വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് വിനി ബിനു എഴുതിയ പാചകക്കുറിപ്പ്.
ഇത്തവണ ഓണസദ്യയ്ക്ക് വിളമ്പാൻ സ്പെഷ്യൽ പായസ റെസിപ്പി ആയാലോ? നിങ്ങളുടെ പ്രിയപ്പെട്ടതും വ്യത്യസ്തവുമായ പായസ റെസിപ്പികൾ ഞങ്ങൾക്ക് അയക്കൂ. ruchikalamrecipes@gmail.com എന്ന വിലാസത്തിലേക്കാണ് ഓണം സ്പെഷ്യൽ പായസ റെസിപ്പികൾ അയക്കേണ്ടത്. അവസാന തീയതി - സെപ്റ്റംബർ 10.
ഓണത്തിനു കൊതിയൂറും രുചിയില്‍ മത്തങ്ങാ ചക്കപ്പഴം പായസം തയ്യാറാക്കിയാലോ?
undefined
വേണ്ട ചേരുവകൾ
വിളഞ്ഞ മത്തങ്ങ -200 ഗ്രാം
ചക്കപ്പഴം -20 എണ്ണം
ഈന്തപ്പഴം - 20 എണ്ണം കുരു നീക്കം ചെയ്തത്
തേങ്ങാ പാൽ - ഒരു തേങ്ങയുടെ പാൽ നല്ല കട്ടിയിൽ പിഴിഞ്ഞ് എടുത്തത്
ശർക്കര -250 ഗ്രാം (ഉരുക്കി അരിച്ചു മാറ്റി വെക്കണം)
നെയ്യ് -4 ടേബിള്‍ സ്പൂൺ
കശുവണ്ടി, കിസ്മിസ് - ആവശ്യത്തിന്
4 ചക്കപ്പഴം ചെറുതായി അരിഞ്ഞത്
ഏലയ്ക്കാ പൊടി -2 ടീസ്പൂണ്‍
ചുക്ക് പൊടി -2 ടീസ്പൂണ്‍
ചെറിയ ജീരകം വറുത്തു പൊടിച്ചത് -1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം മത്തങ്ങയും ചക്കപ്പഴവും ഒരു ഗ്ലാസ് വെള്ളം ഒഴിച്ചു നന്നായി വേവിച്ചെടുക്കുക. ഇത് രണ്ടും ഒരു മുക്കാൽ വേവ് ആകുമ്പോൾ ഈന്തപ്പഴം കൂടി ചേർത്തു വേവിച്ചെടുക്കുക. ഇത് നന്നായി തണുത്തു കഴിയുമ്പോൾ ഒന്നു അരച്ച് എടുക്കുക. ഇനി ഒരു പാത്രം ചൂടാക്കി അണ്ടിപരിപ്പും കിസ്മിസും ചക്ക അരിഞ്ഞതും ഒന്നു വറുത്തെടുക്കുക, ഇനി അത് വേറെ ഒരു പാത്രത്തിൽ മാറ്റി അതെ പാത്രത്തിൽ ശർക്കര ഒഴിച്ചു ഒന്നു തിളപ്പിച്ചെടുക്കുക. ഇനി അരച്ചു വെച്ചിരിക്കുന്നത് ശർക്കരയിലേക്ക് ചേർത്തു നന്നായി ഇളക്കി പറ്റിച്ചെടുക്കുക. ശേഷം തേങ്ങ പാൽ ഒഴിച്ചു കൊടുത്തു ഇളക്കുക. ഇനി ഇതിലേക്ക് നെയ്യും ഏലയ്ക്ക പൊടിയും ചുക്ക് പൊടിയും ജീരക പൊടിയും ചേർത്തു ഇളക്കി അവസാനം വറുത്തു വെച്ചിരിക്കുന്ന നട്സ് കൂടി ഇട്ടാൽ കൊതിയുറും മത്തങ്ങാ ചക്കപ്പഴം പായസം റെഡി.
Also read: ഓണത്തിന് സ്പെഷ്യൽ ചൗവരി താമര വിത്ത് പായസം തയ്യാറാക്കാം; റെസിപ്പി