എണ്ണശുദ്ധീകരണ ശാലകളില്‍ ആവശ്യത്തിന് ഇന്ധനമുണ്ടെന്നും ഡ്രൈവർമാരില്ലാത്തതിനാൽ ഇവ പമ്പുകളിൽ എത്തിക്കാനാവുന്നില്ലെന്നും ഗതാഗതമന്ത്രി ഗ്രാന്‍റ് ഷാപ്പ്‌സ് പറയുന്നു.
പെട്രോള്‍, പമ്പുകളിലേക്ക് എത്തുന്നില്ലെന്നതിനാല്‍ പെട്രോള്‍ ക്ഷാമം രൂക്ഷമാകുമെന്ന് ആശങ്കപ്പെട്ട് എല്ലാവരും കൂടുതല്‍ പെട്രോള്‍ ശേഖരിച്ച് വെക്കാന്‍ തുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കി.
ചില പമ്പുകളിൾ തിരക്ക് അഞ്ചിരട്ടിവരെ വർധിച്ചതായി പെട്രോൾ റീട്ടെയിലേഴ്സ് അസോസിയേഷൻ പറയന്നു. ജനങ്ങൾ അനാവശ്യമായി ഇന്ധനം വാങ്ങിക്കൂട്ടുകയാണെന്ന് സർക്കാർ വൃത്തങ്ങളും അറിയിച്ചു.
ഇതിനിടെ ചില്ലറവില്പനക്കാർ അവസരം മുതലാക്കി ഇന്ധനവില വർധിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, ആരോഗ്യം, സോഷ്യൽ സുരക്ഷ തുടങ്ങിയവയുമായി ബന്ധപ്പെട്ടവർക്ക് ഇന്ധനവിതരണത്തിൽ മുൻഗണന നല്‍കണമെന്ന ആവശ്യവും ശക്തമായി.
മിക്ക സ്റ്റേഷനുകളിലും ഇന്ധന ക്ഷാമം രൂക്ഷമാകുകയാണെന്നും നൂറോളം സ്റ്റേഷനുകൾ ഇതിനകം അടച്ചെന്നുമാണ് ബ്രിട്ടിഷ് പ്രെട്രോളിയം കമ്പനി ലിമിറ്റഡ് പറയുന്നത്.
തുറന്നു പ്രവർത്തിക്കുന്ന സ്റ്റേഷനുകളിൽ ഇന്ധനം തുല്യമായി വിതരണം ചെയ്യാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 90 ശതമാനം സ്റ്റേഷനുകളിലേക്കും വിതരണം വെട്ടിക്കുറയ്ക്കുകയാണെന്നും ബിപി അറിയിച്ചു.
ടാങ്കറുകൾ ഓടിക്കാൻ പട്ടാളത്തിൽനിന്ന് 150 പേരെ നിയോഗിക്കുമെന്നാണ് സര്‍ക്കാര്‍ റിപ്പോർട്ട്. ഇതിൽ 75 പേർക്കുള്ള പരിശീലനം പൂർത്തിയായും റിപ്പോര്‍ട്ടുണ്ട്. പെട്രോൾ വിതരണം ഉടൻ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി ഗ്രാന്‍റ് ഷാപ്സ് പറഞ്ഞു.
അതിനിടെ പ്രതിസന്ധി നേരിടാൻ 5,000 വിദേശ ട്രക്ക് ഡ്രൈവർമാർക്ക് താത്‌കാലിക വീസ നൽകുമെന്ന് ബ്രിട്ടീഷ് സർക്കാർ അറിയിച്ചു.
ബ്രിട്ടനിലെ ലോറി ഡ്രൈവർമാരുടെ ശരാശി പ്രായം 57 ആണ്. മോശം ജോലി സാഹചര്യങ്ങൾ കാരണം പുതിയ ഡ്രൈവര്‍മാര്‍ ഈ രംഗത്തേക്ക് കടന്ന വരാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
അഭയാര്‍ത്ഥികളായെത്തി പൌരത്വം സ്വീകരിച്ചവരും മറ്റ് വിദേശികളാണ് ബ്രിട്ടനില്‍ ഡ്രൈവര്‍മാരും പെട്രോള്‍ പമ്പിലെ ജോലിക്കാരായും ജോലി ചെയ്യുന്നത്. ഇന്ധനക്ഷാമം മറികടക്കാൻ 'കോംപറ്റീഷൻ നിയമവും" ബ്രിട്ടൻ മരവിപ്പിച്ചു.
മക്‌ഡൊണാൾഡ്, നാൻഡോസ് ചിക്കൻ, ബ്രിട്ടനിലെ ഏറ്റവും വലിയ സൂപ്പർമാർക്കറ്റ് ശൃംഖലയായ ടെസ്കോ എന്നിവിടങ്ങളിലും ലോറി ഡ്രൈവർമാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
ടെസ്കോയിൽ എണ്ണൂറോളം ഡ്രൈവർമാരുടെ കുറവുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ഇതോടെ ഗോഡൌണുകളില്‍ നിന്ന് സാധനങ്ങള്‍ ഷോപ്പുകളിലേക്കെത്തിക്കാന്‍ കഴിയുന്നില്ല.
സൂപ്പര്‍മാര്‍ക്കറ്റുള്‍പ്പെടെ ഇതോടെ പല സ്ഥലങ്ങളിലും സാധനങ്ങള്‍ തീരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കോവിഡ് പ്രതിസന്ധിയും ബ്രെക്സിറ്റുമാണ് ഡ്രൈവർമാർ കുറയാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. വിവിധ മേഖലകളിലായി ഒരു ലക്ഷത്തോളം ഡ്രൈവർമാരുടെ കുറവാണ് ഇപ്പോഴുള്ളതെന്നാണ് വിവരം.'
25,000 ത്തോളം ഡ്രൈവർമാരാണ് 2020 ൽ യൂറോപ്യൻ യൂണിയൻ വിട്ടത്. 40,000 ത്തോളം പേർ ഹെവി ഗിയർ ലൈസൻസ് ടെസ്റ്റിനായി കാത്തിരിക്കുകയുമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ക്രിസ്മസിന് മുന്നോടിയായി ഉണ്ടായ പെട്രോള്‍ ക്ഷാമവും അതുവഴിയുണ്ടായ വില വര്‍ദ്ധനയും സര്‍ക്കാറിന്‍റെ പ്രതിച്ഛായയെ ബാധിക്കും. അതിനാല്‍ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് ഭരണത്തിനുള്ളില്‍ നിന്ന് തന്നെ ആവശ്യമുര്‍ന്നു.
ട്രക്കറുകളുടെ ക്ഷാമം വിതരണ ശൃംഖലകളെ പ്രശ്നത്തിലാക്കുകയാണെന്നും യൂറോപ്യൻ ഹോൾസെയിലില്‍ പ്രകൃതിവാതക വിലയിലുണ്ടായ വർദ്ധനവ് ബ്രിട്ടീഷ് ഊർജ്ജ കമ്പനികളെ പാപ്പരത്തത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അങ്ങനെയാണെങ്കില്‍ സമീപ ആഴ്ചകളിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona