Warlords in afghanistan: അഫ്ഗാനിസ്ഥാനില്‍ യുദ്ധ പ്രഭുക്കളുടെ സഖ്യം; താലിബാന് മുന്നറിയിപ്പ്

First Published | Jun 15, 2022, 3:24 PM IST


2021 ഓഗസ്റ്റ് 15 ന് മുന്‍ കരാറുകളില്‍ നിന്നും വൈകി അമേരിക്കന്‍ സൈന്യം (US Army) അഫ്ഗാനില്‍ ( Afghanistan) നിന്ന് പറന്നുയരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കാബൂള്‍ (Kabul) നഗരം താലിബാന്‍ (Taliban) കീഴടക്കിയിരുന്നു. പഞ്ച്ശീര്‍ താഴ്വരയിലെ ആഴ്ചകള്‍ മാത്രം നീണ്ട പ്രതിരോധം ഒഴിച്ച് നിര്‍ത്തിയാല്‍ താലിബാന് കാര്യമായ പ്രതിരോധമൊന്നും സ്വതന്ത്ര അഫ്ഗാന്‍ ഉയര്‍ത്തിയിരുന്നില്ല. പാക് ചാര സംഘടനയായ ഐഎസിന്‍റെ സഹായത്തോടെ പഞ്ച്ശീരില്‍ വ്യാമാക്രമണം നടത്തി താലിബാന്‍ വളരെ വേഗത്തില്‍ തന്നെ ആ പ്രതിരോധവും മറികടന്നിരുന്നു. അധികാരമേറ്റ വേളയില്‍, രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപ്രാധാനമുള്ള , സ്ത്രീ സ്വാതന്ത്രത്തെ അംഗീകരിക്കുന്ന ഒരു സര്‍ക്കാറാകും ഭരണത്തിലേറുകയെന്ന് പറഞ്ഞ താലിബാന്‍റെ വാക്കുകള്‍ ജലരേഖയാകുന്ന കാഴ്ചയായിരുന്നു പിന്നീട് ലോകം കണ്ടത്. ഭരണത്തിലേറിയ ശേഷം ഓന്നൊന്നായി പഴയ ശീലങ്ങളെല്ലാം താലിബാന്‍ പുറത്തെടുത്തു. എന്നാല്‍, പത്ത് മാസങ്ങള്‍ക്ക് ശേഷം അഫ്ഗാനില്‍ താലിബാന് നേരെ വീണ്ടും പ്രതിരോധങ്ങള്‍ ഉയരുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഓഗസ്റ്റില്‍ കാബൂളിന്‍റെ വീഴ്ചയെ തുടര്‍ന്ന് തുര്‍ക്കിയില്‍ അഭയം തേടിയ മുന്‍ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്‍റും യുദ്ധ പ്രഭുവുമായ അബ്ദുൾ റാഷിദ് ദോസ്തം അഫ്ഗാനിസ്ഥാനിലെ യുദ്ധപ്രഭുക്കളുടെ യോഗം വിളിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍. ദോസ്തത്തിന്‍റെ ക്ഷണപ്രകാരം 40 തോളം അഫ്ഗാന്‍ യുദ്ധ പ്രഭുക്കളടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. 

മെയ് മാസത്തില്‍ നടന്ന യോഗത്തില്‍ താലിബാനെതിരെ ശക്തമായി നീങ്ങാനാണ് പുതിയ സഖ്യത്തിന്‍റെ തീരുമാനം. ഇതിന് പിന്നാലെ താലിബാനോട് അവസാനം വരെ പോരാടിയിരുന്ന പഞ്ച്ശീരില്‍ വീണ്ടും അക്രമണം ആരംഭിച്ചതായും വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 


താലിബാന്‍റെ രണ്ടാം വരവിന് മുന്നോടിയായി കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്തതോ നാടുകടത്തപ്പെട്ടതോ ആയ അഫ്ഗാന്‍ യുദ്ധപ്രഭുക്കന്മാരും അധികാര ദല്ലാളന്മാരും വംശീയ നേതാക്കളും അഫ്ഗാനിസ്ഥാനില്‍ വീണ്ടും ശക്തിപ്രകടനത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മുമ്പ് യുഎസ് ഭരണത്തിന് കീഴില്‍ സമ്പത്ത് സ്വരൂപിച്ച ദോസ്തം അടക്കുമുള്ള അഫ്ഗാന്‍ യുദ്ധപ്രഭുക്കളാണ് അങ്കാറയില്‍ ഒത്തുകൂടിയത്. പഞ്ച്ശീര്‍ താഴ്വാരയില്‍ താലിബാനെതിരെ പ്രതിരോധം തീര്‍ത്ത നാഷണൽ റെസിസ്റ്റൻസ് ഫ്രണ്ടിന്‍റെ തലവന്‍ അഹ്മദ് മസ്സൂദ്, അമ്മാവൻ അഹ്മദ് വാലി മസ്സൂദ് എന്നിവരടങ്ങുന്ന പുതിയ സഖ്യം "ഹൈ കൗൺസിൽ ഓഫ് നാഷണൽ റെസിസ്റ്റൻസ്" രൂപീകരിച്ചു. 

രണ്ട് ആവശ്യങ്ങളാണ് പുതിയ സഖ്യം താലിബാന് മുന്നില്‍ വച്ചിട്ടുള്ളത്. ഒന്ന് അഫ്ഗാനിസ്ഥാനിലേക്കുള്ള അവരുടെ തിരിച്ചുവരവ് സംബന്ധിച്ച് താലിബാൻ ചർച്ച നടത്തി അവരെ സർക്കാരിൽ ഉൾപ്പെടുത്തുക. അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടുക. ചര്‍ച്ചയ്ക്ക് താലിബാൻ തയ്യാറായില്ലെങ്കില്‍, അഫ്ഗാനിസ്ഥാനിൽ വീണ്ടും ആഭ്യന്തരയുദ്ധമുണ്ടാകുമെന്ന് ദോസ്തത്തിന്‍റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. 

ഇതോടെ അഫ്ഗാനിസ്ഥാനില്‍ വീണ്ടും ആഭ്യന്തരയുദ്ധത്തിന് കളമൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ അങ്കാറയില്‍ ഒത്തുകൂടിയവരില്‍ ഏതാണ്ടെല്ലാവരും തന്നെ താലിബാന്‍റെ വരവിന് മുമ്പ് യുഎസില്‍ നിന്നും സാമ്പത്തിക സഹായും പറ്റിയിട്ടുള്ള പ്രദേശിക യുദ്ധപ്രഭുക്കളാണ്. കഴിഞ്ഞ 20 വര്‍ഷമായി അഫ്ഗാനിസ്ഥാന്‍റെ പല പ്രദേശങ്ങളും യുഎസ് സഹായത്തോടെ നിയന്ത്രിച്ചിരുന്നവരാണ് മിക്ക യുദ്ധ പ്രഭുക്കളും.

നിരന്തരമായ ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലെ പ്രായം ശരാശരി 19 വയസാണ്. ഏകദേശം 38 ദശലക്ഷം ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും യുദ്ധം മാത്രം കണ്ട് വളര്‍ന്നവരാണ്. റഷ്യയുടെ അധിനിവേശം അവസാനിച്ചതോടെയാണ് അഫ്ഗാനിലെ ആഭ്യന്തര പ്രശ്നങ്ങള്‍ തല പൊക്കി തുടങ്ങിയത്. നിക്ഷിപ്ത താത്പര്യങ്ങളുമായി യുഎസ് രംഗപ്രവേശനം ചെയ്തതോടെ അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര കലാപമൊഴിഞ്ഞ് നേരമില്ലെന്ന അവസ്ഥവരെയെത്തി. 

ഇന്ന് താലിബാനെതിരെയുള്ള നീക്കത്തിന് മുന്നില്‍ നില്‍ക്കുന്ന അബ്ദുൾ റാഷിദ് ദോസ്തം അടക്കുമുള്ള പ്രദേശിക യുദ്ധ പ്രഭുക്കളെല്ലാം തന്നെ നിരവധി കൊലപാതകങ്ങളും അക്രമണങ്ങളും നടത്തിയെന്ന ആരോണങ്ങള്‍ നേരിടുന്നവരാണ്. മുൻ അഫ്ഗാൻ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയുടെ ഡെപ്യൂട്ടിയായിരുന്നപ്പോള്‍ ദോസ്തത്തിന്‍റെ സ്വന്തം തോക്കുധാരികളാണ് കാബുളിന്‍റെ തെരുവുകള്‍ ഭരിച്ചിരുന്നത്. 

