South African parliament fire: ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റില്‍ വീണ്ടും തീപിടിത്തം

First Published | Jan 4, 2022, 10:50 AM IST

ക്ഷിണാഫ്രിക്കയിലെ (South Africa) കേപ്ടൗണിലെ (Cape Town) പാർലമെന്‍റില്‍ (Parliament Building) പടർന്നുപിടിച്ച തീപിടിത്തം നിയന്ത്രണവിധേയമാണെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം വീണ്ടും ആളിക്കത്തി. അഗ്നിശമന സേനാംഗങ്ങൾ (FireForce) തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ നിന്ന് തീ ആളിപ്പടരുകയായിരുന്നു. ഞായറാഴ്ചയാണ് ആദ്യം തീപിടിത്തമുണ്ടായത്, ആ തീപിടിത്തത്തില്‍ ദേശീയ അസംബ്ലി (National Assembly) എന്ന ലോവർ ചേമ്പർ  ( lower chamber) പൂർണമായും കത്തി നശിച്ചിരുന്നു.  ഈ തീയണയ്ക്കുന്നതിന് രാത്രി മുഴുവനും അഗ്നിശമന സേന പ്രവര്‍ത്തനരഹിതമായിരുന്നു. അതിനിടെയാണ് ഇന്നലെ മന്ദിരത്തിന്‍റെ മുകള്‍ നിലയില്‍ നിന്ന് വീണ്ടും തീയാളിപ്പടര്‍ന്നത്. 

ആദ്യത്തെ തീപിടിത്തത്തിന് സഹായിച്ചെന്ന കുറ്റത്തിന് അമ്പതുകാരനായ ഒരാളെ ഞായറാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അര്‍ദ്ധരാത്രിയില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ കയറി  മന്ദിരത്തില്‍ സ്ഥാപിച്ചിരുന്ന അഗ്നി പടര്‍ന്നാണ് കെടുത്തുന്നതിനായി സ്ഥാപിച്ച ജലധാരാ ഉപകരണങ്ങള്‍ അടയ്ക്കുന്നത് സിസിടിവിയില്‍ പതിഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു. 

മറ്റാരെങ്കിലും ഇതിന് പിന്നിലുണ്ടോയെന്ന കാര്യവും സംഭവം അട്ടിമറിയാണോയെന്നതും പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് സിറില്‍ റാമഫോസ പറഞ്ഞു. ഇയാളെ ഇന്ന് (4.1.2022) കോടതിയില്‍ ഹാജരാക്കാന്‍ ഇരിക്കവേയാണ് പാര്‍ലമെന്‍റ് മന്ദിരത്തില്‍ ഇന്നലെ രാത്രി വീണ്ടും തീ പടര്‍ന്നത്.  തീപിടുത്തം, ഭവനഭേദനം, മോഷണം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 


കെട്ടിടത്തിൽ പരവതാനികളും തടി നിലകളും കാരണം തീപിടുത്തങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് പാർലമെന്‍ററി വക്താവ് മൊളോട്ടോ മത്താപ്പോ ദക്ഷിണാഫ്രിക്കയുടെ ടൈംസ്ലൈവിനോട് പറഞ്ഞു. ആദ്യത്തെ തീ പിടിത്തം കെട്ടിടസമുച്ചയത്തിന്‍റെ മൂന്നാം നിലയില്‍ നിന്നായിരുന്നു. അര്‍ദ്ധരാത്രിയോടെ പടര്‍ന്ന് പിടിച്ച തീയില്‍ പാര്‍ലമെന്‍റ് മന്ദിരത്തില്‍ സൂക്ഷിച്ചിരുന്ന പുരാതനവും വിലപിടിപ്പുള്ളതുമായ നിരവധി വസ്തുക്കള്‍ കത്തി നശിച്ചു. 

രണ്ടാമത്തെ തീപിടിത്ത സമയത്ത് വെറും പന്ത്രണ്ട് അഗ്നിശമന സേനാംഗങ്ങൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്ന് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. രണ്ടാമതും തീ പടര്‍ന്നതിനെ തുടര്‍ന്ന് കൂടുതല്‍ അഗ്നിശമനസേനയെ സംഭവസ്ഥലത്തേക്ക് അയച്ചെങ്കിലും രാത്രി വൈകിയും പാര്‍ലമെന്‍റ് മന്ദിരത്തില്‍ നിന്ന് തീ ആളിക്കത്തുന്നത് കാണാണമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സിറ്റി കൗൺസിലിൽ നിന്നുള്ള വിവരമനുസരിച്ച് കെട്ടിടത്തിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും നിലകൾ പൂർണ്ണമായും നശിച്ചു. 

