ആപ്പിള്‍ ഇന്ത്യയില്‍ എയര്‍പോഡുകള്‍ നിര്‍മിക്കുന്നു; വില കുറയുമോ?

By Web Team  |  First Published Dec 15, 2024, 3:16 PM IST

ചൈനയെ തള്ളി ഇന്ത്യയിലേക്ക് ഗാഡ്‌ജറ്റുകളുടെ നിര്‍മാണം വ്യാപിപ്പിക്കാന്‍ ആപ്പിള്‍, ഇനി വരിക ഇന്ത്യന്‍ മെയ്‌ഡ് എയര്‍പോഡുകള്‍


ഹൈദരാബാദ്: അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ എയര്‍പോഡുകളുടെ നിര്‍മാണം ഇന്ത്യയില്‍ ആരംഭിക്കുന്നു. ഇന്ത്യയില്‍ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ആപ്പിളിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന എയര്‍പോഡുകളുടെ വില കുറയുമോ എന്ന ആകാംക്ഷയുമുണ്ട്.

ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ചൈനയ്ക്ക് പുറത്തേക്ക് വ്യാപിക്കുകയാണ് കമ്പനി. ആപ്പിളിന്‍റെ പ്രധാന സപ്ലൈര്‍മാരില്‍ ഒന്നായ ഫോക്‌സ്കോണ്‍ ഹൈദരാബാദിലെ പുതിയ ഫാക്ടറിയിലാണ് എയര്‍പോഡുകള്‍ നിര്‍മിക്കുകയെന്ന് രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മിത എയര്‍പോഡുകളുടെ ട്രയല്‍ നിര്‍മാണം തുടങ്ങി എന്ന് വാര്‍ത്തയില്‍ പറയുന്നു. 2025ന്‍റെ ആദ്യപാദത്തില്‍ എയര്‍പോഡുകളുടെ നിര്‍മാണം പൂര്‍ണതോതില്‍ ഹൈദരാബാദിലെ ഫാക്ടറിയില്‍ ആപ്പിളും ഫോക്‌സ്കോണും ആരംഭിക്കും. 

Latest Videos

ഇന്ത്യയില്‍ നിര്‍മിക്കുന്നതോടെ എയര്‍പോഡുകളുടെ വില കുറയുമോ? ഏറെ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഏതൊരു ഉത്പന്നത്തിന്‍റെയും വില തീരുമാനിക്കുന്നത്. പ്രാദേശിക നികുതിയും നിര്‍മാണ ചിലവും ആപ്പിളിന്‍റെ പ്രൈസിംഗ് സ്ട്രാറ്റജിയുമെല്ലാം എയര്‍പോഡിന്‍റെ വിലയെ സ്വാധീനിക്കും. പ്രാദേശിക നിര്‍മാണം ഇറക്കുമതി തീരുവയും ലോജിസ്റ്റിക്‌സ് ചിലവുകളും കുറയ്ക്കും എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത് പരിഗണിച്ച് ഇന്ത്യന്‍ നിര്‍മിത എയര്‍പോഡുകളുടെ വില ഇന്ത്യയില്‍ കുറയും എന്ന് നമുക്ക് ഉറപ്പിക്കാനാവില്ല. എപ്പോഴും പ്രീമിയം വിലയില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണ് ആപ്പിള്‍ എന്നതും ഓര്‍ക്കണം. അതിനാല്‍ തന്നെ ഇന്ത്യന്‍ നിര്‍മിത എയര്‍പോഡിന്‍റെ വിലയില്‍ ഉടന്‍ ഗണ്യമായ കുറവിന് സാധ്യതയില്ല. 

അതേസമയം എയര്‍പോഡിന്‍റെ പ്രാദേശിക നിര്‍മാണം ഇന്ത്യയില്‍ വളരെ വേഗം ഉത്പന്നം ലഭ്യമാക്കാന്‍ സഹായിക്കും. ഇന്ത്യയില്‍ ആപ്പിള്‍ ഉത്പന്നങ്ങളുടെ നിര്‍മാണം ഭാവിയില്‍ വളരെയേറെ വര്‍ധിപ്പിച്ചാല്‍ ഇന്ത്യയില്‍ കമ്പനിയുടെ ഗാഡ്‌ജറ്റുകളുടെ വില കുറഞ്ഞേക്കാം എന്ന സാധ്യതയും നമുക്ക് മുന്നിലുണ്ട്. 

undefined

Read more: വെറും പറച്ചിലല്ല, ആപ്പിളിന്‍റെ സ്ലിം ഐഫോണ്‍ വരും; നിര്‍മാണത്തിന്‍റെ നിര്‍ണായക ഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!