പടയപ്പ അല്ല, ഇവന്‍ കാടന്‍ ജോര്‍ജ്ജ്; ദേവികുളത്ത് ഭയം വിതറി കാടന്‍ ജോര്‍ജ്ജ്

First Published | Feb 20, 2021, 3:18 PM IST

ന്നലെ രാത്രി അവന്‍ വീണ്ടും വന്നു. ക്ഷമിക്കണം, 'അവന്‍ വീണ്ടും വന്നു' എന്ന് പറയുന്നതില്‍ ഒരു ചെറിയ അപാകതയുണ്ട്. 'അവനും' വന്നിരിക്കുന്ന 'ഇവനും' ഒന്നാണോന്ന് ചോദിച്ചാല്‍ അറിയില്ല. ഏതാണ്ട് ഒരു പോലെയിരിക്കും അത്രമാത്രം. നീണ്ട കൊമ്പ് കണ്ടപ്പോള്‍ ആദ്യം പടയപ്പയാണെന്നാണ് നാട്ടാര് പറഞ്ഞത്. അങ്ങനെയാണെന്നാണ് എല്ലാവരും കരുതിയതും. പക്ഷേ, ആദ്യത്തെ പെട്ടിക്കടയ്ക്ക് തന്നെ കുത്തിയപ്പോള്‍ ആളുകള്‍ക്ക് സംശയം ഇത് പടയപ്പയല്ലേന്ന്.. പടയപ്പ അങ്ങനെയൊന്നും കട കുത്തിപ്പൊളിക്കില്ല. അവന്‍ നെറിയുള്ളോനാ... ! പിന്നെയിതാര്... ? പലപേരുകള്‍ അന്തരീക്ഷത്തിലേക്ക് തള്ളപ്പെട്ടു. ഭയം ഒരുള്‍വിളിയായി പുറകേ കൂടി... അങ്ങനെയാണ് റാപ്പിഡ് റസ്പോണ്‍സ് ടീമിനെ വിളിച്ച് കാര്യം പറഞ്ഞത്. അവര് ഇന്നലെ മുതല്‍ ആനയെ നിരീക്ഷിച്ച് പുറകേയുണ്ടെന്ന് പറഞ്ഞു. ചിത്രങ്ങള്‍ ബീന സുമേഷ്, ജോബി ജോര്‍ജ്ജ്. എഴുത്ത് ജോബി ജോര്‍ജ്ജ്. 

പറഞ്ഞ് വന്നത് എന്തിനെ കുറിച്ചാണന്നല്ലേ... ? ഇവിടെ ദേവികുളത്ത് സബ് കളക്ടര്‍ ബംഗ്ലാവിന് സമീപത്ത് ഇന്നലെ രാവിലെ ആറരയോടെ ഒരു കാട്ടാനയെത്തി. നീണ്ട കൊമ്പുള്ള അല്‍പ്പം മെലിഞ്ഞ, കാഴ്ചയില്‍ ചെറുപ്പമാണെന്ന് തോന്നിക്കുന്ന ഒരു കാട്ടാന.
undefined
ദേവികുളം സബ് കളക്ടറുടെ ബംഗ്ലാവിലേക്കുള്ള റോഡിലൂടെ നടന്ന് വന്ന് നാലും കൂടിയ വഴിക്കരികിലുള്ള രാജണ്ണന്‍റെ പെട്ടിക്കട അവന്‍റെ നീണ്ട കൊമ്പ് കൊണ്ട് കുത്തിത്തകര്‍ത്ത് എന്തൊക്കെയോ എടുത്ത് കഴിച്ച് മടങ്ങി.
undefined

Latest Videos


പല കാലത്തായി പലപ്പോഴായി നടക്കുന്നത് കൊണ്ട് തന്നെ ഇതൊരു സാധാരണ സംഭവമാണ് മൂന്നാറുകാര്‍ക്ക്. മൂന്നാറില്‍ ജോലിക്കെത്തിയ ആദ്യകാലത്ത് എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയ അത്ഭുതങ്ങളായിരുന്നു. ഇനിയും മൂന്നാറുകാരനായി പൂര്‍ണ്ണമായും മാറാത്തത് കൊണ്ടാകും എനിക്കിപ്പോഴും ഇതൊക്കെ ചെറിയ ചെറിയ അത്ഭുതങ്ങളാണ്.
