Chinese Warplanes: 13 ചൈനീസ് യുദ്ധവിമാനങ്ങള്‍ വ്യോമപരിധി ലംഘിച്ചതായി തായ്‍വാന്‍

First Published | Mar 15, 2022, 4:22 PM IST

രിശീലനത്തിനിടെ തങ്ങളുടെ ഒരു യുദ്ധവിമാനം തകര്‍ന്ന് വീണതിന് പുറകെ, ചൈന തങ്ങള്‍ക്ക് നേരെ 13 യുദ്ധ വിമാനങ്ങള്‍ അയച്ചെന്ന് തായ്‍വാന്‍റെ പ്രതിരോധ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഇന്നലെ രാവിലെയോടെയാണ് തായ്‍വാന്‍റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങളെ കണ്ടതെന്നാണ് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം മൂന്നാമത്തെ ആഴ്ചയിലേക്ക് കടക്കുന്നതിനിടെ പുറത്ത് വന്ന തായ്‍വാന്‍റെ വെളിപ്പെടുത്തല്‍ ലോകം ഏറെ ആശങ്കയോടെയാണ് കാണുന്നത്. മൂന്നാമത്തെ ആഴ്ചയിലേക്ക് ഉക്രൈന്‍ അധിനിവേശം നീണ്ടതോടെ സാമ്പത്തിക സഹായത്തിനും ആയുധത്തിനും റഷ്യ, ചൈനയുമായി ബന്ധപ്പെട്ടെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് തായ്‍വാന്‍റെ ആകാശത്ത് 13 ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടതെന്നതും ശ്രദ്ധേയമാണ്. 

Chinese president Xi Jinping

കഴിഞ്ഞ ജനുവരിയില്‍ 39 ചൈനീസ് യുദ്ധ വിമാനങ്ങളാണ് തായ്‍വാന്‍റെ ആകാശത്ത് പറന്നത്. അതിന് ശേഷം ചൈനയുടെ യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ ആകാശ പരിധി കടക്കുന്നത് ആദ്യമായാണെന്നും തായ്‍വാന്‍ അവകാശപ്പെട്ടു. 

Taiwan president Tsai Ing-wen

കഴിഞ്ഞ ഓക്ടോബറില്‍ 50 ഓളം യുദ്ധ വിമാനങ്ങളാണ് ചൈന തായ്‍വാന് നേര്‍ക്കയച്ചത്. ഇതിനെതിരെ തായ്‍വാന്‍ പരാതിപ്പെട്ടെങ്കിലും തായ്‍വാന്‍ തങ്ങളുടെ ഭൂഭാഗത്തിന്‍റെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്. 


തങ്ങളുടെ ആകാശത്ത് ചൈനീസ് യുദ്ധ വിമാനങ്ങള്‍ കണ്ടെന്ന പരാതി പല തവണ തായ്‍വാന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തായ്‍വാന്‍റെ പരമാധികാരം അംഗീകരിക്കാന്‍ ചൈന തയ്യാറല്ല. ടിബറ്റ് പോലെ തായ്‍വാനും ചൈനീസ് പ്രവിശ്യയാണെന്നാണ് ചൈനയുടെ നിലപാട്. 

റഷ്യയുടെ ഉക്രൈന്‍ അധിനിവേശ കാലത്ത് തന്നെ ചൈനീസ് യുദ്ധ വിമാനങ്ങള്‍ തായ്‍വാന്‍റെ ആകാശത്ത് കണ്ടതിനെ ഏറെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യ ഉക്രൈന്‍റെ നേര്‍ക്ക് പ്രാവര്‍ത്തികമാക്കിയ അധിനിവേശ രീതി ചൈന തായ്‍വാന്‍റെ നേരെ പ്രയോഗിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

ഉക്രൈന്‍ അക്രമണം റഷ്യ ശക്തമാക്കിയതോടെ റഷ്യയ്ക്കെതിരെ കടുത്ത ഉപരോധത്തിലാണ് പാശ്ചാത്യ രാജ്യങ്ങള്‍. യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെല്ലാം റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക വാണിജ്യ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

രാജ്യങ്ങള്‍ റഷ്യയ്ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അന്താരാഷ്ട്രാ കുത്തക കമ്പനികള്‍ പലതും തങ്ങളുടെ ഉത്പന്നങ്ങളെ റഷ്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇതോടെ റഷ്യയുടെ കയറ്റുമതിയും ഇറക്കുമതിയും ഏതാണ്ട് നിശ്ചലമായി. 

റഷ്യന്‍ നാണയമായ റൂബിളിന്‍റെ വില ഇടിഞ്ഞു. മാര്‍ക്കറ്റ് നഷ്ടമാകുമെന്ന് കരുതി റഷ്യന്‍ ഓഹരി വിപണി തുറക്കാതായി. സാധനങ്ങളുടെ വില കുത്തനെ കൂടി. സെന്‍ട്രല്‍ ബാങ്ക് 9 ശതമാനമുണ്ടായിരുന്ന പലിശ ഒറ്റയടിക്ക് 20 ശതമാനമായി ഉയര്‍ത്തി. 

