ നിന്ന് മന്‍റാന്‍സസിലേക്ക് 130 കിലോമീറ്റർ ദൂരമാണുള്ളത്. നാലാമത്തെ ടാങ്ക് അപകടാവസ്ഥയിലാണെങ്കിലും ഇതുവരെ തീപിടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ക്രൂഡ് ഓയിലും ഇന്ധന ഇറക്കുമതിയും ചെയ്യുന്ന ക്യൂബയിലെ ഏറ്റവും വലിയ തുറമുഖമാണ് മന്‍റാന്‍സസ് (Matanzas). ക്യൂബൻ ഹെവി ക്രൂഡും  അതുപോലെ മന്‍റാന്‍സസില്‍ സംഭരിച്ചിരിക്കുന്ന ഇന്ധന എണ്ണയും ഡീസലും പ്രധാനമായും ദ്വീപിലെ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. 

ഒരു ടാങ്കിൽ നിന്ന് അടുത്തതിലേക്ക് പോകുന്ന ഒരു "ഒളിമ്പിക് ടോർച്ച്" പോലെയാണ് മന്‍റാന്‍സസിനെ ടാര്‍മിനലുകളില്‍ തീ പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാങ്കുകള്‍ ഓരോന്നും ഒരു ദ്രാവകങ്ങള്‍ തിളപ്പിക്കുന്ന വലിയ പാത്രങ്ങളെ പോലെയായി മാറിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ മൂന്ന് ടാങ്കുകളെയും മൂടി പുകയും തീയും ഉയരുകയാണ്. അനിയന്ത്രതമായി ഉയരുന്ന തീജ്വാലകളും കറുത്ത പുകയും സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നത് സങ്കീർണ്ണമാക്കുന്നു. 


ശനിയാഴ്ച ആദ്യമായി രണ്ടാമത്തെ ടാങ്കില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഒരു അഗ്നിശമന സേനാംഗം മരിക്കുകയും 16 പേരെ കാണാതാവുകയും ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്. ക്യൂബന്‍ സര്‍ക്കാറിന്‍റെ ഔദ്ധ്യോഗിക ടെലിവിഷന്‍ ചാനല്‍ ശനിയാഴ്ച മുതല്‍ തീപിടിത്തം തത്സമയം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തിന്‍റെ ഊര്‍ജ്ജ, സാമ്പത്തിക മേഖലയെ ഏറെ ബാധിക്കാന്‍ സാധ്യതയുള്ള അപകടമാണിത്. 

കമ്മ്യൂണിസ്റ്റ് ഭരണം നിലനില്‍ക്കുന്ന ക്യൂബ, കൊവിഡ് കാലം മുതല്‍ വന്‍ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഇതിനിടെ ഇത്രയും വലിയൊരു അപകടം രാജ്യത്ത് സംഭവിച്ചതോടെ പ്രതിസന്ധി കനത്തു. പാചകവാതക ക്ഷാമം, ഭക്ഷ്യക്ഷാമം തുടങ്ങി രാജ്യം പല വിധ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്. അതിനിടെയാണ് ഈ സംഭവവും. 

രാജ്യത്തെ പവർ ഗ്രിഡ് 90 % ത്തിലധികം പ്രാദേശികവും ഇറക്കുമതി ചെയ്യുന്നതുമായ ഇന്ധനത്തെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.  രാജ്യത്തെ ഇന്ധന ഇറക്കുമതിയെ ഇന്ധന ടാങ്കുകളിലെ തീ പിടിത്തം ചോദ്യം ചെയ്തുന്നതായി ഓസ്റ്റിനിലെ ലാറ്റിൻ അമേരിക്കയിലെ ടെക്സസ് യൂണിവേഴ്സിറ്റി ഡയറക്ടർ ജോർജ് പിനോൺ അഭിപ്രായപ്പെട്ടു. 

“ക്യൂബൻ ക്രൂഡ് ഓയിൽ സംസ്കരണം, ഇനി വൈദ്യുത ഉപയോഗത്തിനായി ഇന്ധനം ഉത്പാദിപ്പിക്കാൻ എവിടെ പോകും എന്നതാണ് ഇപ്പോൾ നേരിടുന്ന പ്രധാന ചോദ്യം. കാരണം മന്‍റാന്‍സസിലെ ഇന്ധന വിതരണം പൈപ്പ്‌ലൈനുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്നു,” പിനൺ പറഞ്ഞു. മന്‍റാന്‍സസിലെ നാല് ടാങ്കുകളിലും കൂടി 2.4 ദശലക്ഷം ബാരൽ സൂക്ഷിക്കാനുള്ള ശേഷിയുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതില്‍ മൂന്ന് ടാങ്കുളിലാണ് ഇതുവരെയായും തീ പടര്‍ന്നിരിക്കുന്നത്. 

ടാങ്കുകൾ, പൈപ്പ് ലൈനുകൾ, വാൽവുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും ഡോക്കുകളെ തീപിടുത്തം ബാധിച്ചിട്ടില്ലെങ്കിലും, റിഫിനിറ്റീവ് ഐക്കൺ മോണിറ്ററിംഗ് സർവീസ് ചെയ്യുന്ന റഷ്യൻ സംഘം മന്‍റാന്‍സസിലേക്ക് യാത്രതിരിക്കാനിരുന്ന ഇന്ധന കപ്പലിനെ അപകടത്തെ തുടര്‍ന്ന് ഇനി അയക്കാന്‍ സാധ്യതയില്ലെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. 

വലിയ കപ്പലുകൾ സ്വീകരിക്കാന്‍ ശേഷിയുള്ള ക്യൂബയിലെ ടെർമിനലാണ് മന്‍റാന്‍സസ്. അവശേഷിക്കുന്ന ടാങ്കിലെ ഇന്ധനം കപ്പലിൽ നിന്ന് കപ്പലിലേക്ക് ചരക്ക് മാറ്റാൻ കഴിവുള്ള തുറമുഖത്ത് നിന്ന് നീക്കം ചെയ്യാന്‍ നിർബന്ധിതരായേക്കാമെന്നും പിനൺ പറയുന്നു. അതിനാൽ അവശേഷിക്കുന്ന ക്രൂഡ് ഓയില്‍ സിൻഫ്യൂഗോസിലോ ഹവാന റിഫൈനറികളിലേക്കോ മാറ്റി ശുദ്ധീകരിക്കാൻ സാധിക്കും. 

വർഷത്തിലെ ഏറ്റവും ചൂടേറിയ മാസങ്ങൾ തീരുന്നതോടെ പ്രതിസന്ധി കൂടുതൽ വഷളാകുമെന്ന് പ്രദേശവാസികൾ ഭയം പ്രകടിപ്പിച്ചു. "ലൈറ്റുകളോ ഗ്യാസോ ഇപ്പോള്‍ തന്നെ ഇല്ല. അതാണ് യാഥാര്‍ത്ഥ്യം" എന്ന് ഹവാന നിവാസിയായ പിയ ഫെറർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ, തുറമുഖത്ത് നിന്നും ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പവർ പ്ലാന്‍റ്  അടച്ചതായി അധികൃതർ അറിയിച്ചു. ഇതിനകം വൈദ്യുത പ്രതിസന്ധിയിലായ രാജ്യത്തിന് ഇത് കനത്ത തിരിച്ചടിയാകും. 

Latest Videos

click me!