ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമയാന പ്രദർശനമായ എയ്റോ ഇന്ത്യ ഷോ ബെംഗളുരുവിലെ യെലഹങ്ക എയർ ബേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പുതിയ കരുത്തും പ്രത്യാശയുമാണ് എയ്റോ ഇന്ത്യ പ്രതിഫലിപ്പിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. "ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ" എന്നതാണ് എയ്‌റോ ഇന്ത്യ 2023 ന്റെ തീം. രാജ്യം പ്രതിരോധ രംഗത്ത്ശാ ക്തീകരണത്തിന്റെ പാതയിലാണെന്ന് ആയിരുന്നു പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന്റെ വാക്കുകൾ.
എയ്‌റോ ഇന്ത്യ 2023-ൽ എയ്‌റോബാറ്റിക്‌സും എയ്‌റോസ്‌പേസ്, ഡിഫൻസ് കമ്പനികളുടെ എക്‌സിബിഷനും വ്യാപാര മേളയും ഉണ്ടായിരിക്കും. 2024-25 ഓടെ പ്രതിരോധ രംഗത്ത് 5 ബില്യൺ ഡോളർ വ്യാപാരത്തിലേക്ക് എത്തുക എന്നതാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് 55 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഇത് തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
98 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 809 കമ്പനികൾ എയ്‌റോ ഇന്ത്യ 2023-ൽ പങ്കെടുക്കുന്നു.അഞ്ച് ദിവസങ്ങളിലായി നടക്കുന്ന എയ്റോ ഷോയില്‍ 110 വിദേശ പ്രതിനിധിസംഘങ്ങൾ പങ്കെടുക്കുന്നുണ്ട്. പോർവിമാനങ്ങളും തദ്ദേശീയമായി നിർമിച്ച ഹെലികോപ്റ്ററുകളും എയ്റോ ഷോയിൽ അണിനിരക്കുന്നുണ്ട്.
സൂര്യകിരൺ, വരുണ, ത്രിശൂൽ എന്നിങ്ങനെ വ്യോമസേനയുടെ അഭിമാനമായ വിമാനങ്ങളും ധ്രുവ്, രുദ്ര, പ്രചണ്ഡ എന്നിങ്ങനെയുള്ള ഹെലികോപ്റ്ററുകളും ഷോയുടെ മുഖ്യ ആകർഷണമാണ്.
വിവിധ ഇന്ത്യൻ, വിദേശ പ്രതിരോധ കമ്പനികൾ തമ്മിൽ 75,000 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്ന 251 കരാറുകൾ ഒപ്പുവെച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എയർബസ് എസ്ഇ, ബോയിംഗ് കോ എന്നിവയിൽ നിന്ന് 100 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന 500 ജെറ്റുകൾ വാങ്ങുന്നതിനുള്ള റെക്കോർഡ് സാധ്യതയുള്ള കരാർ എയർ ഇന്ത്യ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്' എന്നീ ആശയങ്ങളുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്യുന്നതിലാണ് ഇവന്റ് കേന്ദ്രീകരിക്കുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
ഷോയിൽ പങ്കെടുക്കുന്നവർക്ക്, ഡിസൈൻ രംഗത്തെ രാജ്യത്തിന്റെ വികസനം, ആളില്ലാ വിമാന വ്യവസായത്തിലെ വിപുലീകരണം, സ്പേസ് പ്രൊട്ടക്ഷൻ, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവ നിരീക്ഷിക്കാൻ കഴിയും. കൂടാതെ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ)-തേജസ്, എച്ച്ടിടി-40, ഡോർണിയർ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ (എൽയുഎച്ച്), അഡ്വാൻസ്ഡ് ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ (എൽസിഎച്ച്), തുടങ്ങിയ ഇന്ത്യ ആഭ്യന്തരമായി നിർമ്മിക്കുന്ന എയർക്രാഫ്റ്റുകളുടെ കയറ്റുമതിക്ക് എയ്‌റോ ഇന്ത്യ ഷോ കാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതിരോധ ബഹിരാകാശ മേഖലകളില്‍ നമ്മുടെ രാജ്യത്തിനുള്ള പരിധിയില്ലാത്ത സാധ്യതകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുളള മികച്ച വേദിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ കരുത്തിന്റെ ഉദാഹരണങ്ങളാണ് തേജസ് വിമാനവും ഐഎൻഎസ് വിക്രാന്തും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എയർബസ്, ബോയിംഗ്, ദസ്സാൾട്ട് ഏവിയേഷൻ, ലോക്ക്ഹീഡ് മാർട്ടിൻ, ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്‌ട്രി, ബ്രഹ്മോസ് എയ്‌റോസ്‌പേസ്, ആർമി ഏവിയേഷൻ, എച്ച്‌സി റോബോട്ടിക്‌സ്, സാബ്, സഫ്രാൻ, റോൾസ് റോയ്‌സ്, റോൾസ് റോയ്‌സ്, ഭാരത് ഫോർജ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ), ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎൽ), ബിഇഎംഎൽ ലിമിറ്റഡ് തുടങ്ങിയ രാജ്യാന്തര, ആഭ്യന്തര എക്‌സിബിറ്ററുകളുടെ ഒരു ശ്രേണി എയ്‌റോ ഇന്ത്യ 2023 -ൽ പ്രദർശിപ്പിക്കും.