UP Election 2022: പശ്ചിമ യുപിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്; നഗരങ്ങളേക്കാള്‍ പോളിങ് കൂടുതല്‍ ഗ്രാമങ്ങളില്‍

First Published | Feb 10, 2022, 3:32 PM IST

ഴ് ഘട്ടമായി നടക്കുന്ന ഉത്തര്‍പ്രദേശ് വോട്ടെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് (Uttar Pradesh Election 2022) ഇന്ന് രാവിലെ തുടങ്ങി.  കര്‍ഷക - ജാട്ട് വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന പശ്ചിഉത്തര്‍പ്രദേശിലെ പതിനൊന്ന് ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഉച്ച പിന്നിടുമ്പോഴും വെറും 30 ശതമാനം പോളിങ്ങാണ് നടന്നത്. 2.27 കോടി വോട്ടര്‍മാരാണ് പശ്ചിമ ഉത്തര്‍ പ്രദേശിലുള്ളത്. ഒമ്പത് മന്ത്രിമാരടക്കം 623 സ്ഥാനാര്‍ത്ഥികളുടെ ഭാഗധേയമാണ് ഇന്ന് നിര്‍ണ്ണയിക്കപ്പെടുക. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന കണക്കനുസരിച്ച് 35 ശതമാനം പോളിങ്ങ് മാത്രമാണ് ഇതുവരെ നടന്നത്.  പശ്ചിമയുപിയിലെ വിവിധ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് ക്യാമനാമാന്മാരായ വടിവേല്‍ പി, ഷിജോ ജോര്‍ജ്ജ് എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍. 

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ (West UP) കര്‍ഷകര്‍ക്ക് ഏറെ സ്വാധീനമുള്ള മുസഫിര്‍നഗര്‍ (Muzaffarnagar),ബുലന്ദ്ഷെഹര്‍ (Bulandshahr) , ബാഗ്പത് (Baghpat) തുടങ്ങിയ ജില്ലകളിലാണ് കനത്ത പോളിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് തങ്ങള്‍ക്കുള്ള ട്രന്‍റാണെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍. 

കഴിഞ്ഞ തവണ പശ്ചിമയുപിയില്‍ നിന്ന് 58 ല്‍ 53 മണ്ഡലങ്ങളും കീഴടക്കിയാണ് യുപി ബിജെപി ഭരണമേറ്റത്. അതേ സമയം പ്രതിപക്ഷ കക്ഷികള്‍ക്ക് ലഭിച്ചത് വെറും അഞ്ച് സീറ്റുകള്‍. അതുകൊണ്ട് തന്നെ കഴിഞ്ഞ വിജയം ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. 


വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഗാസിപ്പൂരില്‍ സമരം നയിച്ച കര്‍ഷകരില്‍ ഭൂരിപക്ഷവും പശ്ചിമയുപിയില്‍ നിന്നുള്ളവരാണെന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പോരാടിയ കര്‍ഷകരും കരിമ്പിന് വില ഇല്ലാതായതോടെ അസംപ്തിയിലായ കരിമ്പ് കര്‍ഷകരും ഇത്തവണ ബിജെപിയെ കൈയൊഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. 

ന്യൂനപക്ഷ കേന്ദ്രങ്ങളിലും വോട്ടിങ്ങ് ശതമാനം കൂടുതലായത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് എസ്പി - ആര്‍എല്‍ഡി സഖ്യം കണക്കുകൂട്ടുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥികളില്‍ 40 ശതമാനം സ്ത്രീകളെ നിര്‍ത്തി മത്സരിക്കുന്ന കോണ്‍ഗ്രസ് വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ ശക്തമായ സ്ത്രീ സാന്നിധ്യം തങ്ങള്‍ക്കനുകൂലമാകുമെന്ന് കണക്കുകൂട്ടുന്നു. 

വോട്ടെടുപ്പിന് തൊട്ട് മുമ്പ് പോലും പ്രധാനമന്ത്രി മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞത് സമാജ്‍വാദി പാര്‍ട്ടി ഭരണത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയില്ലെന്നാണ്. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ യോഗി ആദിത്യനാഥിന് കഴിഞ്ഞുവെന്ന് തന്നെയാണ് ബിജെപി പ്രചാരണരംഗത്ത് അവകാശപ്പെടുന്നത്. 