undefined
പക്ഷേ, മല ചുറ്റിയിറങ്ങുന്ന വലിയ പെരുമ്പാമ്പിനെ പോലെ നാളെയിങ്ങനെ നീണ്ട് നിവര്‍ന്ന് ചുരുണ്ടുകൂടി കിടക്കുമ്പോള്‍ നഷ്ടങ്ങളെക്കുറിച്ച് മാത്രം ആലോചിച്ചിരിക്കാന്‍ മാത്രം മണ്ടന്മാരൊന്നുമല്ല ഇടുക്കിക്കാര്‍. അതിജീവനം എന്നും അവരുടെ കൂടെപ്പിറപ്പാണ്. കൈയിലുണ്ടായിരുന്ന അവസാനത്തെ കാശുമായി രാജണ്ണന്‍ ഉച്ചയോടെ കട നന്നാക്കിയെടുത്തു.
undefined
കട നന്നാക്കി നേരത്തോട് നേരം കഴിഞ്ഞില്ല. കാട്ടിലെവിടെയോ മരം ഒടിയുന്ന ഒച്ച കേട്ട് രാജണ്ണന്‍ 'അവന്‍ വീണ്ടും വരികയാണല്ലോ' എന്ന് വിളിച്ച് പറഞ്ഞു. കടയ്ക്ക് പുറത്ത് ചെറിയൊരു തീ കൂട്ടിയ രാജണ്ണന്‍ കടയുടെ വാതില്‍ തുറന്നിട്ട് മാറിനിന്നു. വൈകീട്ട് ഏഴര മണിയോടെ അവന്‍ വീണ്ടും വന്നു. തീയെ ഭയക്കുന്നവനല്ല വന്നന്‍.
undefined
മൂന്നാറുകാര്‍ക്ക് കാടാനകളുടെ സ്വഭാവമറിയാം. കട തുറന്ന് കിടക്കുന്നത് കൊണ്ടായിരിക്കണം. തുറന്നിട്ട വാതിലിലൂടെ തുമ്പിക്കൈ അകത്തേക്കിട്ട് അവന്‍ എന്തോ മണം പിടിച്ചു. 'സംഗതിയില്ലെ'ന്ന് മനസിലായതോടെ അവനവിടെ നിന്നു. നാട്ടുകാര്‍ ഒച്ചയിട്ടതോടെ അവന്‍ തിരിഞ്ഞ് നിന്ന് ചിന്നം വിളിച്ചു. രാത്രിയില്‍ കാട്ടാനയുടെ ചിന്നം വിളിയെന്ന് പറഞ്ഞ് കേള്‍ക്കുമ്പോള്‍ നല്ല രസം തോന്നുമെങ്കിലും നേരിട്ടനുഭവിക്കുന്ന ആ നിമിഷം പക്ഷേ നമ്മുക്കത്ര രസം തോന്നിക്കില്ലെന്നതാണ് സത്യം.
undefined
ചിന്നം വിളിച്ച ശേഷവും അവിടെ തന്നെ തുടരാനായിരുന്നു അവന്‍റെ ഭാവം. അപ്പോഴേക്കും നാട്ടുകാര് ചേര്‍ന്ന് വലിയ വായില്‍ ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ചിലര്‍ വലിയ തകരഷീറ്റിന്‍റെ മുകളില്‍ അടിച്ച് ഒച്ചയുണ്ടാക്കി. കാട്ടാന ഒരേ സ്ഥലത്ത് വീണ്ടും വരുന്നത് അത്ര നല്ല ലക്ഷണമായല്ല നാട്ടുകാര് കാണുന്നത്. അതോടെ ദേവികുളത്തെ ശീതക്കാറ്റില്‍ പല കഥകള്‍ പാറി നടന്നു. ആള് അപകടകാരിയാണെന്ന് ആളുകള്‍ അടക്കം പറഞ്ഞു. ഇതിനിടെ അവന്‍ തിരിഞ്ഞ് കാട്ടിലേക്ക് തന്നെ നടന്നു.
undefined
കുറച്ച് കഴിഞ്ഞ് അവന്‍ വീണ്ടും അതുവഴി തന്നെ കടന്നു വന്നു. അപ്പോഴേക്കും വനം വകുപ്പിന്‍റെ വാച്ചര്‍മാരെത്തിയിരുന്നു. അവര്‍ പടക്കം വലിച്ചെറിഞ്ഞു. പല വഴിക്ക് വലിയ ശബ്ദം കേട്ടതോടെ അവന്‍ കാട്ടിലേക്ക് തന്നെ മടങ്ങിപ്പോയി. പക്ഷേ. നാട്ടുകാര്‍ അവന്‍റെ വരവ് എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാമെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.
