മാരുതി ഇ വിറ്റാരയുടെ തനിപ്പകർപ്പ്; ടൊയോട്ട അർബൻ ക്രൂയിസർ ഇവി എത്തി

By Web Team  |  First Published Dec 13, 2024, 1:42 PM IST

ടൊയോട്ട തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി അർബൻ ക്രൂയിസർ ഇവി അവതരിപ്പിച്ചു. മാരുതി സുസുക്കി ഇ വിറ്റാരയ്ക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാർ.  മാരുതി സുസുക്കിയുടെ മോഡലുമായി ഒരേ ബാറ്ററി പാക്കും ഡ്രൈവ്ട്രെയിനും ടൊയോട്ട അർബൻ ക്രൂയിസർ ഇവി പങ്കിടുന്നു.


ജാപ്പനീസ് കാർ കമ്പനിയായ ടൊയോട്ട തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി അർബൻ ക്രൂയിസർ ഇവി അവതരിപ്പിച്ചു. മാരുതി eVX അടിസ്ഥാനമാക്കിയുള്ള ഈ എസ്‌യുവിയുടെ കൺസെപ്റ്റ് ടൊയോട്ട ഒരു വർഷം മുമ്പ് അവതരിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് അതിൻ്റെ പ്രൊഡക്ഷൻ റെഡി മോഡൽ അവതരിപ്പിച്ചത്. മൊത്തത്തിൽ, ഇത് മാരുതി സുസുക്കിയുടെ ഇ വിറ്റാരയ്ക്ക് സമാനമാണ്. മാരുതി സുസുക്കി ഇ വിറ്റാരയ്ക്ക് അടിവരയിടുന്ന അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കാർ.  മാരുതി സുസുക്കിയുടെ മോഡലുമായി ഒരേ ബാറ്ററി പാക്കും ഡ്രൈവ്ട്രെയിനും ടൊയോട്ട അർബൻ ക്രൂയിസർ ഇവി പങ്കിടുന്നു. യൂറോപ്പിലാണ് ടൊയോട്ട അർബൻ ക്രൂയിസർ ഇവി ആദ്യം വിൽപ്പനയ്‌ക്കെത്തുക. 2026 ഓടെ തങ്ങളുടെ ശ്രേണിയിൽ 15 സീറോ എമിഷൻ വാഹനങ്ങൾ ഉണ്ടാകുമെന്നും ടൊയോട്ട വെളിപ്പെടുത്തി. ഈ കാറിന്‍റെ ചില വിശേഷങ്ങൾ അറിയാം.

ഡിസൈൻ 
അടിസ്ഥാനപരമായി മാരുതി സുസുക്കി ഇ വിറ്റാരയെ അടിസ്ഥാനമാക്കിയ ഈ എസ്‌യുവിയിൽ ഇ വിറ്റാര എസ്‌യുവിക്ക് സമാനമായ നിരവധി കാര്യങ്ങളുണ്ട്. എങ്കിലും, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ), ഹെഡ്‌ലാമ്പ്, അലോയ് വീലുകൾ, പരിഷ്‍കരിച്ച പിൻ പ്രൊഫൈൽ എന്നിവയുണ്ട്. ഇതിന് പുറമെ കാറിൽ ടൊയോട്ട ബാഡ്‌ജിങ്ങും നൽകിയിട്ടുണ്ട്. സൈഡ് പ്രൊഫൈൽ നോക്കുകയാണെങ്കിൽ, ഇത് പ്രധാനമായും കൺസെപ്റ്റ് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. എസ്‌യുവിയുടെ ബോഡി പൂർണ്ണമായും മറയ്ക്കുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗ് ആണ് ഇതിന് നൽകിയിരിക്കുന്നത്. ഇത് കാറിന് അല്പം സ്പോർട്ടി ടച്ച് നൽകാൻ സഹായിക്കുന്നു. 18 ഇഞ്ച് അല്ലെങ്കിൽ 19 ഇഞ്ച് എയറോ ഒപ്റ്റിമൈസ് ചെയ്ത വീലുകളോടെയാണ് കമ്പനി ഈ എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്. ഇ വിറ്റാര പോലെ, അർബൻ ക്രൂയിസർ ഇവിക്കും സി-പില്ലറിൽ പിൻ ഡോർ ഹാൻഡിലുകളാണ് ലഭിക്കുന്നത്.

Latest Videos

പവർട്രെയിൻ ഓപ്ഷനുകൾ
അർബൻ ക്രൂയിസർ ഇവിക്ക് രണ്ട് പവർട്രെയിൻ കോൺഫിഗറേഷനുകൾ നൽകുമെന്ന് ടൊയോട്ട പറയുന്നു. 49kWh, 61kWh ശേഷിയുള്ള ലിഥിയം-അയൺ ഫോസ്ഫേറ്റ് (LFP) സെല്ലുകളുടെ രണ്ട് ബാറ്ററി പായ്ക്കുകൾ ഉപയോഗിച്ചാണ് ഈ എസ്‌യുവി അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ ബാറ്ററിയുള്ള വേരിയൻ്റിന് ഫ്രണ്ട് ആക്സിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോർ ഉണ്ട്. ഇത് 144 എച്ച്പി കരുത്തും 189 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. അതേസമയം വലിയ ബാറ്ററിയുള്ള വേരിയൻ്റിൻ്റെ മോട്ടോർ 174 എച്ച്പി കരുത്തും 189 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. 
 