കഴിഞ്ഞ വര്‍ഷങ്ങളില്‍ യുപിയില്‍ നടന്ന എല്ലാ ബലാത്സംഗ കേസുകളിലും സജീവമായി ഇടപെട്ട് രംഗത്തുണ്ടായത്  പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസുമായിരുന്നു. മറ്റ് ഭരണപ്രതിപക്ഷ പര്‍ട്ടികളൊന്നും രംഗത്തെത്താതിരുന്ന ആ കാലത്ത് ജനങ്ങള്‍ക്കിടയില്‍ നിന്ന് വിഷയം ഉയര്‍ത്തിക്കൊണ്ട് വരാന്‍ കഴിഞ്ഞെന്നും ഇതൊന്നും ജനം മറക്കില്ലെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. സ്ത്രീ വോട്ടര്‍മാര്‍  പ്രയങ്കയുടെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.  

നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശത്ത് കൂടുതല്‍ വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്താനെത്തിയത് തങ്ങള്‍ക്ക് അനുകൂലമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അവകാശപ്പെടുന്നു. അതിനിടെ കര്‍ഷക സമരകാലത്ത് ലഖിംപൂര്‍ഖേരിയില്‍ കര്‍ഷകരെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചു.

ഒന്നാംഘട്ട വോട്ടെടുപ്പിനിടെ തന്നെ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത് കര്‍ഷക രോഷം ബിജെപിക്ക് എതിരാക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷ കക്ഷികള്‍. ആശിഷിനെ അറസ്റ്റ് ചെയ്യുകയും അച്ഛന്‍ അജയ് മിശ്രയെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുകയും വേണമെന്ന കര്‍ഷകരുടെ ആവശ്യത്തോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന നിലപാടാണ് ബിജെപി കൈക്കൊണ്ടത്. ഇത് കര്‍ഷകരെ ബിജെപിക്കെതിരായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുമെന്ന കണക്കുകൂട്ടലിലാണ് പ്രതിപക്ഷം. 

സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ച മിഷന്‍ യുപി പദ്ധതി ബിജെപിക്കെതിരായ കര്‍ഷക നീക്കമായിരുന്നു. ബിജെപിക്കൊഴികെ മറ്റാര്‍ക്ക് വേണമെങ്കിലും വോട്ട് ചെയ്യാമെന്ന് വീടുവീടാന്തരം കേറി കര്‍ഷകര്‍ പ്രചാരണം നടത്തിയിരുന്നു. ഈ കര്‍ഷക പ്രചാരണം വോട്ടായി തങ്ങള്‍ക്കനുകൂലമാകുമെന്നാണ് എസ്പിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്‍റെ കണക്ക് കൂട്ടല്‍.

അതിനിടെ വിവാദമായ പ്രസ്ഥാവനയുമായി യോഗി രംഗത്തെത്തി. 'തീർച്ചയായും വോട്ട് ചെയ്യൂ, നിർബന്ധമായും ചെയ്യൂ, നിങ്ങളുടെ ഒരു വോട്ട് ഉത്തർപ്രദേശിന്‍റെ ഭാവി നിർണയിക്കും. അല്ലെങ്കിൽ ഉത്തർപ്രദേശ് കശ്മീരും കേരളവും ബംഗാളും പോലെയാകും', എന്ന് യോഗി പറയുന്ന വീഡിയോ യുപി ബിജെപിയുടെ ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്തത് വിവാദമായി. പ്രതിപക്ഷ നേതാക്കള്‍ ഒന്നടക്കം യോഗിക്കെതിരെ രംഗത്തെത്തി. 

''നീതി ആയോഗിന്‍റെ ഏറ്റവും പുതിയ സാമൂഹ്യവികസനസൂചിക അനുസരിച്ച് എല്ലാ മേഖലയിലും കേരളം റാങ്കിംഗിൽ ഏറ്റവും മുന്നിലാണ്. യുപി ഏറ്റവും പിന്നിലും. യുപി കേരളം പോലെയാകണമെങ്കിൽ തീർച്ചയായും ബിജെപിയെ തോൽപ്പിക്കേണ്ടിവരും'',എന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറഞ്ഞത്. രാജ്യത്തെ ഭയത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വോട്ട് ചെയ്യാനാനായിരുന്നു രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് ആവശ്യപ്പെട്ടത്. 

