പീനട്ട് ബട്ടര്‍ കഴിക്കുന്നത് നല്ലതാണോ? അതോ ഇത് ആരോഗ്യത്തിന് ദോഷകരമോ?

By Web TeamFirst Published Dec 5, 2023, 10:21 AM IST
Highlights

ബ്രഡിനും ചപ്പാത്തിക്കുമെല്ലാമൊപ്പം ധാരാളം പേര്‍ സ്പ്രെഡായി ഉപയോഗിക്കുന്നത് പീനട്ട് ബട്ടറാണ്. ഇത് ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്ന നിലയിലാണ് അധികപേരും ഇത് തെരഞ്ഞെടുക്കാറ്.

ഇന്ന് തിരക്കുപിടിച്ച ജീവിതരീതികളില്‍ പലപ്പോഴും മിക്കവര്‍ക്കും ഭക്ഷണകാര്യങ്ങളില്‍ വലിയ ശ്രദ്ധ വയ്ക്കാൻ സാധിക്കുന്നില്ലെന്നത് സത്യമാണ്. എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുന്നതാണ് അധികപേരുടെയും രീതി. ഇതില്‍ ഏറ്റവുമധികം പേര്‍ കഴിക്കാറുള്ളത് ബ്രഡും, റെഡ് മെയ്ഡ് ചപ്പാത്തിയും, നൂഡില്‍സുമൊക്കെയാണ്.

ഇതില്‍ ബ്രഡിനും ചപ്പാത്തിക്കുമെല്ലാമൊപ്പം ധാരാളം പേര്‍ സ്പ്രെഡായി ഉപയോഗിക്കുന്നത് പീനട്ട് ബട്ടറാണ്. ഇത് ആരോഗ്യത്തിന് ഗുണകരമായിരിക്കുമെന്ന നിലയിലാണ് അധികപേരും ഇത് തെരഞ്ഞെടുക്കാറ്. സത്യത്തില്‍ പീനട്ട് ബട്ടര്‍ ആരോഗ്യത്തിന് ഗുണകരമാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാമോ? 

Latest Videos

പീനട്ട് ബട്ടറിന് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ട് കെട്ടോ. എന്നാലിത് വാങ്ങിക്കുമ്പോഴും കഴിക്കുമ്പോഴുമെല്ലാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതിലേക്ക് വരാം. അതിന് മുമ്പായി പീനട്ട് ബട്ടറിന്‍റെ വിവിധ ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.

പോഷകങ്ങള്‍...

പോഷകസമൃദ്ധമായൊരു വിഭവമാണ് പീനട്ട് ബട്ടര്‍. പ്രോട്ടീനാണ് ഇതില്‍ ഏറ്റവും പ്രധാനം. പ്രോട്ടീന്‍റെ വളരെ മികച്ചൊരു ഉറവിടമായി കരുതപ്പെടുന്നത് പീനട്ട് ബട്ടറിനെയാണ്. ആരോഗ്യകരമായ കൊഴുപ്പും കാര്യമായിത്തനന്നെ ഇതിലടങ്ങിയിട്ടുണ്ട്. ഇതും ശരീരത്തിന് വിവിധ രീതികളില്‍ പ്രയോജനപ്രദമാണ്.

ഹെല്‍ത്തി ഫാറ്റ്...

എല്ലാ കൊഴുപ്പുകളും ശരീരത്തിന് വെല്ലുവിളി അല്ല. ഇത്തരത്തില്‍ പീനട്ട് ബട്ടറിലെ കൊഴുപ്പ് ശരീരത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിനാണ് ഇത് ഗുണകരമാകുന്നത്. കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കുകയും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയുമാണിത് ചെയ്യുന്നത്. 

ആന്‍റി-ഓക്സിഡന്‍റ്സ്...

പീനട്ട് ബട്ടറിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആരോഗ്യത്തെ ബാധിക്കുന്ന പലവിധ പ്രശ്നങ്ങളെയും രോഗങ്ങളെയുമെല്ലാം പ്രതിരോധിക്കാൻ നമ്മെ സജ്ജരാക്കും. റെഡ് വൈനിലുള്ള തരം ആന്‍റി-ഓക്സിഡന്‍റ്സ് ആണ് പീനട്ട് ബട്ടറിലുമുള്ളത്. 

