600-700 പേർ താമസിക്കുന്ന ഗ്രാമത്തിൽ ഒരിക്കൽ പോലും ഒരാളുടെ പേരായി കണക്കാക്കുന്ന ഈണം ആവർത്തിച്ച് വരുന്നില്ല എന്നതാണ് മറ്റൊരു അവിശ്വസനീയമായ കാര്യം.
വളരെ വ്യത്യസ്തമായ അനേകം ഗ്രാമങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ടാവും. അതിന്റെ പ്രത്യേകതകൾ കൊണ്ട് അത് നമ്മളെ ആകർഷിച്ചും കാണും. അതുപോലെ തികച്ചും മനോഹരവും വ്യത്യസ്തവുമായ ഒരു ഗ്രാമത്തെ പരിചയപ്പെടുത്തുകയാണ് ഒരു സോഷ്യൽ മീഡിയാ ഇൻഫ്ലുവൻസർ.
മേഘാലയയിലാണ് ഈ മനോഹരമായ ഗ്രാമം ഉള്ളത്. കോങ്തോങ് എന്ന ഈ ഗ്രാമം അറിയപ്പെടുന്നത് അവിടെയുള്ളവരുടെ പേരുകളുടെ പ്രത്യേകത കൊണ്ടാണ്. ഇവരുടെ പേരുകൾ നമ്മുടേത് പോലെയല്ല. ഓരോ ഈണങ്ങളാണ്. ചൂളംവിളി പോലെയുള്ള ഈ ഈണങ്ങളാണ് ഇവിടെ ഓരോരുത്തർക്കും പേരായിട്ടുള്ളത്. അതിനാൽ ഈ ഗ്രാമം അറിയപ്പെടുന്നത് തന്നെ 'വിസിലിംഗ് വില്ലേജ്' എന്നാണ്.
ട്രാവൽ കണ്ടന്റ് ക്രിയേറ്ററായ നേഹ റാണയാണ് ഈ ഗ്രാമത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. നിങ്ങൾ കോങ്തോങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടുത്തെ ഓരോരുത്തരും ഓരോ പ്രത്യേക ഈണത്തിലാണ് അറിയപ്പെടുന്നത്. തലമുറകളായി തുടരുന്ന പാരമ്പര്യമാണ് ഇത് എന്നാണ് അവൾ തന്റെ പോസ്റ്റിൽ പറയുന്നത്.
നേഹ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിൽ അവൾ ആ നാട്ടിലെ ആളുകളോട് സംസാരിക്കുന്നതും കാണാം. ഓരോരുത്തരോടും അവൾ പേര് ചോദിക്കുന്നുണ്ട്. അവർ തങ്ങളുടെ പേര് പറയുന്നു. മുതിർന്നവർക്ക് മുതൽ കൊച്ചുകുട്ടികൾക്ക് വരെ ഇങ്ങനെ ഓരോ ഈണത്തിലുള്ള പേരുകൾ ഉണ്ടെന്ന് ഇതിൽ കാണാം.
600-700 പേർ താമസിക്കുന്ന ഗ്രാമത്തിൽ ഒരിക്കൽ പോലും ഒരാളുടെ പേരായി കണക്കാക്കുന്ന ഈണം ആവർത്തിച്ച് വരുന്നില്ല എന്നതാണ് മറ്റൊരു അവിശ്വസനീയമായ കാര്യം.
'ജിംഗർവായ് ലോബെയ്' (Jingrwai lawbei) എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഒരമ്മയ്ക്ക് തന്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനോടുള്ള സ്നേഹമായിക്കൂടി ഇത് അറിയപ്പെടുന്നു. കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുമ്പോൾ തന്നെ അമ്മ ഈ ഈണം ഉണ്ടാക്കിയെടുക്കുന്നു. പിന്നീട്, കുഞ്ഞുങ്ങൾ പിറന്നുവീഴുമ്പോൾ മുതൽ ആ ഈണത്തിൽ അവരെ വിളിക്കുന്നു. അങ്ങനെ അതവരുടെ പേരായി മാറുകയും ചെയ്യുന്നു.
എന്തായാലും, നേഹ പങ്കുവച്ചിരിക്കുന്ന വീഡിയോ ആളുകളെ ആകർഷിച്ചു.