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് തെരഞ്ഞെടുപ്പ്. യോഗി മന്ത്രിസഭയിലെ 9 മന്ത്രിമാരുള്‍പ്പടെ മത്സരരംഗത്തുള്ളത് അറുനൂറ്റി പതിനഞ്ച് സ്ഥാനാര്‍ത്ഥികളാണ്. ജാട്ടുകള്‍ നിർണായക ശക്തിയാകുന്ന ഈ ഘട്ടത്തിൽ ഈ വിഭാഗത്തില്‍ നിന്ന് ബിജെപി പതിനേഴ് സ്ഥാനാര്‍ത്ഥികളേയും സമാജ്‍വാദി പാര്‍ട്ടി - ആര്‍എല്‍ഡി സഖ്യം 18 സ്ഥാനാര്‍ത്ഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. 

കര്‍ഷകരെ തൃപ്തിപ്പെടുത്താനുള്ള പ്രഖ്യാപനങ്ങളില്‍ മത്സരിച്ചാണ് സമാജ്‍വാദി പാര്‍ട്ടിയും ആര്‍എല്‍ഡിയും പ്രകടന പത്രികകള്‍ പുറത്തിറക്കിയത്. കര്‍ഷക രോഷം തിരിച്ചടിയായേക്കുമെന്ന കണക്കുകൂട്ടലില്‍ യോഗിയെ മാറ്റി നിര്‍ത്തി അമിത്ഷായാണ് ബിജെപിയുടെ പ്രചാരണത്തില്‍ നിറഞ്ഞു നിന്നത്. കര്‍ഷകരുടെ കേന്ദ്രമായ മുസഫര്‍ നഗർ അടക്കമുള്ള മണ്ഡലങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി അമിത്ഷാ വോട്ട് തേടിയതിന്‍റെ കാരണവും മറ്റൊന്നല്ല. 

വെര്‍ച്വല്‍ റാലികളിലൂടെ മാത്രമാണ് പ്രധാനമന്ത്രിയും സംസാരിച്ചത്. കര്‍ഷക രോഷത്തെ മറികടക്കാന്‍ ക്രമസമാധാനവും അക്രമസംഭവങ്ങൾ അടിച്ചമർത്തിയെന്നതും വോട്ടാക്കാൻ ശ്രമിച്ച്, ചർച്ചയാക്കുകയാണ് ബിജെപി. അതേസമയം കര്‍ഷകരുടെ പിന്തുണ ഉറപ്പിക്കുമ്പോഴും ജാട്ട് സമുദായം പൂര്‍ണ്ണമായും സമാജ്‍വാദി പാര്‍ട്ടി ആര്‍എല്‍ഡി സഖ്യത്തെ പിന്തുണക്കുമോയെന്നതും ചോദ്യമാണ്. 

ചൗധരി ചരണ്‍ സിംഗിന്‍റെ ചെറുമകന്‍ ജയന്ത് ചൗധരിയോടുള്ളത്ര താല്‍പര്യം ജാട്ടുകള്‍ക്ക് അഖിലേഷ് യാദവിനോടില്ല എന്നത് തന്നെ കാരണം. മാത്രമല്ല സഖ്യത്തിന്‍റെ സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ മുസ്ലീം വിഭാഗത്തിന് കാര്യമായ പിന്തുണ നല്‍കിയില്ലെന്ന പരാതിയും നിലനില്‍ക്കുന്നു. സ്ഥാനാര്‍ത്ഥി നിർണയത്തിലെ കല്ലുകടി പ്രചാരണ രംഗത്തും സഖ്യം നേരിട്ടിരുന്നതാണ്. 

ഉത്തര്‍പ്രദേശില്‍ വലിയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്നില്ലെന്നത് വ്യക്തമാക്കുന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രചാരണം. അമേഠിയില്‍ ഒരു ദിവസം പ്രചാരണം നടത്തിയതൊഴിച്ചാല്‍ രാഹുല്‍ ഗാന്ധിയെ ഉത്തര്‍ പ്രദേശില്‍ കണ്ടിട്ടേയില്ല. താരപ്രചാരകരുടെ നീണ്ട പട്ടിക പുറത്തിറക്കിയെങ്കിലും പ്രിയങ്കാഗാന്ധി മാത്രമാണ് സംസ്ഥാനത്തുടനീളം പ്രചാരണ രംഗത്തുണ്ടായത്. താര പ്രചാരകര്‍ പോലും പാര്‍ട്ട് വിട്ട് പോയത് കോണ്‍ഗ്രസിനെ തളര്‍ത്തുന്നു. സ്ത്രീ വോട്ടുകളില്‍ മാത്രമായി കോണ്‌‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ അസ്തമിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങളും സൂചിപ്പിക്കുന്നത്. 

പ്രചാരണരംഗത്ത് ഏറ്റവും ഒടുവിലാണ് ബിഎസ്പി സാന്നിധ്യമറിയിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലങ്ങളെ അപേക്ഷിച്ച് ബിഎസ്പി നിഴല്‍മാത്രമായൊതുങ്ങി.  ബിഎസ്പിയുടെ അഗാധമായ നിശബ്ദത ന്യൂനപക്ഷ വോട്ടുകളെ ഏത് ചെരിയിലെത്തിച്ചൂവെന്ന് വോട്ടെണ്ണലിന് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ. 

ആദ്യഘട്ടവോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേയാണ് യുപിയിൽ കോൺഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയ്ത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് എത്രമാത്രം ദുര്‍ബലമായി എന്ന് തന്നെയാണ് ഇത് വ്യക്തമാക്കുന്നത്. വോട്ടിങ്ങ് കേന്ദ്രങ്ങളിലെ സ്ത്രൂ സാന്നിധ്യം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും ആശങ്കയ്ക്ക് വകയില്ലെന്ന് തന്നെയാണ് കണക്കുക്കൂട്ടലുകള്‍. 

വൈദ്യുതി ബില്ലുകൾ പകുതിയാക്കുമെന്നും, കർഷകരുടെ കടം പത്ത് ദിവസത്തിനകം എഴുതിത്തള്ളുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയിലെ (Election Manifesto) പ്രധാന വാഗ്ദാനം. കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബത്തിന് ഉടനടി 25,000 രൂപ സഹായം നൽകും, ഏത് ചികിത്സയ്ക്കും യുപിയിലെ സർക്കാരാശുപത്രികളിൽ 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥിനികൾക്ക് സ്മാർട്ട് ഫോണുകൾ, കോളേജ് വിദ്യാർത്ഥിനികൾക്ക് ഇലക്ട്രിക് സ്കൂട്ടറുകൾ എന്നിങ്ങനെയാണ് പോകുന്നു കോണ്‍ഗ്രസ് വാഗ്ദാനങ്ങൾ.

ചൊവ്വാഴ്ചയാണ് എസ്പിയും ബിജെപിയും പ്രകടനപത്രികകൾ പുറത്തിറക്കിയത്. മൻരേഗയുടെ അതേ മാതൃകയിൽ നഗര തൊഴിലുറപ്പ് പദ്ധതിയാണ് എസ്പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്ന്. സ്ത്രീകൾക്ക് സർക്കാർ ജോലികളിൽ 33 ശതമാനം സംവരണം, 2025 ആകുമ്പോഴേക്ക് യുപിയിലെ കർഷകരെല്ലാവരും കടങ്ങളില്ലാത്തവരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'ലോൺ-ഫ്രീ 2025' എന്നിങ്ങനെ വാഗ്ദാനപ്പെരുമഴയുണ്ട് എസ്പിയുടെ പ്രകടനപത്രികയിൽ. ബിജെപിയാകട്ടെ, കാര്‍ഷിക പ്രശ്നങ്ങളെക്കാള്‍ കമ്മ്യൂണല്‍ വിഷയങ്ങള്‍ക്കാണ് പ്രധാനം നല്‍കിയിരിക്കുന്നത്.  ലൗ ജിഹാദ് കേസുകൾക്കുള്ള ശിക്ഷ ചുരുങ്ങിയത് പത്ത് വർഷത്തെ തടവും ഒരു ലക്ഷം രൂപ പിഴയും എന്നതാണ് യോഗിയുടെ പ്രധാന വാഗ്ദാനം. ജലസേചനത്തിനുള്ള വൈദ്യുതി, കർഷകർക്ക് സൗജന്യമായി നൽകുമെന്നും ബിജെപി പ്രകടന പത്രികയില്‍ അവകാശപ്പെടുന്നു. 

Latest Videos

click me!