പിസിഒഎസ് ഉള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

By Web Team  |  First Published Oct 26, 2023, 9:34 PM IST

അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം.


സ്‌ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ്‌ പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഈ ആരോഗ്യ പ്രശ്നമുള്ള  
സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ടാണ്. അണ്ഡാശയത്തിലെ സിസ്റ്റുകളുടെ സാന്നിധ്യം, ക്രമരഹിതമായ  ആർത്തവം, ആര്‍ത്തവം ഇല്ലാതെ വരുക, അമിതമായ ആൻഡ്രോജൻ (പുരുഷ ഹോർമോണുകൾ), ഫെർട്ടിലിറ്റി പ്രശ്നങ്ങള്‍ എന്നിവ പിസിഒഎസ് മൂലം ഉണ്ടായേക്കാം. 

ഭക്ഷണക്രമം നേരിട്ട് പിസിഒഎസിന് കാരണമാകില്ല. എന്നാൽ ഇത് രോഗാവസ്ഥയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും സങ്കീർണതകളും വഷളാക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അത്തരത്തില്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

Latest Videos

undefined

ഒന്ന്... 

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊഴുപ്പ്  ധാരാളം അടങ്ങിയ ഇവ അമിതമായി കഴിക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക് നല്ലതല്ല. 

രണ്ട്...

സംസ്കരിച്ചതും മധുരമുള്ളതുമായ ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. സംസ്കരിച്ച ഭക്ഷണങ്ങളിൽ പലപ്പോഴും അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ, ശുദ്ധീകരിച്ച പഞ്ചസാര, കൃത്രിമ നിറം എന്നിവ അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങളും പിസിഒഎസ് ഉള്ള സ്ത്രീകള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.  
കാർബോഹൈഡ്രേറ്റ്സ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം ഉയരാൻ ഇടയാക്കും. ഇത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം വഷളാക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങളെ ഒഴിവാക്കാം. 

നാല്... 

റെഡ് മീറ്റും പിസിഒഎസ് ഉള്ള ചില സ്ത്രീകൾ അധികം കഴിക്കേണ്ട. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ പരമാവധി പരിമിതപ്പെടുത്തുക.  പ്രത്യേകിച്ച് പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അമിത ഉപഭോഗം ശരീരഭാരം വർധിപ്പിക്കുന്നതിനും ഹോർമോൺ അസന്തുലിതാവസ്ഥയെ വഷളാക്കുന്നതിനും ഇടയാക്കും. 

അഞ്ച്...

കോഫിയാണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഹോർമോൺ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ കോഫി പോലുള്ള കഫൈൻ അടങ്ങിയ പാനീയങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക. 

ആറ്... 

മധുരമുള്ള പാനീയങ്ങൾ, സോഡ തുടങ്ങിയ പഞ്ചസാര ചേർത്ത ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നതും ശരീരഭാരം വർധിപ്പിക്കുന്നതിനും ഇൻസുലിൻ പ്രതിരോധം വഷളാക്കുന്നതിനും കാരണമാകും.

ഏഴ്... 

മദ്യപാനമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പിസിഒഎസ് ഉള്ള സ്ത്രീകളിൽ മദ്യം കരളിന്റെ പ്രവർത്തനം, ഹോർമോൺ ബാലൻസ്, ഇൻസുലിൻ പ്രതിരോധം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. 

ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: അവക്കാഡോ ഓയിലിന്‍റെ ഈ ഗുണങ്ങളെ കുറിച്ചറിയാമോ?

click me!