പാര്‍ലമെന്‍റ് മന്ദിരലത്തിലെ തീ പൂര്‍ണ്ണമായും അണച്ചോയെന്ന് വ്യക്തമല്ല. ഞായറാഴ്ചയുണ്ടായ തീപിടിത്ത സമയത്ത് കെട്ടിടത്തിന്‍റെ ജലധാരാസംവിധാനം (സ്പ്രിംഗ്ളർ ) ശരിയായി പ്രവർത്തിച്ചിരുന്നില്ലെന്ന് പ്രസിഡന്‍റ് സിറിൽ റമഫോസ പറഞ്ഞു. "ഭയങ്കരവും വിനാശകരവുമായ സംഭവ"ത്തോട് മിനിറ്റുകൾക്കുള്ളിൽ പ്രതികരിച്ചതിന് അഗ്നിശമന സേനാംഗങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 

ആദ്യത്തെ തീപിടിത്തം ആരംഭിച്ച സമയത്ത് സിസിടിവി ക്യാമറകൾ നിരീക്ഷിച്ചിരുന്നില്ലെന്ന് സർക്കാർ മന്ത്രി പട്രീഷ്യ ഡി ലില്ലെ പറഞ്ഞു. ആ തീപിടിത്തത്തില്‍ ദേശീയ അസംബ്ലി ചേംബർ "പൂർണ്ണമായും കത്തിനശിച്ചെന്ന്" മിസ് ഡി ലില്ലി പറഞ്ഞു. പാർലമെന്‍ററി സമുച്ചയത്തിന്‍റെ മറ്റ് ഭാഗങ്ങൾക്ക് ( 1884 മുതലുള്ള ഭാഗങ്ങൾ ) സാരമായ കേടുപാടുകൾ സംഭവിച്ചു. അവധിക്കാലമായതിനാൽ പാർലമെന്‍റില്‍ ഇപ്പോൾ സമ്മേളനം നടക്കുന്നില്ല. അതിനാല്‍ രണ്ട് തീപടിത്തത്തിലും ആർക്കും പരിക്കില്ല. 

ചരിത്രപുസ്തകങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് പുരാവസ്ഥു നിധികളുള്ള കെട്ടിടമാണ് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്‍റ് മന്ദിലം. ഫോട്ടോഗ്രാഫുകളും പ്രധാനപ്പെട്ട കലാസൃഷ്ടികളും കെട്ടിടത്തില്‍ സംരക്ഷിച്ചിരുനതായി ഉദ്യോഗസ്ഥർ പറഞ്ഞു. 120 മീറ്റർ നീളത്തില്‍ ദക്ഷിണാഫ്രിക്കയുടെ ചരിത്രം രേഖപ്പെടുത്തിയിരുന്ന കെയ്‌സ്‌കമ്മ ടേപ്പ്‌സ്‌ട്രിക്കിന് (Keiskamma Tapestry) കേടുപാടുകൾ സംഭവിക്കുകയോ കത്തി നശിപ്പിക്കപ്പെടുകയോ ചെയ്‌തേക്കാമെന്ന് ആശങ്കയുണ്ട്. 

മൂന്ന് വിഭാഗങ്ങൾ അടങ്ങിയതാണ് ദക്ഷിണാഫ്രിക്കന്‍ പാർലമെന്‍റ് സമുച്ചയം. ഏറ്റവും പഴയത് 1884 ല്‍ പണിതതാണ്. പിന്നീട് 1920 കളിലും 1980 കളിലും നിർമ്മിച്ച പുതിയ മന്ദിരങ്ങളും ഈ സമച്ചയത്തിന്‍റെ ഭാഗമാണ്. ഈ സമുച്ചയത്തിലാണ് ദേശീയ അസംബ്ലി കൂടുന്നത്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്ന പ്രിട്ടോറിയ (Pretoria)യും ഈ കെട്ടിട സമുച്ചയത്തിലാണ്. "നമ്മുടെ ജനാധിപത്യത്തിന്‍റെ ഭവനം നശിപ്പിച്ചതിൽ" തന്‍റെ ദുഃഖത്തെക്കുറിച്ച് പ്രസിഡന്‍റ് സിറില്‍ രാമഫോസ വാചാലനായി. 

പാർലമെന്‍റിന്‍റെ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്നതിനെ ഇല്ലാതാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. പാര്‍ലമെന്‍റി മന്ദിരം പുതിക്കി പണിയാൻ മാസങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പാർലമെന്‍റ് ചേരുന്നതിനായി സിറ്റി കൗൺസിൽ ചേംബർ ലഭ്യമാക്കുമെന്ന് കേപ്ടൗൺ മേയർ ജോർഡിൻ ഹിൽ ലൂയിസ് പറഞ്ഞു.

ഒരു വർഷത്തിനിടെ പാർലമെന്‍റിലുണ്ടായ രണ്ടാമത്തെ തീപിടിത്തമാണിത്. മാർച്ചിൽ വൈദ്യുത തകരാർ മൂലം ഇതേ മന്ദിരത്തില്‍ തീപിടിത്തമുണ്ടായിരുന്നു. കഴിഞ്ഞ വർഷം, ആഫ്രിക്കൻ ആർക്കൈവുകളുടെ തനതായ ശേഖരമുള്ള കേപ്ടൗൺ സർവകലാശാലാ ലൈബ്രറിയുടെ ഒരു ഭാഗം കാട്ടുതീയില്‍ കത്തി നശിപ്പിച്ചിരുന്നു.
 

Latest Videos

click me!