അമിതവണ്ണം കുറയ്ക്കാനായിട്ടാണ് അധിക പേരും 'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്' പരീക്ഷിക്കുന്നത്. ഇപ്പോള്‍ സെലിബ്രിറ്റികളും വ്യാപകമായി പിന്തുടരുന്നത് ഈ രീതിയാണ്
ശരീരത്തിന്റെ ഫിറ്റ്‌നസ് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ആദ്യകാലങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് മിക്കവാറും എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കുന്ന താരങ്ങളും ഇതേ പാതയിലാണ് തുടരുന്നത്.
പലപ്പോഴും താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ചോദ്യോത്തരവേളയില്‍ നടന്‍ വരുണ്‍ ധവാന്‍ തന്റെ 'ഡയറ്റ് പ്ലാന്‍' വിശദീകരിക്കുകയുണ്ടായി. 'ഇന്റര്‍മിറ്റന്റ് ഫാസിറ്റിംഗ്' ആണ് വരുണ്‍ പിന്തുടരുന്ന ഡയറ്റ് രീതി.
undefined
അമിതവണ്ണം കുറയ്ക്കാനായിട്ടാണ് അധിക പേരും 'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്' പരീക്ഷിക്കുന്നത്. ഇപ്പോള്‍ സെലിബ്രിറ്റികളും വ്യാപകമായി പിന്തുടരുന്നത് ഈ രീതിയാണ്. ദീര്‍ഘസമയം കനപ്പെട്ട ഭക്ഷണങ്ങള്‍ കഴിക്കാതെ തുടര്‍ന്ന് ബാക്കി സമയത്ത് പരിമിതമായി ഭക്ഷണം കഴിക്കുന്ന രീതിയാണിതെന്ന് ലളിതമായി പറയാം. എന്നാല്‍ പല രീതികളും ഇതിനുണ്ട്.
ഉറങ്ങുന്ന സമയം അടക്കം 14, അല്ലെങ്കില്‍ 16 മണിക്കൂറോളം ഉപവസിച്ചതിന് ശേഷം ബാക്കി സമയത്ത് നിര്‍ദേശിക്കപ്പെട്ട ഭക്ഷണം കഴിക്കുക. ഇതാണ് ഏറെ പ്രചാരത്തിലുള്ള ഒരു രീതി. സമയം ക്രമീകരിക്കുന്നത് ഓരോരുത്തരും അവരവരുടെ സൗകര്യപ്രകാരമാണ്. ഉപവാസത്തിന്റെ സമയത്തില്‍ പാനീയങ്ങള്‍, മുട്ടയുടെ വെള്ള പോലുള്ള ലഘുഭക്ഷണങ്ങള്‍ എന്നിവയാകാം.
താന്‍ കാപ്പിയോടെയാണ് ഡയറ്റ് തുടങ്ങുന്നതെന്ന് വരുണ്‍ പറയുന്നു. കാപ്പിക്ക് ശേഷം മുട്ടയുടെ വെള്ള ചേര്‍ത്ത് മാത്രം തയ്യാറാക്കിയ ഓംലെറ്റ് അല്ലെങ്കില്‍ ഓട്ട്‌സ് എന്നിവ കഴിക്കുന്നു. അടുത്ത ഘട്ടത്തില്‍ പച്ചക്കറിയും അല്‍പം ചിക്കനും ഇതിന് ശേഷം മഖാന, വീണ്ടും പച്ചക്കറികളും ചിക്കനും. ഇതിനിടെ ധാരാളം വെള്ളം കുടിക്കുകയും ചെയ്യും. ഇതാണ് വരുണ്‍ പങ്കുവച്ച 'ഡയറ്റ് പ്ലാന്‍'.
ഉപവസിക്കുന്ന സമയത്തിന് ശേഷം ആരോഗ്യപൂര്‍ണ്ണമായ ഭക്ഷണങ്ങളാണ് കഴിക്കാനായി വരുണ്‍ തെരഞ്ഞെടുക്കുന്നത്. എന്നാലിത് നാം സാധാരണഗതിയില്‍ വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണങ്ങള്‍ തന്നെ ആകാവുന്നതാണ്. ദീര്‍ഘനേരം ഭക്ഷണം കഴിക്കാതിരിക്കുന്നതോടെ ശരീരത്തിലെ ഷുഗര്‍ നിക്ഷേപം പൂര്‍ണ്ണമായി ഉപയോഗിക്കപ്പെടുകയും കൊഴുപ്പ് എരിഞ്ഞുതീരുകയും ചെയ്യുന്നു. ഈ പ്രക്രിയയാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നത്.
Also Read:- രാത്രിയില്‍ അമിതമായി സ്‌നാക്‌സ് കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക...
ഫിറ്റ്‌നസ് ആണ് ലക്ഷ്യമിടുന്നതെങ്കില്‍ ഈ ഡയറ്റിനൊപ്പം തന്നെ ആരോഗ്യവസ്ഥയ്ക്ക് അനുസരിച്ച വര്‍ക്കൗട്ടും ആവശ്യമാണെന്നോര്‍ക്കുക. ശരീരഭാരം കുറയ്ക്കുക എന്നതിന് പുറമെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുക, ആരോഗ്യം ഉറപ്പുവരുത്തി ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുക, രോഗങ്ങള്‍ കുറയ്ക്കുക തുടങ്ങി പല ഗുണങ്ങളും ഈ 'ഫാസ്റ്റിംഗ്' രീതിക്കുണ്ട്. എന്നാല്‍ ഈ ഡയറ്റ് രീതി പിന്തുടരും മുമ്പ് തീര്‍ച്ചയായും ആരോഗ്യകാര്യങ്ങള്‍ 'നോര്‍മല്‍' ആണെന്ന് ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ഒരു ഡോക്ടറുടെ ഉപദേശം തേടുക.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona