അടുക്കളയില്‍ മസാലപ്പൊടികള്‍ സൂക്ഷിക്കുമ്പോള്‍ ഇതെല്ലാം നോക്കണേ...

By Web Team  |  First Published Jan 9, 2024, 11:23 AM IST

പലര്‍ക്കും മസാലപ്പൊടി ഉപയോഗശൂന്യമായിപ്പോയാലും അത് തിരിച്ചറിയാൻ സാധിക്കാറില്ല. മസാലപ്പൊടികള്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനായാല്‍ മണമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥയോ പൂപ്പല്‍ കയറുന്ന അവസ്ഥയോ ഉണ്ടാകാതെ നോക്കാം. 


എല്ലാ വീടുകളിലെയും അടുക്കളയില്‍ പതിവായി കാണുന്ന ചില ചേരുവകളുണ്ടാകും. പഞ്ചസാര, തേയില, ഉപ്പ് എന്നിങ്ങനെ അടിസ്ഥാനപരമായി വേണ്ടുന്ന ചില ചേരുവകള്‍. ഇക്കൂട്ടത്തിലുള്‍പ്പെടുന്നതാണ് മസാലപ്പൊടികളും. ഏത് തരം കറികളാണെങ്കിലും മസാപ്പൊടികള്‍ ആവശ്യമായി വരാം. ദിവസത്തിലൊരിക്കലെങ്കിലും പാചകത്തിലേക്കായി അല്‍പം മസാലപ്പൊടി നാം എടുക്കാതിരിക്കുന്ന സാഹചര്യമുണ്ടാകില്ല. 

എന്നാല്‍ മസാലപ്പൊടികള്‍ അടുക്കളയില്‍ സൂക്ഷിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കില്‍ ഇവയുടെ രുചിയും ഗന്ധവുമെല്ലാം നഷ്ടപ്പെട്ടുപോകും. പിന്നെ ഇവ കറികളില്‍ ഉപയോഗിച്ചിട്ടും വലിയ ഗുണമില്ലാതാകും. മാത്രമല്ല പൊടികളില്‍ പൂപ്പല്‍ കയറുന്നതും വലിയ പ്രശ്നമാണ്.

Latest Videos

undefined

പലര്‍ക്കും മസാലപ്പൊടി ഇങ്ങനെ ഉപയോഗശൂന്യമായിപ്പോയാലും അത് തിരിച്ചറിയാനും സാധിക്കാറില്ലെന്നതാണ് സത്യം. മസാലപ്പൊടികള്‍ സൂക്ഷിക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനായാല്‍ ഇതുപോലെ മണമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥയോ പൂപ്പല്‍ കയറുന്ന അവസ്ഥയോ ഉണ്ടാകാതെ നോക്കാം. 

മസാലപ്പൊടികള്‍ ഓരോന്നും പ്രത്യേകമായി തന്നെ എയര്‍ടൈറ്റ് പാത്രങ്ങളിലാക്കി വയ്ക്കണമെന്നതാണ് ശ്രദ്ധിക്കേണ്ട ആദ്യകാര്യം. പ്രത്യേകമായിട്ടല്ല സൂക്ഷിക്കുന്നത് എങ്കില്‍ അതിന്‍റെ ഗന്ധത്തിലും രുചിയിലും എല്ലാം വ്യത്യാസം വരാം. അതുപോലെ വായു കടക്കാത്ത കുപ്പികളില്‍ അല്ല എങ്കിലും പെട്ടെന്ന് വായു കയറി പൊടികള്‍ ചീത്തയായിപ്പോകാം.

മസാലപ്പൊടികള്‍ എപ്പോഴും വൃത്തിയായി നനവ് തട്ടാതെ വേണം സൂക്ഷിക്കാൻ. ഇവ എടുക്കാനായി നമ്മളുപയോഗിക്കുന്ന സ്പൂണുകളിലും നനവുണ്ടാകാൻ പാടില്ല. ഇത് പിന്നീട് എളുപ്പത്തില്‍ പൊടിയില്‍ പൂപ്പല്‍ കയറുന്നതിന് കാരണമാകും. ഒന്നിച്ച് മസാല പൊടിച്ചുവച്ചിരിക്കുകയാണെങ്കില്‍ താല്‍ക്കാലിക ഉപയോഗത്തിന് ചെറിയൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുന്നതാണ് നല്ലത്. ഇതും എയര്‍ടൈറ്റ് കണ്ടെയ്നര്‍ തന്നെ ആയിരിക്കണം. 

മസാലകള്‍ എപ്പോഴും വലിയ അളവില്‍ പൊടിച്ചുവയ്ക്കാതിരിക്കുകയാണ് നല്ലത്. പ്രത്യേകിച്ച് തണുപ്പ് കൂടുതലുള്ള സ്ഥലങ്ങളാണെങ്കില്‍ മസാലക്കൂട്ടുകള്‍ പൊടിക്കാതെ അങ്ങനെ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം. എന്നിട്ട് ആവശ്യാനുസരണം പൊടിച്ചെടുത്ത് ഉപയോഗിക്കാം. പൊടികള്‍ തയ്യാറാക്കി ഓരോ പാത്രത്തിലാക്കി സൂക്ഷിക്കുന്നതിന് പ്രയാസമുള്ളവര്‍ക്കും ഈ രീതി പിന്തുടരാം. പക്ഷേ മസാല പൊടിച്ചുവയ്ക്കുന്നത് ആവശ്യങ്ങള്‍ക്ക് പെട്ടെന്ന് ഉപകരിക്കും. 

മസാലപ്പൊടികള്‍ സൂക്ഷിക്കുന്ന പാത്രങ്ങള്‍ എപ്പോഴും അടച്ചുതുറക്കുന്നതും, പാചകം തീരുംവരെ അലക്ഷ്യമായി തുറന്നിടുന്ന ശീലവും നല്ലതല്ല. ഇതും മസാലപ്പൊടികളുടെ രുചിയും ഗന്ധവും നഷ്ടപ്പെടുന്നതിനും കേട് വരുന്നതിനും കാരണമാകും. പൊടികളുടെ കുപ്പികളില്‍ അതത് പേരുകള്‍ എഴുതിവയ്ക്കുകയാണെങ്കില്‍ ഇങ്ങനെ പല കുപ്പികളും എപ്പോഴും മാറിമാറി തുറക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. പലരും ഈ ശീലത്തില്‍ തന്നെയാണ് തുടരുന്നത്. 

കുപ്പികളിലാക്കി വയ്ക്കുമ്പോഴും നനവില്ലാത്തതും എന്നാല്‍ ചൂടില്ലാത്തതുമായ സാധാരണ താപനിലയില്‍ സൂക്ഷിക്കുന്നതാണ് ഉചിതം. ഇതും മസാലപ്പൊടികളുടെ രുചിയും ഗന്ധവും നഷ്ടപ്പെടുത്താതിരിക്കും. എന്തായാലും പൂപ്പല്‍ കയറിയ മസാലപ്പൊടികള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ഗുണങ്ങള്‍ക്ക് പകരം ശരീരത്തിന് ദോഷവും ഉണ്ടാക്കാം. അതിനാല്‍ ഇക്കാര്യവും ശ്രദ്ധിക്കുക.

Also Read:- ഗ്രീൻ ടീ നല്ലതുതന്നെ; പക്ഷേ അധികമായാല്‍ ഈ പ്രശ്നങ്ങള്‍ പിടിപെടാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

tags
click me!