'രാമഗംഗ ദേശീയോദ്യാന'മെന്ന് ജിം കോർബറ്റ് ദേശീയോദ്യാനത്തിന്‍റെ പേര് മാറ്റണമെന്നായിരുന്നു ആവശ്യം. വിവാദത്തിന് തുടക്കമിട്ടത് കേന്ദ്ര വനം -പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെയായിരുന്നു. കഴിഞ്ഞ ഒക്ടോബർ 3 -ന് പാർക്ക് സന്ദർശിച്ച അശ്വിനി കുമാർ ചൗബെ , ജിം കോർബറ്റ് ദേശീയോദ്യാനത്തിന്‍റെ സന്ദർശകരുടെ പുസ്തകത്തിൽ പാര്‍ക്കിനെ രാമഗംഗ നാഷണൽ പാർക്ക് എന്ന് വിശേഷിപ്പിച്ചു.
ഇതോടെയാണ് ദേശീയോദ്യാനത്തിന്‍റെ പേരുമാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. "രാമഗംഗ നാഷണൽ പാർക്ക് ( കോർബറ്റ് ടൈഗർ റിസർവ് ) വളരെ ആകർഷകവും പ്രകൃതിയാൽ ചുറ്റപ്പെട്ടതുമാണ്" എന്നായിരുന്നു ചൗബി എഴുതിയത്. കാർബറ്റ് പാർക്ക് ഡയറക്ടർ രാഹുൽ ഇത് സ്ഥിരീകരിച്ചു. പാർക്കിന് മുമ്പ് ഉണ്ടായിരുന്നതുപോലെ ഒരു 'ഇന്ത്യൻ' പേര് ലഭിക്കണമെന്ന് മന്ത്രി പറഞ്ഞിരുന്നതായി രാഹുല്‍ വ്യക്തമാക്കി. സർക്കാർ അത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചാല്‍ ഞങ്ങൾ അത് പാലിക്കുമെന്നും രാഹുൽ പറഞ്ഞു.
എന്നാല്‍, ജിം കോർബറ്റ് ദേശീയോദ്യാനത്തിന്‍റെ പേര് രാമഗംഗ ദേശീയോദ്യാനം എന്ന് മാറ്റുന്നതിനെക്കുറിച്ച് ഒരു നിർദ്ദേശവും ലഭിച്ചിട്ടില്ലെന്നും അത്തരമൊരു നീക്കത്തിന് തങ്ങള്‍ തയ്യാറല്ലെന്നും സംശയത്തിന് ഇടയില്ലാത്ത വിധം ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ ഇന്നലെ വ്യക്തമാക്കി.
കോർബറ്റ് ഒരു ദേശീയ അഭിമാനമാണെന്നും അത് ഒരു വെറും പേരല്ലെന്നും വനം മന്ത്രി ഹരക് സിംഗ് റാവത്ത് പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. കുമയോൺ, ഗർവാൾ അല്ലെങ്കിൽ ഉത്തരാഖണ്ഡ് എന്നിങ്ങനെ ഒരു പ്രത്യേക പ്രദേശത്ത് ഒതുക്കാന്‍ പറ്റിയ ഒന്നല്ല ജിം കോര്‍ബറ്റ്.
അത് ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്ന ഒരു ഇതിഹാസവും ദേശീയ അഭിമാനവുമാണ്. പാർക്കിന്‍റെ പേര് മാറ്റുന്നത് പ്രായോഗികമല്ലെന്നും റാവത്ത് പറഞ്ഞു. പേര് മാറ്റുന്നത് സംബന്ധിച്ച് സംസ്ഥാനത്തിന് കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഇതുവരെയായും ഒരു നിര്‍ദ്ദേശവും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഒരു നദിയുടെ പേരാണ് രാമഗംഗ. മുതലകള്‍ കൂടുതലുള്ള പ്രദേശമാണിത്. ബ്രിട്ടീഷ് സര്‍ക്കാര്‍ 1936 ലാണ് ഹെയ്‍ലി ദേശീയോദ്യാനം സ്ഥാപിക്കുന്നത്. സ്വാതന്ത്ര്യാനന്തരം, 1950-കളുടെ തുടക്കത്തിൽ പാർക്കിന്‍റെ പേര് ജിം കോർബറ്റ് ദേശീയോദ്യാനം എന്ന് മാറ്റി.
എന്നാല്‍ അതിന് മുമ്പ് കുറച്ച് കാലത്തേക്ക് ദേശീയോദ്യാനത്തിന് 'രാമഗംഗ ദേശീയോദ്യാനം' എന്ന പേരിട്ടിരുന്നു. ഇതിന്‍റെ ബലത്തിലാണ് പേര് മാറ്റത്തെ കുറിച്ചുള്ള ഇപ്പോഴത്തെ വിവാദത്തിന് അശ്വിനി കുമാർ ചൗബെ ശ്രമിച്ചത്. ബ്രിട്ടീഷ് വംശജനായ വേട്ടക്കാരനും, പ്രകൃതിശാസ്ത്രജ്ഞനുമായ എഡ്വേർഡ് ജെയിംസ് കോർബറ്റ് (Edward James Corbet 1875- 1955) -നോടുള്ള രാജ്യത്തിന്‍റെ ബഹുമാനാര്‍ത്ഥമാണ് ദേശീയോദ്യാനത്തിന് അദ്ദേഹത്തിന്‍റെ പേര് നല്‍കിയത്.
നിരവധി നരഭോജി കടുവകളെയും പുള്ളിപ്പുലികളെയും വേട്ടയാടിയ എഴുത്തുകാരന്‍ കൂടിയായിരുന്നു ജിം കോര്‍ബറ്റ്. അക്കാലത്തെ ഇന്ത്യയിലെ ധാരാളം നരഭോജി കടുവകളെയും പുള്ളിപ്പുലികളെയും വേട്ടയാടിയ എഴുത്തുകാരന്‍ കൂടിയായിരുന്നു ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ കേണൽ പദവി വഹിച്ചിരുന്ന അദ്ദേഹം.
അന്നത്തെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ആഗ്ര, ഊദ് എന്നീ പ്രദേശശങ്ങള്‍ ഭരിച്ചിരുന്ന സർക്കാരുകള്‍ നിരന്തരം വിളിച്ചിരുന്നു. കുമയൂൺ-ഗർവാൾ മേഖലകളിലെ അടുത്തുള്ള ഗ്രാമങ്ങളിലെ ആളുകളും അദ്ദേഹത്തിന്‍റെ സഹായം തേടിയിരുന്നു.
എല്ലാവരുടെയും ആവശ്യം നരഭോജി കടുവകളെ കൊല്ലുകയെന്നതായിരുന്നു. ഒരു പക്ഷേ ഇന്ത്യയില്‍ ആദ്യമായി വന്യജീവികളെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചയാള്‍ കൂടിയാണ് ജിം കോര്‍ബറ്റ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ആഫ്രിക്കയിലേക്ക് താമസം മാറ്റിയ അദ്ദേഹം 1955 ല്‍ അവിടെ വച്ച് മരിച്ചു. ബിയർ ഗ്രില്ലിന്‍റെ ' wild Vs Man'എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുത്ത വനപ്രദേശമാണ് ജിം കോര്‍ബറ്റ് ദേശീയോദ്യാനം.