പരിപ്പ് പ്രഷര്‍ കുക്കറില്‍ വേവിക്കുമ്പോഴുണ്ടാകുന്ന പത ദോഷമാണോ?

By Web Team  |  First Published Jan 11, 2024, 11:46 AM IST

പ്രഷര്‍ കുക്കറില്‍ പരിപ്പ് വേവിക്കുമ്പോള്‍ ചെറുതായി പത വരാറുണ്ട്. പരിപ്പ്- പയര്‍ വര്‍ഗങ്ങളിലെല്ലാം കണ്ടുവരുന്ന 'സാപോനിൻസ്' എന്ന ഘടകമാണ് ഈ പതയുണ്ടാക്കുന്നത്


മുൻകാലങ്ങളിലെ പോലയല്ല,  ഇന്ന് മിക്ക വീടുകളിലും പാചകത്തിനും മറ്റ് വീട്ടുജോലികള്‍ക്കും അത്രകണ്ട് സമയം മാറ്റിവയ്ക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഒരു വീട്ടില്‍ തന്നെ മുതിര്‍ന്നവരെല്ലാം ജോലിക്കും മറ്റുള്ളവര്‍ക്ക് പഠിക്കാനും പോകുന്ന അന്തരീക്ഷമാണ് ഇപ്പോഴുള്ളത്. ഈ തിരക്കുപിടിച്ച സാഹചര്യമാണ് വീട്ടുകാര്യങ്ങളും പരുങ്ങലിലാക്കുന്നത്. 

പാചകം അടക്കമുള്ള വീട്ടുജോലികള്‍ എത്രയും എളുപ്പത്തിലാക്കാമോ അത്രയും എളുപ്പത്തിലാക്കാനാണ് ഏവരും ശ്രമിക്കാറ്. ഇതിനായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളും സൗകര്യങ്ങളും എല്ലാം പ്രയോജനപ്പെടുത്തും. 

Latest Videos

നമ്മുടെ അടുക്കളകളില്‍ നിത്യേന ഉപയോഗിക്കുന്ന പ്രഷര്‍ കുക്കര്‍ ഇത്തരത്തില്‍ ജോലികള്‍ എളുപ്പത്തിലാക്കാൻ വലിയ സഹായമാണ്. എത്ര വേവുള്ള ഭക്ഷണസാധനങ്ങള്‍ ആയാലും അത് പ്രഷര്‍ കുക്കറില്‍ ഇട്ട് വേവിക്കുകയാണെങ്കില്‍ സമയനഷ്ടവുമില്ല, അതോടൊപ്പം തന്നെ ഇന്ധനനഷ്ടവും ഇല്ല. 

എന്നാല്‍ ചില സാധനങ്ങളെങ്കിലും ഇങ്ങനെ പ്രഷര്‍ കുക്കറില്‍ വേവിക്കരുത് എന്ന് നിങ്ങള്‍ കേട്ടിരിക്കും. ഇതിലൊന്നാണ് പരിപ്പ്. പരിപ്പ് കുക്കറില്‍ വേവിക്കുന്നത് നല്ലതല്ല, ആരോഗ്യത്തിന് ദോഷമാണ് എന്നെല്ലാം ചിലര്‍ പറയാറുണ്ട്. പരിപ്പ് കുക്കറില്‍ വേവിക്കുമ്പോള്‍ വരുന്ന പതയാണത്രേ പ്രശ്നം. സത്യത്തില്‍ ഈ വാദത്തില്‍ വല്ല കഴമ്പുമുണ്ടോ? 

പ്രഷര്‍ കുക്കറില്‍ പരിപ്പ് വേവിക്കുമ്പോള്‍ ചെറുതായി പത വരാറുണ്ട്. പരിപ്പ്- പയര്‍ വര്‍ഗങ്ങളിലെല്ലാം കണ്ടുവരുന്ന 'സാപോനിൻസ്' എന്ന ഘടകമാണ് ഈ പതയുണ്ടാക്കുന്നത്. ഇതില്‍ യൂറിക് ആസിഡും അടങ്ങിയിരിക്കുന്നു. ഈ യൂറിക് ആസിഡ് പേശീവേദനയുണ്ടാക്കും എന്നതാണ് വാദം. 

അതേസമയം മാംസാഹാരങ്ങള്‍, മദ്യം എന്നിവയിലൂടെയെല്ലാം നമ്മുടെ ശരീരത്തിലെത്തുന്ന അത്ര യൂറിക് ആസിഡ് പരിപ്പിലൂടെ എത്തുകയില്ല. അതിനാല്‍ തന്നെ ഇത്തരത്തിലൊരു ആശങ്ക ആവശ്യമില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇനി, വളരെ മിതമായ അളവിലാണ് നേരത്തെ പറഞ്ഞ 'സാപോനിൻസ്' നമ്മുടെ ശരീരത്തിലെത്തുന്നത് എങ്കില്‍ അത് നല്ലതാണെന്നും വിദഗ്ധര്‍ പറയുന്നു. കൊളസ്ട്രോള്‍ കുറയ്ക്കാുനം മറ്റും ഇത് നമ്മെ സഹായിക്കുമത്രേ. 

എന്തായാലും പരിപ്പ് പ്രഷര്‍ കുക്കറിലിട്ട് വേവിക്കുന്നതില്‍ ആരോഗ്യത്തെ ഓര്‍ത്ത് ദുഖിക്കേണ്ടതോ ആശങ്കപ്പെടേണ്ടതോ ഇല്ലെന്നാണ് മനസിലാക്കേണ്ടത്. എന്നാലോ പരിപ്പില്‍ നിന്ന് പത വരുന്നതില്‍ അതൃപ്തി തോന്നുന്നുവെങ്കില്‍ ഇതൊഴിവാക്കാൻ പരിപ്പ് കുക്കറില്‍ വേവിക്കാനിടുമ്പോള്‍ തന്നെ അല്‍പം വെളിച്ചെണ്ണ ചേര്‍ത്താല്‍ മതി. ഇത് പത വരുന്നതിനെ പ്രതിരോധിക്കും.  ഇങ്ങനെ പത വരുന്നത് കുക്കറിനും ക്രമേണ കേടുപാടുണ്ടാക്കാം. അക്കാര്യം ശ്രദ്ധിക്കാവുന്നതാണ്.

Also Read:- കോളിഫ്ളവര്‍ കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലത്; എങ്ങനെയെന്നറിയൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!