സുരക്ഷാ സവിശേഷതകൾ
സുരക്ഷാ ഫീച്ചറെന്ന നിലയിൽ, അർബൻ ക്രൂയിസർ ഇലക്ട്രിക് 360-ഡിഗ്രി ക്യാമറയും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റവും നൽകുന്നു. അതിൻ്റെ ADAS സ്യൂട്ടിൽ പ്രീ-കളിഷൻ സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ-കീപ്പ് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി ഇതുവരെ പങ്കുവെച്ചിട്ടില്ലെങ്കിലും 6 എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകുമെന്നാണ് കരുതുന്നത്.

വലുപ്പം
കൺസെപ്‌റ്റിൽ നിന്ന് പ്രൊഡക്ഷൻ റെഡി മോഡലിലേക്ക് മാറുമ്പോൾ, ഈ എസ്‌യുവി അൽപ്പം ചെറുതായിരിക്കുന്നു. ഈ ഇലക്ട്രിക് എസ്‌യുവിയുടെ ആകെ നീളം 4,285 എംഎം, വീതി 1,800 എംഎം, ഉയരം 1,640 എംഎം എന്നിങ്ങനെയാണ്. കൺസെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, അതിൻ്റെ നീളവും വീതിയും യഥാക്രമം 15 മില്ലീമീറ്ററും 20 മില്ലീമീറ്ററും കുറഞ്ഞു. എങ്കിലും, അതിൻ്റെ ഉയരത്തിൽ 20 മില്ലീമീറ്ററിൻ്റെ വർദ്ധനവുണ്ട്. ഇതിന് 2,700 എംഎം വീൽബേസ് ഉണ്ട്. ഇത് സുസുക്കി ഇ വിറ്റാരയേക്കാൾ അൽപ്പം വലുതാണ്.

undefined

ക്യാബിൻ
അർബൻ ക്രൂയിസർ ഇവിയുടെ കാബിൻ മെച്ചപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. സ്റ്റീരിയോയ്‌ക്കായി ഒരു ഫിസിക്കൽ വോളിയം നോബ്, ഒപ്പം "സ്‌കിർക്കിൾ" സ്റ്റിയറിംഗ് വീലും ഇതിലുണ്ട്. 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ഡ്രൈവറിന് മുന്നിൽ 10.3 ഇഞ്ച് ഡിജിറ്റൽ ഗേജ് ക്ലസ്റ്ററും ഉണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്റ്റിവിറ്റി സൗകര്യം ലഭിക്കുന്നു. ഓട്ടോ ഹോൾഡ്, ഡ്രൈവ് മോഡ്, സിംഗിൾ സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഇതിൽ നൽകിയിരിക്കുന്നു. ഇതിനുപുറമെ, പവർഡ് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്, ജെബിഎൽ ഓഡിയോ സിസ്റ്റം, സൺറൂഫ് എന്നിവയും നൽകിയിട്ടുണ്ട്. ഈ ഇവിയുടെ പിൻ സീറ്റുകളിൽ സ്ലൈഡിംഗ്, റിക്ലൈനിംഗ് ഫംഗ്‌ഷനുകളും 40:20:40 സ്പ്ലിറ്റ്-ഫോൾഡിംഗ് ഫംഗ്‌ഷനും ഉണ്ടാകുമെന്നും കമ്പനി സ്ഥിരീകരിച്ചു. 

എപ്പോൾ ലോഞ്ച് ചെയ്യും?
നിലവിൽ അർബൻ ക്രൂയിസർ ഇവി യൂറോപ്യൻ വിപണിയിലാണ് അവതരിപ്പിച്ചത്. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോ 2025ൽ ഡൽഹിയിലെ പ്രേക്ഷകർക്ക് മുന്നിൽ കമ്പനി ഇത് പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷം പകുതിയോടെ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തും. അതേസമയം ടൊയോട്ട തങ്ങളുടെ ആദ്യ ഇലക്ട്രിക് മോഡൽ എപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അടുത്ത വർഷം അവസാനത്തോടെ അർബൻ ക്രൂയിസർ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതൊരു ആഗോള മോഡലായതിനാൽ ഇന്ത്യൻ വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ ചില മാറ്റങ്ങൾ കാണാൻ സാധ്യതയുണ്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള സുസുക്കിയുടെ നിർമ്മാണ പ്ലാൻ്റിലാണ് അർബൻ ക്രൂയിസർ ഇവി നിർമ്മിക്കുന്നത്. മാരുതി സുസുക്കി ഇ വിറ്റാര നിർമ്മിക്കാനും ഇതേ പ്ലാന്‍റ് ഉപയോഗിക്കും. ഇന്ത്യയിൽ നിന്ന് യൂറോപ്പും ജപ്പാനും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് രണ്ട് മോഡലുകളും കയറ്റുമതി ചെയ്യും. മാരുതി സുസുക്കി ഇ വിറ്റാര 2025 ക്യു 2 ൽ ലോഞ്ച് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട അർബൻ ക്രൂയിസർ ഇലക്ട്രിക് 2025 അവസാനത്തോടെ നമ്മുടെ വിപണിയിൽ എത്താൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 

click me!