കര്‍ഷക സമരം; ദില്ലി ദേശീയ പാതയെ ഇളക്കി മറിച്ച് കർഷകരുടെ ട്രാക്ടർ റാലി
First Published | Jan 7, 2021, 3:46 PM ISTകേന്ദ്രസര്‍ക്കാരിന്‍റെ വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കഴിഞ്ഞ 42 ദിവസമായി ദില്ലി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നൂറ് കണക്കിന് ട്രാക്ക്ടറുകളുമായി ദില്ലിക്ക് മാര്‍ച്ച് നടത്തി. പതിനായിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. ഏതാണ്ട് 3,500 ഓളം ട്രാക്ടറുകളും ട്രോളികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത് ഉഗ്രഹന്‍) തലവന്‍ ജോഗീന്ദര്‍ സിങ് ഉഗ്രഹാന്‍ പറഞ്ഞു. ഇന്ന് രാവിലെ 11 മണിക്ക് കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ റാലി ആരംഭിച്ചു. ദില്ലി അതിര്‍ത്തികളായ സിംഗു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കര്‍ഷകരുടെ ട്രാക്ടര്‍ മാര്‍ച്ചിന് തുടക്കം കുറിച്ചത്. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ഡല്‍ഹിയില്‍ സ്ത്രീകളുടെ ട്രാക്ടര്‍ റാലി നടത്തുമെന്ന് നേരത്തെ കര്‍ഷകര്‍ പറഞ്ഞിരുന്നു. അതിന് മുന്നോടിയായ റിഹേഴ്സലാണ് ഇപ്പോള്‍ നടക്കുന്ന റാലിയെന്ന കര്‍ഷക സംഘടനകള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനകളും തമ്മില്‍ നടന്ന ആറ് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നാളെ ഏട്ടാം വട്ട ചര്‍ച്ച നടക്കുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാറില്‍ കൂടുതല്‍ സമ്മദ്ദം ചെലുത്താനാണ് കർഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. ദില്ലി കുണ്ഡലി - പൽവൽ എക്സ്പ്രസ് ഹൈവേയിൽ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ക്യാമറാമാന്‍ വസീം സെയ്ദി, റിപ്പോര്‍ട്ടര്‍ ധനേഷ് രവീന്ദ്രന്‍.