2019ല്‍ ഇന്ത്യക്കാര്‍ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഏതെന്നറിയാമോ?

By Web Team  |  First Published Dec 28, 2019, 9:31 PM IST

ഓൺലൈൻ ഓർഡറുകളിലൂടെ പ്രിയ വിഭവങ്ങൾ കൈപ്പറ്റുന്ന സംസ്കാരമാണ് പുതിയ കാലത്തിന്. ഇത്തരത്തിൽ ഓൺലൈൻ ആയി ഭക്ഷണമെത്തിച്ച് നൽകുന്ന ആപ്പുകളുടെ കണക്ക് പ്രകാരം ഇന്ത്യയിൽ ഈ വർഷം ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമേതെന്ന് അറിയാമോ?


2019 അവസാനിക്കാന്‍ മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, പോയ വര്‍ഷത്തിന്റെ കണക്കെടുപ്പുകള്‍ എല്ലാ മേഖലയിലും സജീവമാകുകയാണ്. ഇതിനിടെയാണ് ഓണ്‍ലൈനായി ഭക്ഷണം നല്‍കുന്ന ആപ്പുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാരുടെ പ്രിയ ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്നത്.

2019ല്‍ ഏറ്റവുമധികം ഇന്ത്യക്കാര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം, മറ്റൊന്നുമല്ല ബിരിയാണി തന്നെയാണ്. ഏത് കാലത്തും ഇന്ത്യക്കാര്‍ക്കിടയില്‍ താരമാണ് ബിരിയാണി. ചിക്കന്‍ ബിരിയാണി ആണത്രേ ഓണ്‍ലൈനായി ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ബിരിയാണ്. മട്ടനും പച്ചക്കറിയുമെല്ലാം ഇതിന് പിറകെ മാത്രം.

Latest Videos

undefined

ആപ്പുകള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഓരോ മിനുറ്റിലും 95 ബിരിയാണി ഓര്‍ഡര്‍ ഓണ്‍ലൈനായി വരുന്നുണ്ടത്രേ. ഇതില്‍ 19 രൂപയ്ക്ക് ബിരിയാണി നല്‍കിയ മുംബൈയിലെ ഒരു ഹോട്ടലിലേതാണ് ഏറ്റവും 'ചീപ്പ്' ആയ ബിരിയാണി. 1500 രൂപയ്ക്ക് ബിരിയാണി വിറ്റ പുനെയിലെ ഒരു ഹോട്ടലാണ് ഏറ്റവും വിലപിടിപ്പുള്ള ബിരിയാണിയുടെ ഉടമസ്ഥര്‍.

ചിക്കന്‍ ബിരിയാണി കഴിഞ്ഞാല്‍ പിന്നെ മസാല ദോശ, പനീര്‍ ബട്ടര്‍ മസാല, ചിക്കന്‍ ഫ്രൈഡ് റൈസ്, മട്ടണ്‍ ബിരിയാണി, വെജ് ഫ്രൈഡ് റൈസ്, തന്തൂരി ചിക്കന്‍, ദാല്‍ മക്കാനി എന്നിവയെല്ലാമാണ് ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മുന്നില്‍ നില്‍ക്കുന്ന വിഭവങ്ങള്‍. ഗുലാബ് ജാമുന്‍ ആണ് ഏറ്റവും അധികം തവണ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഡെസര്‍ട്ട്.

ആരോഗ്യത്തെ കുറിച്ച് കാര്യമായി ചിന്തിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ആപ്പുകളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നതായി 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, ആരോഗ്യകരമായ ഭക്ഷണം, കീറ്റോ ഡയറ്റിലുള്‍പ്പെടുന്ന വിഭവങ്ങള്‍ എന്നിവയെല്ലാം വലിയ തോതില്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത് കഴിച്ചിട്ടുണ്ടത്രേ. എന്തായാലും കാലം എത്ര മാറിയാലും, വിഭവങ്ങളുടെ രൂപവും മണവും രുചിയും എത്ര മാറിയാലും ബിരിയാണിയെ കയ്യൊഴിയാന്‍ നമുക്കാവില്ല എന്ന് തന്നെയാണ് ഈ പുതിയ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

click me!