Samba Border: പാക് - ഇന്ത്യാ അതിര്‍ത്തിയായ സാംബയില്‍ 150 മീറ്റര്‍ തുരങ്കം; ഒന്നര വര്‍ഷത്തിനിടെ അഞ്ചാമത്തേത്

First Published | May 5, 2022, 1:13 PM IST

മ്മുകശ്മീരിലെ സാംബ പ്രദേശത്തിന് എതിര്‍വശത്തുള്ള ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ചക് ഫക്വിറ പ്രദേശത്ത് പാക് ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ഉപയോഗിച്ചിരുന്ന 150 മീറ്റര്‍ തുരങ്കം കണ്ടെത്തി. ഈ പ്രദേശത്ത് രണ്ടാഴ്ച നീണ്ട ആന്‍റി ടണലിംഗ് അഭ്യാസത്തിനിടെയാണ് ബിഎസ്എഫ് സൈനികര്‍ ഈ തുരങ്കം കണ്ടെത്തിയത്. തുരങ്കം പുതുതായി കുഴിച്ചതാണെന്ന് ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാനില്‍ നിന്ന ഇന്ത്യയിലേക്ക് നീളുന്ന തുരങ്കത്തിന് ഏതാണ്ട് 150 മീറ്റര്‍ നീളമുണ്ടാകാമെന്ന് കരുതുന്നു. വരാനിരിക്കുന്ന അമർനാഥ് യാത്രയ്ക്ക് നേരെ അക്രമം നടത്താനുള്ള പാക് ഭീകരുടെ നീക്കം ഇതിലൂടെ തടസ്സപ്പെടുത്തിയതായി ജമ്മു ബിഎസ്എഫ് അവകാശപ്പെട്ടു. 

തുരങ്കത്തിന്‍റെ തുറന്ന ഭാഗത്തിന് ഏതാണ്ട് 2 അടിയാണ് വ്യാസം.  ഇതുവരെ പ്രദേശത്ത് നിന്ന് 21 മണൽ ചാക്കുകൾ കണ്ടെടുത്തു. അവ തുരങ്കത്തിന്‍റെ പുറത്തേക്കുള്ള ഭാഗം ശക്തിപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നു. പകൽ സമയത്ത് തുരങ്കത്തിന്‍റെ വിശദമായ തിരച്ചിൽ നടത്തുമെന്നും ബിഎസ്എഫ് അറിയിച്ചു.

ഒന്നര വർഷത്തിനുള്ളിൽ കണ്ടെത്തുന്ന അഞ്ചാമത്തെ തുരങ്കമാണിത്. ഇന്ത്യയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാനുള്ള പാകിസ്ഥാൻ ഭരണകൂടത്തിന്‍റെ ദുഷ്ട തന്ത്രമാണ് ഇത് കാണിക്കുന്നതെന്ന് ബിഎസ്എഫ് ആരോപിച്ചു. 

Latest Videos


അതിർത്തികൾ സംരക്ഷിക്കുന്നതിനും അതിർത്തിയിലെ ജനങ്ങൾക്കിടയിൽ സുരക്ഷിതത്വബോധം സൃഷ്ടിക്കുന്നതിനും ബിഎസ്എഫ് എപ്പോഴും മുൻപന്തിയിലാണെന്നും അറിയിച്ചു. 

പ്രദേശത്ത് കൂടുതല്‍ തുരങ്കങ്ങള്‍ ഉണ്ടോയെന്ന പരിശോധന വരും ദിവസങ്ങളില്‍ നടക്കുമെന്നും ബിഎസ്എഫ് അറിയിച്ചു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെഎം) എന്ന ഭീകരസംഘടനയുടെ രണ്ട് ചാവേർ ബോംബർമാർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ഉപയോഗിച്ചതാണ് ഈ തുരങ്കമെന്ന് ബിഎസ്എഫ് അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രിൽ 22 ന് ജമ്മുവിലെ സുൻജ്‌വാൻ ഏരിയയിൽ ഒരു അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടറെ കൊലപ്പെടുത്തിയ ജെയ്‌ഷെ ഭീകരര്‍ സിഐഎസ്‌എഫ് ബസ് ആക്രമിച്ചിരുന്നു. ഇതിന് രണ്ട് ചാവേർ ബോംബർമാരെ പിന്നാലെ സുരക്ഷാ സേന വെടിവെപ്പിൽ കൊലപ്പെടുത്തിയിരുന്നു.

ഈ സംഭവം നടന്ന് രണ്ട് ആഴ്ചകള്‍ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ തുരങ്കം കണ്ടെത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇത്തരത്തില്‍ 11 തുരങ്കങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം ജനുവരിയിൽ കത്വ ജില്ലയിലെ ഹിരാനഗർ സെക്ടറിൽ രണ്ട് തുരങ്കങ്ങൾ സൈന്യം കണ്ടെത്തിയിരുന്നു. 

ഇപ്പോള്‍ കണ്ടെത്തിയ തുരങ്കം അതിർത്തി ഔട്ട്‌പോസ്റ്റായ ചക് ഫക്വിറയിൽ നിന്ന് 300 മീറ്ററും അവസാനത്തെ ഇന്ത്യൻ ഗ്രാമത്തിൽ നിന്ന് 700 മീറ്ററും അകലെയാണ്. അതിർത്തിക്കപ്പുറത്ത് നിന്നുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ, ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്ത്, ഡ്രോൺ പ്രവർത്തനം എന്നിവ തടയാൻ കർശനമായ ജാഗ്രത പുലർത്തുമെന്നും ബിഎസ്എഫ് അറിയിച്ചു. 
 

click me!