സൂയസ് കനാലില്‍ വഴി തടഞ്ഞ് വീണ്ടും ചരക്ക് കപ്പല്‍; ഇത്തവണ പനാമയിലേക്ക് പോവുകയായിരുന്ന കോറൽ ക്രിസ്റ്റൽ

First Published | Sep 10, 2021, 2:05 PM IST

സൂയസ് കനാലില്‍ ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും ഗതാഗത തടസം. ഇത്തവണ 43,000 ടൺ ഭാരമുള്ള കോറൽ ക്രിസ്റ്റൽ എന്ന കപ്പലാണ് പെട്ട് പോയത്. ആറ് മാസങ്ങള്‍ക്ക് മുമ്പ് എവർ ഗിവന്‍ എന്ന ചരക്ക് കപ്പല്‍ സൂയസ് കനാലില്‍ കുറുകെ കിടന്നതിനെ തുടര്‍ന്ന് കനാലിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. തുടര്‍ന്ന് ആറ് ദിവസത്തോളം നീണ്ട നിരന്തര ശ്രമഫലമായാണ് എവർഗ്രീനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഏതാണ്ട് ഇതിന് സമാനമായിരുന്നു ഇന്നലത്തെ സംഭവവും. 

ഏറെ നേരത്തെ ശ്രമഫലമായി ചരക്ക് കപ്പലായ പനാമന്‍ ഉടമസ്ഥതയിലുള്ള കോറല്‍ ക്രിസ്റ്റല്‍, ചെങ്കടലിലെ പോര്‍ട്ട് സുഡാനിലേക്കുള്ള യാത്ര പുനരാരംഭിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ അതിനിടെ നിരവധി ചെറു കപ്പലുകളെ വഴി തിരിച്ച് വിടേണ്ടിവന്നു. 

കപ്പല്‍ കനാലില്‍ കുടുങ്ങിക്കിടക്കാന്‍ കാരണമെന്താണെന്ന് ഇതുവരെയായിട്ടും വ്യക്തമായില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പ് എവർ ഗിവന്‍ എന്ന ചരക്ക് കപ്പല്‍ കനാലില്‍ കുടുങ്ങിയപ്പോള്‍ ശക്തമായ കാറ്റിന്‍റെ ഫലമായി കപ്പലിന്‍റെ ദിശ മാറിയതാകാമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. 


അന്ന് എവർ ഗിവന്‍ കപ്പല്‍ ചാലില്‍ നിന്ന് പുറത്തെത്തിക്കാനായി കനാലിലെ മണ്ണ് നീക്കം ചെയ്ത് ആഴം കൂട്ടിയിരുന്നു. എന്നിട്ടും ചരക്ക് കപ്പലെങ്ങനെ കനാലില്‍ കുടുങ്ങിയെന്നാണ് മനസിലാകാത്തതെന്ന് അധികൃതര്‍ അറിയിച്ചു. 

2012 ലാണ് 738 അടി (225 മീറ്റർ) നീളവും വീതിയുമുള്ള കോറൽ ക്രിസ്റ്റൽ പണിതിറക്കിയത്. 104 അടിയിൽ കൂടുതൽ (32 മീറ്റര്‍) നീളമുള്ള കപ്പലാണ് കോറല്‍ ക്രിസ്റ്റല്‍. ചെങ്കടലിലെ പോർട്ട് സുഡാനിലേക്കുള്ള യാത്രയിലായിരുന്നു കോറല്‍ ക്രിസ്റ്റല്‍.

ലോക വ്യാപാരത്തിന്‍റെ 42 ബില്യൺ പൗണ്ടാണ് സൂയസ് കനാലിലൂടെ കടന്ന് പോകുന്നത്. കഴിഞ്ഞ മാർച്ച് 23 നാണ് എവർ ഗിവന്‍ സൂയസ് കനാലില്‍ കുടുങ്ങിയത്. ആറ് മാസങ്ങൾക്ക് വീണ്ടുമൊരു കപ്പല്‍ കനാലില്‍ കുടുങ്ങിയത് ആശങ്ക സൃഷ്ടിച്ചു. 

അന്നത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു രക്ഷാ ബോട്ട് മുങ്ങുകയും ഒരാളുടെ മരണത്തിനിടയാക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 48 ഓളം ചരക്ക് കപ്പലുകള്‍ അന്ന് വഴി തിരിച്ച് വിട്ടിരുന്നു. നൂറുകണക്കിന് കപ്പലുകള്‍ ആഴ്ചകളോളം കെട്ടിക്കിടന്നു. ചില കപ്പലുകള്‍ ആഫ്രിക്കന്‍ തീരം ചുറ്റി സഞ്ചരിച്ചു. ഇതോടെ ലോകവ്യാപാരമേഖലയ്ക്ക് വലിയ സാമ്പത്തീക ബാധ്യത വന്ന് ചേര്‍ന്നു.

മാർച്ചിൽ സൂയസ് നഗരത്തിനടുത്തുള്ള തെക്കൻ പ്രവേശന കവാടത്തിൽ നിന്ന് 3.7 മൈൽ വടക്ക് കനാലില്‍ കുടുങ്ങിയത്. ആറ് ദിവസത്തെ പ്രയത്നത്തിന് ശേഷം കപ്പല്‍ പുറത്തെത്തിച്ചെങ്കിലും നഷ്ടപരിഹാരം നല്‍കാതെ കപ്പല്‍ വിട്ട് കൊടുക്കില്ലെന്ന് സൂയസ് കനാല്‍ അഥോറിറ്റി നിലപാടെടുത്തു. 

തുടര്‍ന്ന് വന്‍ തുക നല്‍കിയാണ് അന്ന് എവർ ഗിവന് കനാല്‍ വിടാന്‍ കഴിഞ്ഞതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ജാപ്പനീസ് ഉടമയായ ഷൂയി കിസൻ കൈഷ ലിമിറ്റഡും കനാൽ അധികൃതരും തമ്മിൽ ഒരു ധാരണയിലെത്തിയ ശേഷം ജൂലൈയിലാണ് എവര്‍ ഗിവണിന് യാത്ര തുടരാൻ അനുമതി ലഭിച്ചത്. 

അന്നത്തെ കരാറിന്‍റെ നിബന്ധനകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ഈജിപ്ത് 397 മില്യൺ ഡോളർ ആവശ്യപ്പെട്ടെന്നായിരുന്നു വര്‍ത്തകള്‍.

മൊത്തം 3.2 ദശലക്ഷം ടൺ ചരക്ക് വഹിക്കുന്ന 61 കപ്പലുകൾ വ്യാഴാഴ്ച സൂയസ് കനാലിലൂടെ കടത്തിവിട്ടതായി കനാൽ വക്താവ് ജിയോജ് സഫ്‌വത്ത് പറഞ്ഞു. കനാലിലെ ഗതാഗതം ഒരു തരത്തിലും പ്രതികൂലമായി ബാധിച്ചിട്ടില്ല," കാരണം ഇത് ജലപാതയുടെ മറ്റൊരു പാതയിലേക്ക് വഴിതിരിച്ച് വിടാനായി' അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം ഉണ്ടായ ഗതാഗത തടസത്തെ തുടര്‍ന്ന് ആഗോള കയറ്റുമതി തടസ്സപ്പെട്ടു. ഈജിപ്തിലേക്കുള്ള വിദേശ കറൻസിയുടെ പ്രധാന ഉറവിടമായ കനാലിലൂടെയാണ് ലോക വ്യാപാരത്തിന്‍റെ 10%  ഒഴുകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 19,000 കപ്പലുകൾ കനാലിലൂടെ കടന്നുപോയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!