undefined
കാര്യമറിയാന്‍ ഫോറസ്റ്റ് ആന്‍റ് വൈല്‍ഡ് ലൈഫിന്‍റെ റാപ്പിഡ് റസ്പോണ്‍സ് ടീമുമായി ബന്ധപ്പെട്ടു. റാപ്പിഡ് റസ്പോണ്‍സ് ടീമും ഇന്നലെ മുതല്‍ അവന്‍റെ കാര്യങ്ങള്‍ നിരീക്ഷിച്ച് പുറകേയുണ്ട്. അവരാണ് പറഞ്ഞ് ആള് പടയപ്പയല്ല. ജോര്‍ജ്ജാണെന്ന്.
undefined
ആ പേര്. ജോര്‍ജ്ജ്. അഥവാ കാടന്‍ ജോര്‍ജ്ജ്. അതുമതിയായിരുന്നു ആളുകളില്‍ ഭയം നിറയ്ക്കാന്‍. മൂന്നോ നാലോ കൊലപാതകങ്ങളാണ് അവന് മേലെ ഇതുവരെയായി ചാര്‍ത്തി കൊടുത്തിട്ടുള്ളത്. പക്ഷേ, എല്ലാ കഥകളിലെയും വില്ലന്‍ ഇവനൊരുത്തനാണോയെന്ന് ചോദിച്ചാല്‍ അതിലൊരു ഉറപ്പുമില്ലെന്നതാണ് സത്യം.
undefined
പക്ഷേ, ഇടുക്കിയിലെ മലഞ്ചെരുവുകളെ തഴുകി കടന്ന് പോകുന്ന കാറ്റില്‍ കഥകളായിരം പറന്നു നടക്കുന്നു. അതിലൊന്നില്‍ അവന്‍റെ പേരിന് കാരണമായ കഥയുമുണ്ട്. ഞാനിവിടെ ജോയിന്‍ ചെയ്ത കാലത്ത് നടന്ന സംഭവമാണ്.
undefined
ദേവികുളത്തെ കുരിശ് പള്ളിയില്‍ മെഴുകുതിരി കത്തിക്കാനായി വഴിയരികില്‍ കാര്‍ നിര്‍ത്തി, ഭാര്യയെ കാറിലിരുത്തി ജോര്‍ജ്ജ് എന്നൊരാള്‍ ഇറങ്ങിച്ചെന്നു. ജോര്‍ജ്ജ് കുരിശ് പള്ളിയില്‍ മെഴുകുതിരി കത്തിക്കുന്നത് ഭാര്യ നോക്കി നില്‍ക്കുന്നതിനിടെയാണ് പെട്ടെന്ന് എവിടെ നിന്ന് വന്നെന്ന് അറിയാതെ ഒരു കാട്ടാന ജോര്‍ജ്ജിനെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയത്.
undefined
ജോര്‍ജ്ജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പകരം മറ്റൊരു ജോര്‍ജ്ജ് ജന്മം കൊണ്ടു. കാടന്‍ ജോര്‍ജ്ജ്. ജോര്‍ജ്ജിന്‍റെ കൊലപാതകത്തോടെ 'കാടന്‍ ജോര്‍ജ്ജ് ' എന്ന പുതിയ പേരുമായി കാട്ടാന കാട് കേറിയെങ്കിലും ആളുകളില്‍ നിന്ന് ആളുകളിലേക്ക് കഥകളുടെ മലവെള്ളപ്പാച്ചിലായിരുന്നു.
undefined
ജോര്‍ജ്ജ് കൊല്ലപ്പെട്ടതിന് കാരണം, വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാള്‍ ഈ കാട്ടാനയെ ഉപദ്രവിച്ചിരുന്നെന്നും അതിന്‍റെ പക തീര്‍ക്കാനാനായി അവന്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു എന്ന കഥയ്ക്കായിരുന്നു ഏറെ കേള്‍വിക്കാരും. 'ആനപ്പക'യോളം വലിയ മിത്തുകളൊന്നും മലയാളിയുടെ അബോധത്തില്‍ പോലുമില്ലല്ലോ.
undefined
കാലക്രമേണ ജോര്‍ജ്ജിന് പുറകേ ജോര്‍ജ്ജോളം വലിയ കഥകള്‍ പലതുണ്ടായി. അടുത്ത കാലത്തായി ഒരാളെ ചവിട്ടികൊന്നതും ജോര്‍ജ്ജാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മദ്യപിച്ച് ലക്ക് കെട്ട് കാട്ടാനയുടെ മുന്നിലെത്തിയ ആളെ ആന കൊന്നെന്നത് മറ്റൊരു കഥ. 'കൊന്നത് കാട്ടാനയെങ്കില്‍ അത് ജോര്‍ജ്ജ് തന്നെ' എന്ന തലത്തിലേക്ക് അപ്പോഴേക്കും കാര്യങ്ങള്‍ മാറിയിരുന്നു. (ചിത്രത്തിന് കടപ്പാട് എന്‍റെ ദേവികുളം വാട്സാപ്പ് ഗ്രൂപ്പ്)
undefined
അതിന് കാരണമുണ്ട്. ഇടുക്കിക്ക് ഇന്ന് ഫേസ്ബുക്കില്‍ ഫാന്‍ പേജുള്ള ഒരു കാട്ടാനയുണ്ട്. അതാണ് 'പടയപ്പ'. കാഴ്ചയില്‍ രണ്ട് പേരും ഒരുപോലെയിരിക്കുമെങ്കിലും പടയപ്പ ആരെയും ഉപദ്രവിക്കില്ല. അവന്‍ വന്നാല്‍ അവന് ആവശ്യമുള്ളതെടുത്ത് മടങ്ങും മറ്റ് ശല്യമൊന്നും ഇല്ല.
undefined
കുട്ടിക്കാലത്ത് വഴി തെറ്റി മൂന്നാര്‍ ടൌണിലെത്തിയ കുട്ടികൊമ്പന്‍ രജനീകാന്തിന്‍റെ പടയപ്പ എന്ന സിനിമയിലെ പാട്ട് കേട്ട് തലയാട്ടി ഏറെ നേരം നിന്നു. അന്ന് അവന് നാട്ടുകാര്‍ ഇട്ട പേരാണ് പടയപ്പ. പടയപ്പ ഇടുക്കിക്കാരുടെ സ്വകാര്യ അഹങ്കാരമാണ്. എന്നാല്‍, ജോര്‍ജ്ജ് ഇടുക്കിക്കാരുടെ സ്വകാര്യ ഭയമാണ്. (ചിത്രത്തിന് കടപ്പാട് എന്‍റെ ദേവികുളം വാട്സാപ്പ് ഗ്രൂപ്പ്)
undefined
റാപ്പിഡ് റസ്പോണ്‍സ് ടീമിനെ (ആര്‍ആര്‍ടിം) വീണ്ടും വിളിച്ചു. ഉപദ്രവിക്കേണ്ട, ആവശ്യമുള്ളതെടുത്ത് പോയ്ക്കൊളും എന്നായിരുന്നു ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ രഞ്ജിത്ത് പറഞ്ഞത്. ആനയ്ക്ക് പക സൂക്ഷിക്കുന്ന ഒരു സ്വഭാവമുണ്ടെന്ന് ഉറപ്പിച്ച് പറയാന്‍ പറ്റില്ല.
undefined
മൂന്നാറുകാര്‍ക്ക് ആനകളോട് വലിയ കാര്യമാണ്. ആനകള്‍ വന്നാല്‍ അതിന് ആവശ്യമുള്ളത് എടുത്തിട്ട് പോകും എന്നല്ലാതെ ആരെയും കാര്യമായി ഉപദ്രവിക്കില്ല. പിന്നെ എന്തെങ്കിലും കാരണത്താല്‍ നമ്മള്‍ മുന്നില്‍പ്പെട്ടാല്‍ മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.
undefined
ഇല്ലെങ്കില്‍ അവ അതിന്‍റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. പിന്നെ വരുന്ന ആനകളെല്ലാം ഒന്നാണെന്ന് നമ്മുക്ക് പറയാന്‍ പറ്റില്ല. മാത്രമല്ല, ഇപ്പോള്‍ ഇറങ്ങിയ ആന പ്രയക്കൂടുതലുള്ളതാണ്. ആനമെലിഞ്ഞ് തുടങ്ങി. അതിന്‍റെ വേഗവും കുറഞ്ഞു. അതിന്‍റെ അര്‍ത്ഥം അവന്‍ അവസാനകാലത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണെന്നും അദ്ദേഹം പറഞ്ഞു. ഏതായാലും രാത്രിയില്‍ പിന്നെ അവന്‍റെ ശല്യമുണ്ടായില്ല. ഇന്നലെ രാത്രിയിലെ അങ്കം കഴിഞ്ഞ് രാവിലെ എഴുന്നേറ്റപ്പോള്‍ ഒന്നും സംഭവിക്കാത്തത് പോലെ രാജണ്ണന്‍ പതിവ് പോലെ കട തുറന്നിരിക്കുന്നു.
undefined
click me!