അങ്കാറയില്‍ ഒത്തു ചേര്‍ന്നവരില്‍ അത്ത മുഹമ്മദ് നൂർ ( പ്രവിശ്യ ഭരിക്കുന്ന സമയത്ത് സ്വന്തമായി സൈന്യം ഉണ്ടായിരുന്നയാളാണ്.), ഹസാര നേതാക്കൾ, മുൻ മുജാഹിദീനുകള്‍, അഫ്ഗാൻ റിപ്പബ്ലിക്കിലെ മുൻ അംഗങ്ങൾ, മറ്റ് ചില യുദ്ധപ്രഭുക്കൾ എന്നിവരും ഉള്‍പ്പെട്ടിരുന്നു. ചില സ്ത്രീകളും യോഗത്തില്‍ പങ്കെടുത്തതായി ഫോറിന്‍ പോളിസി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 

യോഗത്തിന് പിന്നാലെ അഫ്ഗാന്‍റെ വടക്കന്‍ പ്രദേശങ്ങളില്‍ താലിബാന് നേരെ അക്രമണങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാമ്പത്തികമായും രാഷ്ട്രീയമായും തകര്‍ന്ന അഫ്ഗാനിസ്ഥാനെ നിയന്ത്രിക്കാന്‍ താലിബാന്‍ ഇതുവരെ കഴിയാത്തതും. രണ്ടാം വരവിലും മതനിയമങ്ങള്‍ കര്‍ശനമാക്കിയതും ജനങ്ങളില്‍ താലിബാനോടുള്ള എതിര്‍പ്പ് വര്‍ദ്ധിപ്പിച്ചു. 

താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനെ യുഎസ് അടക്കമുള്ള പാശ്ചാത്യ സര്‍ക്കാറുകള്‍ ഇതുവരെ അംഗീകരിക്കാത്തതും യുദ്ധപ്രഭുക്കള്‍ തങ്ങളുടെ നേട്ടമായി കരുതുന്നു. ഇതൊടെ തങ്ങളുടെ തിരിച്ചുവരവിന് ജനങ്ങളുടെ പിന്തുണയുണ്ടാകുമെന്നും ഇവര്‍ കണക്ക് കൂട്ടുന്നു. ഇതോടൊപ്പം ഒരു ദേശീയ സര്‍ക്കാറായി പ്രവര്‍ത്തിക്കാന്‍ താലിബാന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രാദേശിക വംശീയ ന്യൂനപക്ഷങ്ങളെ കൂടി ഉള്‍ക്കൊള്ളുന്നതാകണം ദേശീയ സര്‍ക്കാറെന്ന് ദോസ്തത്തിന്‍റെ വക്താവ് അഭിപ്രായപ്പെട്ടു. അധികാര വികേന്ദ്രീകരണത്തെയും കേന്ദ്ര ദേശീയ പ്രതിരോധ പ്ലാറ്റ്‌ഫോമിനെയും സ്വയംഭരണാധികാരവും, വംശീയ ആധിപത്യമുള്ള പ്രദേശമാക്കി അഫ്ഗാനെ മാറ്റാനുള്ള ഏത് നീക്കത്തെയും "ഹൈ കൗൺസിൽ ഓഫ് നാഷണൽ റെസിസ്റ്റൻസ്"  എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അത് അസാധ്യമായ ഒന്നല്ലെന്ന് അഫ്ഗാനിസ്ഥാനിലെ നരവംശശാസ്ത്രജ്ഞനായ ഒമർ ഷെരീഫി പറയുന്നു. ജിഹാദില്‍ നിന്ന് കുറേകൂടി മെച്ചമായ ജനാധിപത്യത്തിലേക്ക് മാറാന്‍ കഴിയുമെന്ന് അഫ്ഗാന്‍ യുദ്ധപ്രഭുക്കള്‍ ഇതിന് മുമ്പും തെളിയിച്ചിട്ടുണ്ട്. നിലവില്‍ താലിബാന്‍റെ നിയന്ത്രണങ്ങള്‍ വളരെ മോശമാണ്. അതിനാല്‍ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. പുതിയ സഖ്യങ്ങള്‍ക്ക് അത് സാധിച്ചേക്കാമെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

സോവിയറ്റ് അധിനിവേശത്തിനുശേഷം ഉടലെത്ത ആഭ്യന്തരയുദ്ധങ്ങള്‍ക്കിടെയാണ് 1994 ല്‍ അഫ്ഗാനിസ്ഥാനില്‍ ആദ്യമായി താലിബാന്‍ രൂപീകരിക്കപ്പെടുന്നത്. വെറും രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 1996 ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളി. എന്നാല്‍, കടുത്ത മതനിയമം അടിച്ചേല്‍പ്പിച്ചതും സുന്നി പഷ്ത്തൂണ്‍ ലോബിയുടെ അമിതാധികാരവും ജനങ്ങളെ ശത്രുക്കളാക്കി. 

2001 ല്‍ യുഎസ് അധിനിവേശത്തോടെ താലിബാന്‍ വീണ്ടും അഫ്ഗാനിലെ മലനിരകളിലേക്ക് പിന്‍വാങ്ങി. തടര്‍ന്ന് വന്ന യുഎസ് സര്‍ക്കാറികള്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാനിലെ സൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയും ഇതിന്‍റെ ഭാഗമായി യുഎസ് സൈന്യം 2022 ഓഗസ്റ്റില്‍ അഫ്ഗാനില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറുകയും ചെയ്തു. 

ഇതിന് പിന്നാലെയാണ് താലിബാന്‍ രണ്ടാമതും അഫ്ഗാന്‍റെ അധികാരം കൈയാളിയത്. ഒന്നാം സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമായി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് പുതിയ സര്‍ക്കാറെന്നും പഴയ കിരാത നിയമങ്ങള്‍ ഉണ്ടാകില്ലെന്നും സ്ത്രീകള്‍ക്ക് മാധ്യമായ പദവി നല്‍കുമെന്നും രണ്ടാം അധികാരവേളയില്‍ താലിബാന്‍ പറഞ്ഞിരുന്നു. 

എന്നാല്‍, അധികാരം ഏറ്റെടുത്തതിന് പിന്നാലെ താലിബാനിലെ തീവ്രവാദി വിഭാഗം അധികാരം കൈയാളുകയും സുന്നി പഷ്ത്തൂണ്‍ വംശത്തിന് ആധിപത്യമുള്ള സര്‍ക്കാര്‍ ഉണ്ടാക്കുകയും ചെയ്തു. ഇതോടെ വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ മാത്രമായി. മതന്യൂനപക്ഷങ്ങളും വംശീയ ന്യൂനപക്ഷങ്ങളും ലൈംഗിക ന്യൂനപക്ഷങ്ങളും നിരന്തരം വേട്ടയാടപ്പെട്ടു. 

കുറ്റവാളികള്‍ക്ക് പൊതു ശിക്ഷ നല്‍കി. വ്യപിചാരം പാപമായി. മോഷണം, കൈവെട്ട് ശിക്ഷകള്‍ പോലുള്ള ശിക്ഷകള്‍ ഏറ്റുവാങ്ങുന്ന കുറ്റമായി. ആളുകള്‍ പരസ്യമായി വിചാരണ ചെയ്ത് ശിക്ഷിക്കപ്പെട്ടു. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്രം നിയന്ത്രിക്കപ്പെട്ടു. മുഖം മറയ്ക്കണമെന്നത് കര്‍ശനമായി. 

താലിബാന്‍ തീവ്രവാദികള്‍ക്ക് വിവാഹം കഴിക്കാനായി വീടുകളില്‍ നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയ കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ജനങ്ങള്‍ വീണ്ടും താലിബാന്‍റെ അധിക്രമത്തിന് കീഴിലകപ്പെട്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വരുന്ന സമയത്ത് തന്നെയാണ് ഹൈ കൗൺസിൽ ഓഫ് നാഷണൽ റെസിസ്റ്റൻസ് രൂപികരിച്ചെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. 

ഒന്നെങ്കില്‍ തങ്ങളെയും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിപുലമാക്കുക. അല്ലെങ്കില്‍ ആഭ്യന്തരയുദ്ധത്തിന് തയ്യാറെടുക്കുക എന്നാണ് പുതിയ സഖ്യം താലിബാന് നല്‍കുന്ന മുന്നറിയിപ്പും. പുതിയ രാഷ്ട്രീയ വികാസത്തില്‍ അടിയന്തര യോഗം വളിച്ചിരിക്കുകയാണ് താലിബാനെന്നാണ് പുറത്ത് വരുന്ന വിവരം. 

Latest Videos

click me!