വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് അംബിക എഴുതിയ പാചകക്കുറിപ്പ്.
ഓണം എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. എങ്കില്‍ ഈ ഓണസദ്യയ്ക്ക് ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ?
വേണ്ട ചേരുവകൾ
undefined
മില്ലറ്റ്സ് (തിന, ചാമ, കമ്പം, ചോളം, വരക്)- അരകപ്പ് വീതം പൊടിച്ചത്
കദളി പഴം - 2 എണ്ണം
നീലശംഖുപുഷ്പം -20 എണ്ണം
പഞ്ചസാര - കാൽകിലോ
പനം കൽക്കണ്ടം -2 ടേബിൾ സ്പൂൺ
പാൽ - 2 ലിറ്റർ
കണ്ടൻസ്ഡ് മിൽക്ക് - കാൽകപ്പ്
ഏലയ്ക്കാ പൊടി - ഒരു ടീസ്പൂൺ
നെയ്യ് -50 ഗ്രാം
അണ്ടിപരിപ്പ് -10 എണ്ണം
കിസ്മിസ് - ഒരു പിടി
വാഴ ഇല - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മില്ലറ്റ്സ് എല്ലാം കൂടി ഒരുമിച്ച് പൊടിച്ച് അരിച്ച് എടുക്കണം. ഇതിലേയ്ക്ക് പനം കൽക്കണ്ടം ഉരുക്കി അരിച്ചതു കദളി പഴവും ചേർത്ത് നന്നായി കുഴക്കണം. ഇനി കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടിയും ഒരു ടീസ്പൂൺ നെയ്യും ചേർത്ത് കുറച്ച് പാലും ചേർത്ത് കലക്കി വയ്ക്കണം. ഇനി വാഴ ഇല വാട്ടി അതിലേക്ക് മാവ് തേച്ച് ചുരുട്ടി കെട്ടി എടുക്കണം. ശേഷം ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് വാഴ ഇലയിൽ കെട്ടിയ മാവ് ഇട്ട് വേവിച്ച് ഊറ്റി എടുക്കുക. ഇനി അട തണുത്ത വെള്ളത്തിലിട്ട് ഊറ്റി എടുത്ത് വലിയ കഷണങ്ങളായി മുറിച്ച് വയ്ക്കാം. ശേഷം ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിലേക്ക് ശംഖുപുഷ്പപൂവ് ഇട്ട് തീ അണച്ച് അടച്ച് വക്കണം. അടുത്തതായി ഒരു ഉരുളിയിൽ പാൽ നന്നായി തിളപ്പിക്കണം. തിളക്കുമ്പോൾ പഞ്ചസാര ചേർത്ത് കൊടുക്കാം. പഞ്ചസാര അലിയുമ്പോൾ അട ചേർത്ത് കൊടുക്കാം. 5 മിനിട്ട് തിളച്ച് കുറുകുമ്പോൾ കണ്ടൻസ്ഡ് മിൽക്കും ഏലക്ക പൊടിയും ചേർത്ത് ഇളക്കുക. തീ അണച്ച ഉടനെ ശംഖുപുഷ്പം തിളപ്പിച്ച വെള്ളം അരിച്ച് ഒഴിച്ച് കൊടുക്കാം. ഇതോടെ പായസം നീല നിറമാകും. ബാക്കി നെയ്യിൽ അണ്ടിപരിപ്പും കിസ്മിസും വറുത്ത് ചേർത്ത് പായസത്തില്‍ വിളമ്പാം. ഇതോടെ രുചികരവും ഹെൽത്തിയുമായ മില്ലറ്റ് അട പായസം റെഡി.
Also read: കൊതിപ്പിക്കും രുചിയിൽ നുറുക്ക് ഗോതമ്പ് പായസം തയ്യാറാക്കാം; റെസിപ്പി