ഫൈബര്‍...

നമ്മുടെ ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാൻ സഹായിക്കുന്ന ഫൈബറിന്‍റെയും മികച്ച ഉറവിടമാണ് പീനട്ട് ബട്ടര്‍. ദഹനക്കുറവ്, ഗ്യാസ്, മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങള്‍ ലഘൂകരിക്കാൻ ഇത് വളരെയധികം സഹായിക്കും. 

ഷുഗര്‍...

രക്തത്തിലെ ഷുഗര്‍നില ഉയരുന്ന അവസ്ഥ അഥവാ പ്രമേഹത്തെ കുറിച്ച് ഏവര്‍ക്കും അറിയാം. പ്രമേഹം പ്രധാനമായും ഭക്ഷണരീതികളില്‍ വരുത്തുന്ന മാറ്റത്തിലൂടെയാണ് നിയന്ത്രിക്കാനാവുക. പീനട്ട് ബട്ടറിലുള്ള ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, ഫൈബര്‍ എന്നിവയുടെ കോമ്പിനേഷൻ രക്തത്തിലെ ഷുഗര്‍നില നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കാര്‍ബ് അടങ്ങിയ എന്തിനെങ്കിലും കൂടെ വേണം ഇതിനായി പീനട്ട് ബട്ടര്‍ കഴിക്കാൻ.

വണ്ണം...

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരെ സംബന്ധിച്ച് അവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഒന്നാണ് പീനട്ട് ബട്ടര്‍. പ്രോട്ടീൻ, ഹെല്‍ത്തി ഫാറ്റ് എന്നിവയുടെ കോമ്പിനേഷൻ എളുപ്പത്തില്‍ നമ്മുടെ വിശപ്പിനെ ശമിപ്പിക്കും, ഇത് നാം അമിതമായി കഴിക്കുന്നതിനെ തടയുന്നു. ഒപ്പം ദഹനത്തിനും ഇത് ഉത്തമം ആണെന്ന് പറഞ്ഞുവല്ലോ. ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് പീനട്ട് ബട്ടര്‍ വണ്ണം കുറയ്ക്കുന്നതിനും സഹായകമാകുന്നത്. 

പേശികളും എല്ലുകളും...

എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനും പീനട്ട് ബട്ടര്‍ ഏറെ സഹായകമാണ്. ഇതിലുള്ള പ്രോട്ടീനും മിനറല്‍സുമാണ് ഇവയ്ക്ക് സഹായിക്കുന്നത്. 

ശ്രദ്ധിക്കേണ്ടത്...

പീനട്ട് ബട്ടര്‍ വാങ്ങിക്കുമ്പോള്‍ ചിലത് ശ്രദ്ധിക്കുന്നത് ഉചിതമാണ്. ആഡഡ് ഷുഗര്‍ , ഉപ്പ്, അൺഹെല്‍ത്തിയായ ഫാറ്റ് എന്നിവ അടങ്ങിയ പീനട്ട് ബട്ടര്‍ വാങ്ങിക്കാതിരിക്കുക. ഇത് പ്രത്യേകം ശ്രദ്ധിക്കണം. കഴിയുന്നതും അധികം കലര്‍പ്പില്ലാത്തത് ഏത് ബ്രാൻഡാണോ അത് നോക്കി വാങ്ങിക്കുക. കഴിക്കുമ്പോഴും അമിതമായങ്ങ് കഴിക്കരുത്. മിതമായ അളവില്‍ പതിവായി കഴിക്കുക. അല്ലാത്തപക്ഷം ഗുണത്തിന് പകരം ദോഷമാകാം സംഭവിക്കുക.

Also Read:- ബിപിയുണ്ടോ? എങ്കില്‍ പതിവായി രാവിലെ ചെയ്യാവുന്ന ചില കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!