Kottayam Pradeep: സിനിമാ സംഭാഷണങ്ങള്‍ക്ക് സ്വന്തം ഭാഷ്യം രചിച്ച നടന്‍

First Published | Feb 17, 2022, 11:09 AM IST

സിനിമാ പശ്ചാത്തലങ്ങളൊന്നും കോട്ടയം പ്രദീപിന് (Kottayam Pradeep-61)ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്ന സിനിമാ ബന്ധം കോട്ടയം ജില്ലയിലെ തിരുവാതുക്കലുള്ള തന്‍റെ വീട്ടിന് തൊട്ടടുത്തുള്ള രാധാകൃഷ്ണടാക്കീസിലെ സിനിമ കാണലാണ്. സിനിമ കാണല്‍ എന്നതിനേക്കാള്‍ സിനിമ കേള്‍ക്കുകയായിരുന്നു അദ്ദേഹം. ഒരിക്കല്‍ ഒരു ഇന്‍റര്‍വ്യൂവില്‍ കോട്ടയം പ്രദീപ് തന്നെ പറഞ്ഞത്, ' ശനിയും ഞായറും അവധിയാണ്. അന്നൊക്കെ ഷോ തുടങ്ങുമ്പോള്‍ മുതല്‍ തീയറ്ററിന് പുറത്തുണ്ടാവും. സിനിമയുടെ ഡയലോഗ് കേള്‍ക്കാന്‍. അന്നൊക്കെ അതാണ് പ്രധാന ജോലി.' അങ്ങനെ കേട്ട സിനിമാ ഡയലോഗുകള്‍ക്ക് അദ്ദേഹം സ്വന്തം ഭാഷ്യം രചിച്ചു. ഒടുവില്‍ മകനെ അഭിനേതാവാക്കാന്‍ ആഗ്രഹിച്ച പ്രദീപ്, പിന്നെ മലയാള സിനിമയിലെ ക്യാറക്ടര്‍ റോളുകള്‍ ഭംഗിയായി ചെയ്യുന്ന നടനായി മാറി. അഭിനയത്തോടൊപ്പം തന്നെ അദ്ദേഹത്തിന്‍റെ ഡയലോഗ് പ്രസന്‍റേഷനും ഏറെ ശ്രദ്ധിക്കപ്പെട്ടു. കോട്ടയത്ത് ജനിച്ച് ജീവിച്ച പ്രദീപിന് സ്വന്തമായൊരു സംഭാഷണ ചാരുതയുണ്ടായിരുന്നു. അത് തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ കൈമുതലും. 

സിനിമയുമായി ബന്ധമില്ലായിരുന്നെങ്കിലും നാടകം പ്രദീപിന്‍റെ കളരിയായിരുന്നു. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രദീപ് 'തട്ടേല്‍ കേറു'ന്നത്. കഴിഞ്ഞ അമ്പത് വര്‍ഷമായി അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. 

നാടക രംഗത്തെ ഈ പരിചയം തന്നെയാകാം ഡയലോഗുകളില്‍ തന്‍റെതായ ഒരു ശൈലി രൂപപ്പെടുത്താന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവുക. സിനിമയില്‍ നിന്നും വ്യത്യസ്തമായി നാടകാസ്വാദകര്‍ക്ക് കേള്‍ക്കാനായി നാടക അഭിനേതാക്കള്‍ അഭിനയത്തേക്കാള്‍ അല്പം പ്രാധാന്യം സംഭാഷണങ്ങള്‍ക്ക് നല്‍കിയിരുന്ന കാലം കൂടിയായിരുന്നു അത്. 

Latest Videos


നാടകത്തില്‍ നിന്നുള്ള അനുഭവ സമ്പത്തുമായിട്ടായിരുന്നു പ്രദീപിന്‍റെ സിനിമാ രംഗപ്രവേശനം. പഠനത്തിന് ശേഷം മൂന്നാല് വർഷം സഹോദരിയുടെ മെഡിക്കൽ ഷോപ്പ് നോക്കി നടത്തിയ പ്രദീപ് പിന്നീട് എൽഐസിയിൽ അസിസ്റ്റന്‍റായി ജോലിക്ക് കയറി. 

വിവാഹിതനായ ശേഷമാണ് പ്രദീപ് തന്‍റെ അഭിനയ ജീവിതത്തിന് പുതിയൊരു മേഖല കണ്ടെത്തുന്നത്. സുഹൃത്ത് ആർട്ടിസ്റ്റ്–കോ ഓർഡിനേറ്റർ‌ റഫീഖ് മുഖേന അദ്ദേഹം സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തന്‍റെ അഭിനയത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിച്ചു. 

(കോട്ടയം പ്രദീപും കുടുംബവും)

രണ്ട് പതിറ്റാണ്ടിനിടെ അറുപതിലേറെ ചിത്രങ്ങളില്‍ കോട്ടയം പ്രദീപ് അഭിനയിച്ചിട്ടുണ്ട്. ഐവി ശശിയുടെ സിനിമയിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് വരുന്നത്. അങ്ങനെ  1999 ല്‍  'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെ നാടകത്തില്‍ നിന്ന് പ്രദീപ് ക്യാമറയ്ക്ക് മുന്നിലേക്ക് തന്‍റെ അഭിനയ ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. 

