ഡ്രൈവർമാർക്കുള്ള വാക്സിൻ നിർബന്ധത്തിനെതിരെയാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം. ജനുവരി 15 മുതൽ, വാക്സിനേഷൻ എടുക്കാത്ത എല്ലാ കനേഡിയൻ ട്രക്ക് ഡ്രൈവർമാരും യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് കാനഡയിലേക്ക് വാഹനമോടിക്കുമ്പോൾ COVID-19 ടെസ്റ്റും ക്വാറന്‍റൈനും എടുക്കണമെന്നാണ് കാനഡയുടെ ആവശ്യം.
വാക്‌സിനേഷൻ എടുക്കാതെവരെ തിരികെ യുഎസിലേക്ക് കടക്കാന്‍ അനുവദിക്കില്ല, കൂടാതെ അമേരിക്കൻ ഡ്രൈവർമാർ അവരുടെ സർട്ടിഫിക്കറ്റ് കാണിക്കാതെ കാനഡയിലേക്ക് കടക്കാനും അനുവദിക്കില്ലെന്ന് കാനഡ അവകാശപ്പെട്ടു. എന്നാല്‍ യുഎസിലേക്ക് മടങ്ങുന്ന അമേരിക്കൻ ഡ്രൈവർമാർക്ക് അവിടെ ഒരു പരിശോധനയും ക്വാറന്‍റൈനും ആവശ്യമില്ല.
ഇതിനെതിരെയായിരുന്നു ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധം. എന്നാല്‍ തന്‍റെ രാജ്യത്ത് 90 ശതമാനം പേരും വാക്സിനേഷൻ ചെയ്തവരാണെന്നാണ് ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെടുന്നത്. അത് കൊണ്ട് തന്നെ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ക്വാറന്‍റൈന്‍ പാലിക്കുകയും വേണമെന്ന് കാനഡ ആവശ്യപ്പെടുന്നത്.
പ്രതിഷേധിക്കുന്നവര്‍ ചുരുക്കം ചിലരാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെടുമ്പോഴും 'ഫ്രീഡം കോൺവോയ്' എന്ന് വിളിക്കപ്പെടുന്ന ഡ്രൈവർമാരുടെ 50,000 പേരടങ്ങുന്ന സംഘമാണ് കാനഡയിലേക്ക് യാത്രതിരിച്ചിരിക്കുന്നത്. ആഴ്ചയവസാനം കനേഡിയൻ തലസ്ഥാനത്ത് 2,000 മൈൽ പ്രതിഷേധ റാലിയോടെ തങ്ങളുടെ പ്രതിഷേധത്തിന്‍റെ ശക്തികാണിക്കാനാണ് ഡ്രൈവര്‍മാരുടെ പദ്ധതി.
കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടീഷ് കൊളംബിയയിൽ ഒത്തുകൂടിയ വാഹനവ്യൂഹത്തിലേക്ക് രാജ്യത്തിന്‍റെ കിഴക്ക് നിന്നും തെക്ക് ഭാഗങ്ങളിൽ നിന്നും വാഹനമോടിച്ച മറ്റ് പ്രതിഷേധ ഡ്രൈവര്‍മാരും ഒത്തുചേർന്നു. വാക്സിനേഷൻ സര്‍റ്റിഫിക്കറ്റ് കാണിച്ചാല്‍ മാത്രം കാനഡയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന യുഎസിൽ നിന്നുള്ള ട്രക്കർമാരും ഈ വമ്പൻ വാഹനവ്യൂഹത്തിന്‍റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ട്.
ജനുവരി 23 നാണ് ഈ വാഹനവ്യൂഹം യാത്രയാരംഭിച്ചത്. ജനുവരി 29 -ാം തിയതിയായ ഇന്ന് വമ്പിച്ച പ്രകടനത്തോടെ 'ഫ്രീഡം കോൺവോയ്' അവസാനിക്കും. കനേഡിയൻ ട്രക്കിംഗ് മാഗസിൻ പ്രസാധകനായ ഡേവ് മക്കെൻസി, ഒരു ദീർഘദൂര ട്രക്കറാണ്, ചില യുഎസ് ട്രക്കർമാർ വാഹനമോടിക്കുന്നതായി വെസ്റ്റ് സ്റ്റാൻഡേർഡ് ഓൺലൈനോട് അദ്ദേഹം അവകാശപ്പെട്ടു.
നോർത്ത് ഡക്കോട്ട മുതൽ പോർട്ടൽ സസ്‌കാച്ചെവൻ വരെ, അവിടെ അതിർത്തി കടന്ന് ഗ്രൂപ്പിൽ ചേരാൻ അവർ ഉദ്ദേശിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. സംഘത്തിന്റെ ചില നേതാക്കൾ സമാധാനപരമായ പരിപാടിക്ക് ആഹ്വാനം ചെയ്യുന്നു. എന്നാൽ ഗ്രൂപ്പുമായി ബന്ധപ്പെട്ട ചിലരുടെ പ്രസ്താവനകളിൽ അക്രമ ഭീഷണികൾ നിറഞ്ഞ് നില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
നിയമം ലംഘിക്കുന്ന ആരെയും അറസ്റ്റ് ചെയ്യാൻ തങ്ങൾ തയ്യാറാണെന്ന് ഒട്ടാവ പൊലീസും അറിയിച്ച് കഴിഞ്ഞു. പ്രതിഷേധത്തിനിടെ അക്രമത്തിന് സാധ്യതയുണ്ടെന്നും വാതിലുകള്‍ അടച്ച് ആളുകളോട് അകത്തിരിക്കണമെന്നും ഒരു ഉന്നത പാർലമെന്‍റ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി
'വാഹനവ്യൂഹത്തിന്‍റെ നീളം 70 കിലോമീറ്ററാണ്,' ഫ്രീഡം കോൺവോയ് 2022 ന്‍റെ വക്താവ് ബെഞ്ചമിൻ ഡിക്റ്റർ ബുധനാഴ്ച ടൊറന്‍റോ സണിനോട് പറഞ്ഞു. 'ഞാൻ ഒരു വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടു. ഗംഭീരമാണ്.' ട്രക്കർമാരെ അഭിനന്ദിച്ച് എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു. 'നിങ്ങൾ ആളുകളെ ഭയപ്പെടുത്തുകയാണെങ്കിൽ, അവർ സ്വാതന്ത്ര്യം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടും. ഇത് സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിയാണ്.' അദ്ദേഹം കുറിച്ചു.
'കനേഡിയൻ ട്രക്കർമാർ ഭരിക്കുന്നു' എന്ന് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, ടെസ്‌ല സിഇഒ പറഞ്ഞത്, അപകടസാധ്യതയില്ലാത്തതിനാൽ താനും കുടുംബവും പ്രതിരോധ കുത്തിവയ്പ്പ് എടുക്കില്ലെന്നാണ്.
കനേഡിയൻ, അമേരിക്കൻ ക്രോസ്-ബോർഡർ ട്രക്ക് ഡ്രൈവർമാരിൽ 32,000 പേര്‍ അല്ലെങ്കിൽ 20 ശതമാനം പേരും വാക്സിനേഷന്‍ എടുക്കാത്തവരാണെന്നാണ് കനേഡിയൻ ട്രക്കിംഗ് അലയൻസ് (CTA)കണക്കാക്കുന്നത്. മഞ്ഞുനിറഞ്ഞ ട്രാൻസ്‌കാനഡ ഹൈവേയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനവ്യൂഹത്തെ സ്വീകരിക്കാനായി പിന്തുണ ഗ്രൂപ്പുകള്‍ എത്തി ചേര്‍ന്നിരുന്നു.
ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പ്രകാരം 2020-ൽ ഈജിപ്തിൽ നടന്നതാണ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ വാഹനവ്യൂഹം. അന്ന് ആ വാഹനവ്യൂഹത്തിന് വെറും അഞ്ച് മൈൽ നീളമാണുണ്ടായിരുന്നത്. അതായത് 480 ട്രക്കുകൾ അടങ്ങിയത്. എന്നാല്‍, ഇന്ന് കാനഡയില്‍ 50,0000 ട്രക്കുകളാണ് അണിനിരന്നിരിക്കുന്നത്.
50,000 ട്രക്കുകൾ വരെ വാഹനവ്യൂഹത്തിലുണ്ടാകുമെന്ന് ടൊറന്‍റോ സൺ കണക്ക് കൂട്ടുന്നു. അത് ഉദ്ദേശിച്ച ലക്ഷ്യസ്ഥാനം വരെ കേടുകൂടാതെ എത്തിയാല്‍ നിലവിലുള്ള റെക്കോർഡിന്‍റെ 10 മടങ്ങ് വലുതായിരിക്കും.
ഗിന്നസ് വേൾഡ് റെക്കോർഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കർശനമായി നിരീക്ഷിച്ചിട്ടില്ലാത്തതിനാൽ വാഹനവ്യൂഹം ഒരു റെക്കോർഡായി കണക്കാക്കില്ല. വാക്‌സിൻ പാസ്‌പോർട്ടുകൾ അവസാനിപ്പിക്കണമെന്നും വാക്‌സിൻ ചെയ്യാത്തവരുടെ അവകാശങ്ങൾ ഫെഡറൽ ഗവൺമെന്‍റ് മാനിക്കണമെന്നും ആവശ്യങ്ങളുടെ പട്ടികയിൽ ഫ്രീഡം കോൺവോയ് സംഘാടകർ ആവശ്യപ്പെടുന്നു.
'എല്ലാവർക്കും വാക്സിനേഷൻ എടുക്കുക എന്നതാണ് ഈ മഹാമാരിക്കെതിരെയുള്ള വഴിയെന്ന് ഞങ്ങൾക്കറിയാം. എന്നാല്‍ ഈ വാഹനവ്യൂഹവുമായി ബന്ധപ്പെട്ട ചിലരിൽ നിന്ന് ഞങ്ങൾ കേൾക്കുന്നത് തികച്ചും അസ്വീകാര്യമായ കാര്യമാണ്. കനേഡിയൻമാരിൽ 90 ശതമാനത്തിനടുത്തുള്ള ഭൂരിപക്ഷവും വാക്സിനേഷന്‍ ചെയ്തിട്ടുണ്ട്. ' പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അവകാശപ്പെട്ടു.
എന്നാൽ, വാഹനവ്യൂഹത്തെ പിന്തുണയ്ക്കുന്നവർ പ്രധാനമന്ത്രിയെ തള്ളിക്കളയുന്നു. 'ഉൾപ്പെട്ടിരിക്കുന്ന ട്രക്കുകളുടെ അളവും ഇവിടെ കാണിക്കുന്ന ആളുകളുടെ എണ്ണവും ഇത് കാനഡക്കാരുടെ നിരാശയെ കാണിക്കുന്നു, അത് വളരാൻ പോകുകയാണ്' എന്ന് ഒരു ഡ്രൈവർ പറഞ്ഞു.