ബ്രേക്ക്ഫാസ്റ്റിന് കഴിക്കേണ്ടത് എന്തെല്ലാം?; പ്രോട്ടീൻ ഭക്ഷണമോ കാര്‍ബ് അടങ്ങിയതോ നല്ലത്?

By Web Team  |  First Published Feb 23, 2024, 8:51 AM IST

ദീര്‍ഘനേരമായി ഭക്ഷണപാനീയങ്ങളേതുമില്ലാതെ കഴിഞ്ഞ് ഒരു വ്രതം അവസാനിപ്പിക്കുന്നത് പോലെയാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. ഈ പ്രയോഗം തന്നെ അതാണ് അര്‍ത്ഥമാക്കുന്നത്, 'ബ്രേക്ക്-ഫാസ്റ്റ്'.


ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ് എന്നാണ് പറയാറ്, അല്ലേ? നാം ദീര്‍ഘനേരമായി ഭക്ഷണപാനീയങ്ങളേതുമില്ലാതെ കഴിഞ്ഞ് ഒരു വ്രതം അവസാനിപ്പിക്കുന്നത് പോലെയാണ് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത്. ഈ പ്രയോഗം തന്നെ അതാണ് അര്‍ത്ഥമാക്കുന്നത്, 'ബ്രേക്ക്-ഫാസ്റ്റ്'.

ഏറെ സമയം ഒന്നും കഴിക്കാതെ ഇരിക്കുന്നതിനാല്‍ തന്നെ വയറ്റില്‍ ഭക്ഷണമൊന്നുമില്ലാത്ത നിലയായിരിക്കും. നമുക്ക് ക്ഷീണവും ഉണ്ടായിരിക്കും. ഇതിനാല്‍ തന്നെ രാവിലെ ആദ്യം കഴിക്കുന്ന ഭക്ഷണം ശരീരം ശരിക്ക് വലിച്ചെടുക്കും. 

Latest Videos

undefined

ഇക്കാരണം കൊണ്ടാണ് രാവിലെ എന്താണ് കഴിക്കുന്നത് എന്നത് ഏറെ പ്രധാനമാണെന്ന് പറയുന്നത്. ഇത്തരത്തില്‍ ഹെല്‍ത്തി ബ്രേക്ക്ഫാസ്റ്റ് ഏതെല്ലാമാണെന്ന് അന്വേഷിക്കുന്നവര്‍ ധാരാളമുണ്ട്. 

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ രാവിലെ കഴിക്കുന്നതാണ് ഉചിതമെന്ന് പലരും നിര്‍ദേശിക്കാറുണ്ട്. ശരീരത്തിന് പെട്ടെന്ന് ഉന്മേഷം ലഭിക്കുന്നതിനും വിശപ്പ് ശമിപ്പിക്കുന്നതിനുമെല്ലാം പ്രോട്ടീൻ ഭക്ഷണം സഹായകമാണ്. മാത്രമല്ല വിശപ്പ് ശമിപ്പിക്കുന്നതിലൂടെ മറ്റ് ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് തടയാൻ സഹായിക്കുമെന്നതിനാല്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരും അവരുടെ ഡയറ്റില്‍ ബ്രേക്ക്ഫാസ്റ്റായി പ്രോട്ടീൻ വിഭവങ്ങളാണ് അധികവും ഉള്‍പ്പെടുത്താറ്. 

അതേസമയം കാര്‍ബ് അടങ്ങിയ ഭക്ഷണങ്ങളാണ് ബ്രേക്ക്ഫാസ്റ്റിന് നല്ലതെന്ന വാദവുംനിങ്ങള്‍ കേട്ടിരിക്കും. ദീര്‍ഘസമയം ഭക്ഷണമേതുമില്ലാതെ കഴിഞ്ഞതിന്‍റെ ക്ഷീണം മറികടക്കുന്നതിനും ദിവസത്തിലെ ബാക്കി ഭാഗത്തെ കാര്യങ്ങള്‍ക്കുള്ള ഉന്മേഷം കിട്ടുന്നതിനുമായാണ് കാര്‍ബ് വിഭവങ്ങള്‍ ബ്രേക്ക്ഫാസ്റ്റായി കഴിക്കണമെന്ന് പറയുന്നത്. എന്നാല്‍ കാര്‍ബ് -കലോറി എടുക്കുന്നത് കൂട്ടുകയാണല്ലോ. ഇത് വണ്ണം വയ്ക്കുന്നതിലേക്ക് നയിക്കാമെന്ന ഭയം പലരെയും കാര്‍ബ് വിഭവങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. 

സത്യത്തില്‍ ഏത് തരം ഭക്ഷണങ്ങളാണ് രാവിലെ കഴിക്കാൻ നല്ലത്? പ്രോട്ടീൻ ആണോ കാര്‍ബ് ആണോ നല്ലത്? ഈ വിഷയത്തില്‍ ഒരു പഠനം നടന്നു. പ്രമുഖ അമേരിക്കൻ പ്രസിദ്ധീകരണമായ 'ജേണല്‍ ഓഫ് ഡയറി സയൻസ്'ല്‍ ആണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്. 

വിശപ്പിനെ ശമിപ്പിക്കാനും നമ്മുടെ ശ്രദ്ധ കൂട്ടാനുമെല്ലാം പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റാണ് നല്ലതെന്നാണ് പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതേസമയം കാര്‍ബ് ബ്രേക്ക്ഫാസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആകെ നമ്മളെടുക്കുന്ന കലോറിയില്‍ പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് കാര്യമായ മാറ്റമൊന്നും വരുത്തുന്നില്ലത്രേ. എങ്കിലും പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റിന് പല ഗുണങ്ങളും ഉള്ളതിനാല്‍ അത് നല്ലതാണെന്ന് തന്നെ പഠനം പരാമര്‍ശിക്കുന്നു.

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കും യോജിച്ചത് പ്രോട്ടീൻ ബ്രേക്ക്ഫാസ്റ്റ് തന്നെയത്രേ. കാരണം ഇത് വിശപ്പിനെ ശമിപ്പിച്ച് അമിതമായി കഴിക്കുന്നത് തടയുകയാണല്ലോ. എന്നാല്‍ പ്രോട്ടീൻ സമ്പന്നമായൊരു ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് കൊണ്ട് മാത്രം വണ്ണം കുറയില്ല. അതിന് മറ്റ് കാര്യങ്ങള്‍ കൂടി ചെയ്യേണ്ടിവരുമെന്ന കാര്യം പഠനം പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു. 

മുട്ട, യോഗര്‍ട്ട് (ഫ്ലേവേര്‍ഡ് അല്ലാത്തത്), നട്ട്സ് - സീഡ്സ്, കോട്ടേജ് ചീസ്, ക്വിനോവ, അവക്കാഡോ ടോസ്റ്റ്, ചിയ പുഡിംഗ്, പ്രോട്ടീൻ ഷേയ്ക്ക്,  സ്മൂത്തി, പീനട്ട് ബട്ടര്‍ എന്നിവയെല്ലാം പ്രോട്ടീൻ സമ്പന്നമായ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങള്‍ക്ക് ഉദാഹരണമാണ്.

Also Read:- എന്താണ് 'മൈൻഡ്‍ഫുള്‍ ഈറ്റിംഗ്'?; എങ്ങനെയിത് ചെയ്യാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!