ആദ്യമൊക്കെ ജൂനിയര്‍ നടനായിരുന്നു. പലപ്പോഴും ഡയലോഗ് പോലുമില്ലാത്ത കഥാപാത്രങ്ങള്‍. പിന്നീട് ചെറിയ ചെറിയ സംഭാഷണങ്ങള്‍. അങ്ങനെ ഏറെ പ്രതിബന്ധങ്ങളെ നേരിട്ടായിരുന്നു പ്രദീപ് എന്ന നടന്‍റെ വളര്‍ച്ച. 

2010 ല്‍ ഗൗതം വാസുദേവ് മേനോന്‍റെ  'വിണ്ണെ താണ്ടി വാരുവായ' എന്ന ചിത്രത്തിലേക്ക് തെര‍ഞ്ഞെടുക്കപ്പെടും വരെ പ്രദീപ് മലയാള സിനിമയില്‍ പോലും അദൃശ്യനായ നടനായിരുന്നെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. വളരെ ചെറുതെങ്കിലും വിണ്ണെ താണ്ടി വാരുവായ എന്ന ചിത്രത്തില്‍ സംഭാഷണ ശൈലിയുടെ വ്യത്യസ്തതയിലൂടെ അദ്ദേഹം തമിഴിലും മലയാളത്തിനും നിരവധി ആരാധകരെ സൃഷ്ടിച്ചു.

'മലയാളിയായ' തൃഷയുടെ അമ്മാവന്‍ കഥാപാത്രവും ആ കഥാപാത്രത്തിന്‍റെ ഡയലോഗ് ടെലിവറികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. "ഫിഷുണ്ട്‌... മട്ടനുണ്ട്‌... ചിക്കനുണ്ട്‌... കഴിച്ചോളൂ... കഴിച്ചോളൂ... " എന്ന് വീട്ടില്‍ വിരുന്നെത്തിയവരോട് പറയുന്ന സംഭാഷണം മലയാളിയേയും തമിഴനെയും ഒരു പോലെ ആകര്‍ഷിച്ചു. 

അതോടെ ഹ്രസ്വമായ ഹാസ്യ വേഷങ്ങളില്‍ നിന്ന് കുറച്ചുകൂടി വലിയ കഥാപാത്രങ്ങളിലേക്ക് പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു തുടങ്ങി. അപ്പോഴേക്കും അദ്ദേഹത്തിന്‍റെ അഭിനയമുദ്രയായി ഡയലോഗ് ടെലിവറികള്‍ മാറിക്കഴിഞ്ഞിരുന്നു. എന്നാല്‍, മറ്റ് നടന്മാരില്‍ നിന്ന് പ്രദീപിനെ വ്യത്യസ്തനാക്കിയതും, ഇത്തരം കുറുകിയ വളരെ ചെറിയ വാക്കുകളിലുള്ള സംഭാഷണങ്ങളും അവതരണത്തിലെ വ്യത്യസ്തതയുമായിരുന്നു. 

ഇന്ന് സാമൂഹിക മാധ്യമങ്ങളില്‍ ആ ഡയലോഗുകള്‍ ഏറെ ശ്രദ്ധനേടുന്നു. പലപ്പോഴും ട്രോളുകള്‍ക്കും മീമുകള്‍ക്കും അദ്ദേഹത്തിന്‍റെ ഡയലോഗ് പ്രസന്‍റേഷനുകള്‍ ഉപോഗിക്കപ്പെടുന്നു. നാട്ടുകാരന്‍, അമ്മാവന്‍, ചേട്ടന്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങിയ വേഷങ്ങളായിരുന്നു അദ്ദേഹത്തെ തേടി മിക്കവാറും എത്തിയിരുന്നത്. തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്‍റെ വേഷം പ്രദീപിന്‍റെ കൈകളില്‍ ഭദ്രമായിരുന്നു. 

ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി, തോപ്പില്‍ ജോപ്പന്‍, ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീങ്ങനെ നിരവധി സിനിമകളില്‍ പ്രദീപിന്‍റെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മലയാളത്തിന് പുറമേ തമിഴില്‍ നിന്നും അദ്ദേഹത്തെ തേടി അവസരങ്ങളെത്തി. രാജാ റാണി, നന്‍പനട തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. 2020 ലായിരുന്നു അദ്ദേഹത്തിന്‍റെ അവസാന മലയാള ചിത്രം പുറത്തിറങ്ങിയത്, 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ'. മോഹന്‍ലാല്‍ നായകനായി എത്തുന്ന 'ആറാട്ടാ'ണ് പ്രദീപ് അഭിനയിച്ച അവാസനത്തെ ചിത്രം.

click me!