ആ കുടുംബ വീട് ഇപ്പോൾ എവിടെയെന്ന് അറിയില്ല; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ കാത്തിരിപ്പിന്റെ കഥ

By Web Team  |  First Published Nov 11, 2024, 6:09 PM IST

കാലക്രമേണ വീട് ഉണ്ടായിരുന്ന പ്രദേശം മാറിയെങ്കിലും സഞ്ജയ് ഖന്ന ഇപ്പോഴും അന്വേഷണം തുടരുകയാണ്. 


ദില്ലി: ഇന്ത്യയുടെ 51-ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്നും തന്റെ കുടുംബ വീട് കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് മുത്തച്ഛൻ സരവ് ദയാൽ അമൃത്സറിൽ നിർമ്മിച്ച വീടിനെ കുറിച്ചാണ് സഞ്ജീവ് ഖന്ന ഇപ്പോഴും അന്വേഷിക്കുന്നത്. അമൃത്സറിൽ എത്തുമ്പോഴെല്ലാം കത്ര ഷേർ സിംഗ് സന്ദർശിക്കുന്ന അദ്ദേഹം ഈ വീടിനെ കുറിച്ച് അന്വേഷിക്കാറുണ്ടെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

കാലക്രമേണ വീട് ഉണ്ടായിരുന്ന പ്രദേശം മാറിയെങ്കിലും സഞ്ജീവ് ഖന്ന ഇപ്പോഴും തൻ്റെ മുത്തച്ഛൻ നിർമ്മിച്ച വീട് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സഞ്ജീവ് ഖന്നയുടെ മുത്തച്ഛനും ജസ്റ്റിസ് എച്ച്.ആർ ഖന്നയുടെ പിതാവുമായ സരവ് ദയാൽ അക്കാലത്തെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. 1919-ൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നാലെ രൂപീകരിക്കപ്പെട്ട കോൺഗ്രസ് കമ്മിറ്റിയിൽ സരവ് ദയാലിനെയും ഉൾപ്പെടുത്തിയിരുന്നു. അക്കാലത്ത് അദ്ദേഹം രണ്ട് വീടുകൾ വാങ്ങിയിരുന്നു. ഇവയിൽ ഒന്ന് ജാലിയൻ വാലാബാഗിന് അടുത്തുള്ള കത്ര ഷേർ സിംഗിലും രണ്ടാമത്തേത് ഹിമാചൽ പ്രദേശിലെ ഡൽഹൗസിയിലും. ഇതിൽ കത്ര ഷേർ സിംഗിലുണ്ടായിരുന്ന വീടാണ് സഞ്ജീവ് ഖന്ന കണ്ടെത്താൻ ശ്രമിക്കുന്നത്.

Latest Videos

1947-ൽ സ്വാതന്ത്ര്യ സമയത്ത് കത്ര ഷേർ സിംഗിലെ വീട് ആക്രമിക്കപ്പെടുകയും അഗ്നിക്കിരയാകുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സഞ്ജീവ് ഖന്നയുടെ മുത്തച്ഛൻ തന്നെ അത് വീണ്ടും പുനർനിർമ്മിച്ചു. സഞ്ജീവ് ഖന്നയ്ക്ക് അഞ്ച് വയസ് പ്രായമുള്ളപ്പോൾ ഒരിക്കൽ അദ്ദേഹം തന്റെ പിതാവിനൊപ്പം ആ വീട് സന്ദർശിച്ചിരുന്നു. "മുത്തച്ഛൻ" എന്നർത്ഥം വരുന്ന 'ബൗജി' എന്നെഴുതിയ ഒരു ബോർഡ് ആ വീട്ടിൽ ഉണ്ടായിരുന്നു. ഈ അടയാളം ഇപ്പോഴും ഡൽഹൗസിയിലെ വീട്ടിൽ സഞ്ജീവ് ഖന്ന സൂക്ഷിച്ചിട്ടുണ്ട്. അവധിക്കാലത്ത് അവിടേയ്ക്ക് പോകുമ്പോൾ സ്കൂൾ പുസ്തകങ്ങൾ കൊണ്ടുവരരുതെന്ന് മുത്തച്ഛൻ പറഞ്ഞിരുന്നത് സഞ്ജീവ് ഖന്ന ഇന്നും ഓർക്കുന്നുണ്ട്. കാരണം താൻ നൽകുന്ന വിദ്യാഭ്യാസം പുസ്തകങ്ങളിൽ പോലും കാണില്ലെന്ന് മുത്തച്ഛൻ പറയുമായിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു. 1970-ൽ സരവ് ദയാലിൻ്റെ മരണശേഷം അമൃത്‌സറിലെ വീട് വിറ്റതായും  റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.

READ MORE: ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കപ്പെടും; ഹിന്ദു ദേവാലയങ്ങൾ തക‍ർക്കുമെന്ന് ഗുർപത്വന്ത് സിംഗ് പന്നു

click me!