സൊമാറ്റോയ്ക്കും ഭക്ഷണം കൊടുത്തുവിട്ട റസ്റ്റോറന്റിനും പിഴ ചുമത്തി ഉപഭോക്തൃ കമ്മീഷൻ; പിഴവില്ലെന്ന് സൊമാറ്റോ

By Web Team  |  First Published Oct 13, 2023, 4:08 PM IST

വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത ആളിന് നോണ്‍ വെജ് ഭക്ഷണം എത്തിച്ചു എന്നതാണ് പരാതി. മക്ഡൊണാള്‍ഡില്‍ നിന്നാണ് ഇയാള്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 


ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും ഭക്ഷണം വിതരണം ചെയ്ത റസ്റ്റോറന്റായ മക്ഡൊണാള്‍ഡിനും ഒരു ലക്ഷം രൂപ പിഴ. ഉപഭോക്താവ് നല്‍കിയ പരാതി പ്രകാരം ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറമാണ് പിഴ ചുമത്തിയത്. വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത തനിക്ക് നോണ്‍ വെജ് ഭക്ഷണം വിതരണം ചെയ്തുവെന്നായിരുന്നു ഉപഭോക്താവിന്റെ പരാതി.

പിഴ ചുമത്തപ്പെട്ട കാര്യം സ്ഥിരീകരിച്ച സൊമാറ്റോ, ഇക്കാര്യത്തില്‍ അപ്പീല്‍ നല്‍കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും അറിയിച്ചിട്ടുണ്ട്. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചതിനാണ് ജോധ്പൂര്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം (രണ്ട്) ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയത്. ഇതിന് പുറമെ കോടതി ചെലവായി 5000 രൂപ കൂടി നല്‍കണമെന്നും വിധിയിലുണ്ട്. സൊമാറ്റോയും മക്ഡൊണാള്‍ഡും സംയുക്തമായി പിഴത്തുകയും കോടതി ചെലവും അടയ്ക്കണമെന്നാണ് വിധിയിലുള്ളത്.

Latest Videos

undefined

അതേസമയം തങ്ങള്‍ക്ക് ലഭിച്ച നിയമോപദേശം അനുസരിച്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് സൊമാറ്റോ അറിയിച്ചു. ഇക്കാര്യത്തില്‍ നിയമപരമായ പുനഃപരിശോധനയ്ക്ക് സാധ്യതയുണ്ടെന്നാണ് മനസിലായത്. വെജിറ്റേറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തയാളിന് തെറ്റായി നോണ്‍ വെജ് ഭക്ഷണം നല്‍കി എന്നതാണ് ഇപ്പോഴത്തെ വിധിക്ക് അടിസ്ഥാനമെന്നും കമ്പനി വിശദീകരിക്കുന്നു.

Read also:  ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ അമിത വില ഈടാക്കുന്നുണ്ടോ ? വായിക്കാം ഈ കുറിപ്പ് !

സൊമാറ്റോ ഉപഭോക്താക്കളും കമ്പനിയും തമ്മിലുള്ള ഇടപാടുകള്‍ നിര്‍ണയിച്ചിരിക്കുന്ന കമ്പനിയുടെ സേവന വ്യവസ്ഥകള്‍ പ്രകാരം, റസ്റ്റോറന്റുകള്‍ നല്‍കുന്ന ഭക്ഷണം  എത്തിക്കുന്ന പ്ലാറ്റ്ഫോം മാത്രമാണ് സൊമാറ്റോ. ഭക്ഷണം തെറ്റായി എത്തിക്കുന്നതും ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ അല്ലാതെ മറ്റ് സാധനങ്ങള്‍ ലഭിക്കുന്നതും ഭക്ഷണത്തിന്റെ ഗുണനിലവാരം പോലുള്ളവയ്ക്കും ഉത്തരവാദികള്‍ അതത് റസ്റ്റോറന്റുകള്‍ മാത്രമാണെന്നാണ് കമ്പനിയുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെ വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സൊമാറ്റോയുടെ തീരുമാനം.

ഭക്ഷണ വിതരണത്തില്‍ രണ്ട് സ്ഥാപനങ്ങളുടെയും പങ്ക് പ്രത്യേകമായി നിജപ്പെടുത്തുന്നതില്‍ ഉത്തരവ് പരാജയപ്പെട്ടുവെന്നും അതുകൊണ്ടുതന്നെ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പിഴത്തുക രണ്ട് സ്ഥാപനങ്ങളും ചേര്‍ന്ന് അടയ്ക്കണമെന്ന് വിധി പ്രസ്താവിക്കുകയും ചെയ്തുവെന്നാണ് സൊമാറ്റോയുടെ വാദം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!