അഗ്‌നിപര്‍വ്വതങ്ങള്‍ക്കിടയില്‍ ജീവിച്ചവരായിരുന്നു ഫ്രഞ്ചുകാരായ കതിയയും, മൗറീസ് ക്രാഫ്റ്റും. അപകടകാരികളായ അഗ്‌നിപര്‍വതങ്ങളെ അവര്‍ സ്‌നേഹിച്ചു. അഗ്‌നിപര്‍വ്വതങ്ങളോട് ആകര്‍ഷണം തോന്നിയ ഈ ദമ്പതികള്‍ അതിനെ കുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചു.
അഗ്‌നിപര്‍വ്വതങ്ങളില്‍ ആകൃഷ്ടരായ ധാരാളം ആളുകളുണ്ടാകും. എന്നാല്‍, പൊട്ടിത്തെറിക്കുന്ന ഒരു പര്‍വതത്തിന്റെ നിറുകയില്‍ കയറി ഒഴുകുന്ന ലാവയെ കാണാന്‍ ചങ്കൂറ്റമുള്ളവര്‍ കുറവായിരിക്കും. കതിയയും മൗറീസും പക്ഷേ അങ്ങനെയായിരുന്നു.
അവര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും അഗ്‌നിപര്‍വ്വത സ്ഫോടനത്തിന്റെ ഫോട്ടോഗ്രാഫുകളും വിഡിയോയും ചിത്രീകരിക്കുകയും ചെയ്തു. എല്ലായ്‌പ്പോഴും സജീവമായ ഒരു അഗ്‌നിപര്‍വ്വതം ആദ്യാവസാനം അവര്‍ കാണും. ലാവാ പ്രവാഹങ്ങളില്‍ നിന്ന് ഏതാനും അടി മാത്രം ദൂരെ നിന്ന് അവര്‍ അത് കണ്ട് ആസ്വദിക്കും.
1960 -കളില്‍ സ്ട്രാസ്ബര്‍ഗ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരിക്കുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്, തുടര്‍ന്ന് 1970 -ല്‍ വിവാഹിതരായി.
കുട്ടിക്കാലം മുതലേ ഇരുവരുടെയും സ്വപ്നമായിരുന്നു ഒരു വൊള്‍കനോയിസ്റ്റ് ആകുക എന്നത്.
അഗ്‌നിപര്‍വ്വതങ്ങളോടുള്ള അവരുടെ താല്‍പര്യം അവരെ തമ്മില്‍ കൂട്ടിയിണക്കി. ബിരുദം പൂര്‍ത്തിയാക്കിയശേഷം ഇരുവരും വൊള്‍ക്കാനോ ഒബ്‌സര്‍വര്‍ ആയി ജോലിനോക്കാന്‍ ആഗ്രഹിച്ചു. ഇതിനായി കൈയിലുണ്ടായിരുന്ന മുഴുവന്‍ തുകയും മുടക്കി സ്‌ട്രോംബോളിയയിലെ അഗ്‌നിപര്‍വ്വത പ്രദേശത്തേക്ക് അവര്‍ യാത്ര തിരിച്ചു.
അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിക്കുന്ന അത്യപൂര്‍വ്വമായ നിമിഷം അടുത്ത് നിന്നുകൊണ്ടുതന്നെ ക്യാമറയില്‍ പകര്‍ത്തി. അവിശ്വസനീയവും മൂല്യവത്തായതുമായ ആ ഫോട്ടോഗ്രാഫുകള്‍ ആളുകളില്‍ ജിജ്ഞാസയുണ്ടാക്കി.
അതേസമയം അഗ്‌നിപര്‍വതങ്ങളെ കുറിച്ച് അറിയാന്‍ സഹായിക്കുന്ന ഇത് പൊതു ഉദ്യോഗസ്ഥര്‍ക്ക് ഉപയോഗപ്രദമായി തീരുകയും ചെയ്തു.
കതിയയും മൗറീസും ലോകമെമ്പാടുമുള്ള നൂറുകണക്കിന് അഗ്‌നിപര്‍വ്വതങ്ങള്‍ സന്ദര്‍ശിച്ചു. ഏറ്റവും അപകടം പിടിച്ച ഈ ജോലി അവര്‍ സന്തോഷപൂര്‍വ്വം ഏറ്റെടുത്തു.
അഗ്‌നിപര്‍വ്വതങ്ങള്‍ക്കിടയില്‍ ജീവിച്ചവരായിരുന്നു ഫ്രഞ്ചുകാരായ കതിയയും, മൗറീസ് ക്രാഫ്റ്റും. അപകടകാരികളായ അഗ്‌നിപര്‍വതങ്ങളെ അവര്‍ സ്‌നേഹിച്ചു. അഗ്‌നിപര്‍വ്വതങ്ങളോട് ആകര്‍ഷണം തോന്നിയ ഈ ദമ്പതികള്‍ അതിനെ കുറിച്ച് പഠിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചു.
25 വര്‍ഷത്തെ അവരുടെ കരിയറില്‍, ഈ ദമ്പതികള്‍ നൂറുകണക്കിന് അഗ്‌നിപര്‍വ്വതങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവരുടെ ശേഖരത്തില്‍ ആയിരക്കണക്കിന് സ്റ്റില്‍ ഫോട്ടോകള്‍, 300 മണിക്കൂര്‍ ഫിലിം ഫൂട്ടേജ്, നിരവധി പുസ്തകങ്ങള്‍, ബുള്ളറ്റിന്‍ ഓഫ് അഗ്‌നിപര്‍വ്വതത്തില്‍ പ്രസിദ്ധീകരിച്ച ശാസ്ത്രീയ ലേഖനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഒരിക്കല്‍ മൗറീസ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ''എന്റെ മരണം ഒരു അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍പെട്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, നിര്‍ഭാഗ്യവശാല്‍ എനിക്ക് അതിനുള്ള ഭാഗ്യമുണ്ടെന്നു തോന്നുന്നില്ല.'' എന്നാല്‍ അത് അറംപറ്റിയത് പോലെയായി.
1991 ജൂണില്‍ അമേരിക്കന്‍ അഗ്‌നിപര്‍വ്വത ശാസ്ത്രജ്ഞന്‍ ഹാരി ഗ്ലിക്കെന്‍ ഉള്‍പ്പെടെ 40 പേരോടൊപ്പം കതിയയും, മൗറീസും ജപ്പാനിലെ മൗണ്ട് അണ്‍സെന്‍ എന്ന സ്ഥലത്ത് അഗ്‌നിപര്‍വ്വത പൊട്ടിത്തെറി ചിത്രീകരിക്കാന്‍ പോയി. പെട്ടെന്നു അപ്രതീക്ഷിതമായുണ്ടായ ലാവ പ്രവാഹത്തില്‍ എല്ലാ ആളുകളും കൊല്ലപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കാതിയയുടെയും മൗറീസിന്റെയും മൃതദേഹങ്ങള്‍ അഗ്‌നിപര്‍വ്വത ഗര്‍ത്തത്തിന് ഏറ്റവും അടുത്തായി കണ്ടെത്തി. അന്ന് അവര്‍ക്ക് യഥാക്രമം 44 ഉം 45 ഉം വയസ്സായിരുന്നു.