ഉക്രൈനില്‍ നിന്ന് അതിശക്തമായ പ്രതിരോധമാണ് റഷ്യന്‍ സേന നേരിടുന്നത്. പ്രത്യേകിച്ചും കരമാര്‍ഗ്ഗമുള്ള യുദ്ധം റഷ്യ ഏതാണ്ട് കൈവിട്ട അവസ്ഥയിലായിരുന്നു, റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ ഉക്രൈനിലെമ്പാടും കാര്‍പ്പെറ്റ് ബോംബിങ്ങ് നടത്തിയത്. 

ആശുപത്രികള്‍, സ്കൂളുകള്‍, അഭയാര്‍ത്ഥി കേന്ദ്രങ്ങള്‍ എന്നിങ്ങനെയുള്ള കെട്ടിടങ്ങള്‍ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്നതായിരുന്നു റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ചിത്രം. അതിനിടെയാണ് ആയുധവും സാമ്പത്തിക സഹായവും വേണമെന്ന് റഷ്യ, ചൈനയോട് ആവശ്യപ്പെട്ടത്. 

ഉക്രൈന്‍റെ കിഴക്കന്‍ മേഖലയിലെ റഷ്യന്‍ വംശജരുടെ പൗരാവകാശ സംരക്ഷിക്കുന്നതിന് ആണ് യുദ്ധമെന്നായിരുന്നു യുദ്ദത്തിന് കാരണമായി പുടിന്‍ ആദ്യം അവകാശപ്പെട്ടത്. യുഎസും ഉക്രൈനും ചേര്‍ന്ന് ഉക്രൈനില്‍ രാസ/ജൈവായുധങ്ങള്‍ നിര്‍മ്മിക്കുന്നുവെന്നായിരുന്നു പിന്നീട് റഷ്യ ആരോപിച്ചത്. 

റഷ്യയുടെ ഈ ആരോപണം ചൈനയും ആവര്‍ത്തിച്ചു. എന്നാല്‍, റഷ്യയ്ക്ക് ആയുധമോ സാമ്പത്തിക സഹായമോ ചെയ്താല്‍ ചൈന പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് ചൈനയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തായ്‍വാന്‍റെ ആകാശത്ത് വീണ്ടും ചൈനീസ് യുദ്ധവിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. 

തിങ്കളാഴ്ച രാവിലെ തായ്‍വാന്‍റെ ആകാശത്ത് തായ്‍വാനീസ് മിറാഷ് 2000 യുദ്ധ വിമാനങ്ങളുടെ പരിശീലന പറക്കല്‍ നടന്നിരുന്നു. ഇതിനിടെ ഒരു യുദ്ധ വിമാനത്തിന് സാങ്കേതിക തകറാര്‍ കണ്ടെത്തുകയും തുടര്‍ന്ന് ഈ വിമാനം കടലില്‍ തകര്‍ന്ന് വീഴുകയുമായിരുന്നെന്ന് തായ്‍വാന്‍ അധികൃതര്‍ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചൈനീസ് യുദ്ധവിമാനങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും തായ്‍വാന്‍ അറിയിച്ചു. 

തായ്‍വാന്‍ തങ്ങളുടെ പ്രവിശ്യയാണെന്ന് ചൈന വാദിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എന്നാല്‍, തായ്‍വാന്‍റെ പരമാധികാരം ചൈന മാനിക്കണമെന്നായിരുന്നു യുഎസിന്‍റെ നിലപാട്. പലപ്പോഴും ചൈന, തായ്‍വാന് നേരെ യുദ്ധവിമാനങ്ങളുപയോഗിക്കുമ്പോള്‍ അമേരിക്കന്‍ പടക്കപ്പലുകള്‍ തായ്‍വാന്‍റെ പക്ഷം നിലയുറപ്പിച്ചിരുന്നു. 

റഷ്യ, ഉക്രൈനില്‍ യുദ്ധം തുടരുന്നതിനിടെ ചൈന തായ്‍വാന് നേരെ ആയുധമുപയോഗിച്ചാല്‍ അത് മറ്റൊരു ലോകമഹായുദ്ധത്തിന് തന്നെ കാരണമായേക്കാം. നിലവില്‍ സിറിയ, ചൈന, പാകിസ്ഥാന്‍ തുടങ്ങി ഏതാനും ചില രാജ്യങ്ങള്‍ മാത്രമാണ് റഷ്യയുമായി വ്യാപാര വാണിജ്യ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നത്. 

റഷ്യയില്‍ നിന്ന് പശ്ചാത്യ രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയതോടെ കനത്ത സാമ്പത്തിക ഞെരുക്കത്തിലാണ് റഷ്യ. ഇത് മറികടക്കാനായി വില കുറച്ച് ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കാന്‍ താത്പര്യമാണെന്ന് റഷ്യ അറിയിച്ചു. ഇന്ത്യ, റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുമെന്ന് ഔദ്ധ്യോഗികമായി ഇതുവരെ തീരുമാനിച്ചിട്ടില്ല. 

ചൈനയുടെ ടിബറ്റന്‍ അധിനിവേശത്തിനെതിരെയും റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിനെതിരെയും തായ്‍വാനില്‍ നിരന്തരം പ്രകടനങ്ങള്‍ നടന്നിരുന്നു. ഇത്തരം പ്രകടനങ്ങളോട് ചൈന തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. 

Latest Videos

click me!