എന്തുകൊണ്ട് തക്കാളി വില കൂടി? തക്കാളിയില്ലാതെ കറികള്‍ രുചികരമാക്കാൻ ചില ടിപ്സ്...

By Web Team  |  First Published Jun 28, 2023, 1:35 PM IST

പാചകത്തിന് ഏറ്റവുമധികം ആവശ്യമായി വരുന്നൊരു ചേരുവയാണ് തക്കാളി. അതിനാല്‍ തന്നെ തക്കാളിയുടെ വിലക്കയറ്റം ചെറുതല്ലാത്ത രീതിയിലാണ് നമ്മെ ബാധിക്കുക. സാധാരണയുള്ള വിലയുടെ അഞ്ചിരട്ടി വരെയാണ് തക്കാളിക്ക് കൂടിയിരിക്കുന്നത്


തക്കാളിയുടെ വിലക്കയറ്റമാണ് ഇപ്പോള്‍ വീട്ടകങ്ങളിലെയും മാര്‍ക്കറ്റിലെയും ഒരു വലിയ ചര്‍ച്ചാവിഷയം. പാചകം ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം, അത് ഹോട്ടലുകാര്‍ ആയാല്‍പ്പോലും തക്കാളിയുടെ വിലവര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. സോഷ്യല്‍ മീഡിയ നോക്കിയാല്‍ തന്നെ നമുക്ക് ഈ പ്രതിഷേധം കാണാൻ സാധിക്കും. 

പാചകത്തിന് ഏറ്റവുമധികം ആവശ്യമായി വരുന്നൊരു ചേരുവയാണ് തക്കാളി. അതിനാല്‍ തന്നെ തക്കാളിയുടെ വിലക്കയറ്റം ചെറുതല്ലാത്ത രീതിയിലാണ് നമ്മെ ബാധിക്കുക. സാധാരണയുള്ള വിലയുടെ അഞ്ചിരട്ടി വരെയാണ് തക്കാളിക്ക് കൂടിയിരിക്കുന്നത്. 80, 90, 100 എന്നിങ്ങനെ പോകുന്നു കൂടിയ വിലകള്‍. 

Latest Videos

undefined

ആകെ പച്ചക്കറികള്‍ക്ക് തന്നെ വില കൂടിയിട്ടുണ്ട്. ഇതിനിടെയാണ് തക്കാളിയുടെ പൊള്ളുന്ന വില ഏവരെയും വലച്ചിരിക്കുന്നത്. അതിശക്തമായ മഴ മൂലമുണ്ടായ കൃഷിനാശവും പ്രയാസങ്ങളുമാണ് പച്ചക്കറികള്‍ക്ക് ആകെയും കൂട്ടത്തില്‍ തക്കാളിക്കും വില കയറാൻ കാരണമായിരിക്കുന്നത്. ഉള്ളിക്കും പലയിടങ്ങളിലും ഇതുപോലെ വില കയറിയിട്ടുണ്ട്. 

തക്കാളി നാം വിഭവങ്ങളില്‍ ചേര്‍ക്കുന്നത് ഇതിന്‍റെ ചെറിയൊരു പുളിപ്പും, മധുരവും കിട്ടുന്നതിനും കൊഴുപ്പ് കിട്ടുന്നതിനും അതുപോലെ നിറത്തിനുമാണ്. തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍ വേറെ. 

ഇപ്പോള്‍ തക്കാളിക്ക് വില കയറിയിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെ വിഭവങ്ങള്‍ തക്കാളിയില്ലാതെ ഒപ്പിക്കാം എന്നാണ് പലരും ചിന്തിക്കുന്നത്. ഇതിനുള്ള ചില ടിപ്സാണിനി പങ്കുവയ്ക്കുന്നത്. തക്കാളിക്ക് പകരം വിവിധ വിഭവങ്ങളിലും കറികളിലുമെല്ലാം ഉപയോഗിക്കാവുന്ന മറ്റ് പച്ചക്കറികളെയും ചേരുവകളെയും കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഒന്ന്...

ചുവന്ന ക്യാപ്സിക്കം ഇത്തരത്തില്‍ തക്കാളിക്ക് പകരം ഫലപ്രദമായി ഉപയോഗിക്കാവുന്നൊരു പച്ചക്കറിയാണ്. നിറത്തിനും ചെറുതായി ഫ്ളേവറിനുമെല്ലാം ഇത് ഏറെ യോജിച്ചതാണ്. നേരിയ മധുരവും പുളിയുമെല്ലാം ക്യാപ്സിക്കത്തിനുമുണ്ട്. അപ്പോള്‍ തക്കാളിക്ക് അപരനാകാൻ ഏറ്റവും യോജിക്കുന്നത് ചുവന്ന ക്യാപ്സിക്കം തന്നെയെന്ന് പറയാം.

രണ്ട്...

ചിലര്‍ ക്യാരറ്റും ഇതുപോലെ തക്കാളിക്ക് പകരം ഉപയോഗിക്കാറുണ്ട്. മധുരവും നിറവുമെല്ലാം തക്കാളിക്ക് പകരമായി നല്‍കാൻ ക്യാരറ്റിനും കഴിയും. ക്യാരറ്റ് അരച്ച് ചേര്‍ത്താല്‍ കറികള്‍ക്ക് കൊഴുപ്പും കിട്ടും. എന്നാല്‍ തക്കാളിയുടെ അതേ രുചി കിട്ടില്ലെന്നോര്‍ക്കുക. എങ്കിലും ക്യാരറ്റും പരീക്ഷിച്ചുനോക്കാവുന്നതാണ്.

മൂന്ന്...

പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ കറിപ്പുളി തന്നെ ചേര്‍ക്കാവുന്നതാണ്. എന്നാലിത് കൂടാതെ പോകാൻ ശ്രദ്ധിക്കുക. കറിപ്പുളി ചേര്‍ത്ത ശേഷം ചുവന്ന ക്യാപ്സിക്കം ചെറുതായി അരിഞ്ഞ് ചേര്‍ത്താല്‍ തക്കാളിയുടെ ഒരു അനുഭവം കിട്ടാം. 

നാല്...

പുളിക്ക് വേണ്ടി തക്കാളി ചേര്‍ക്കുന്ന വിഭവങ്ങളില്‍ പകരമായി വയ്ക്കാവുന്ന മറ്റൊന്ന് വിനാഗിരിയാണ്. ഇതും കൂടാതെ ശ്രദ്ധിക്കണം. 

അഞ്ച്...

ചിലര്‍ കറികളുണ്ടാക്കുമ്പോള്‍ തക്കാളിക്ക് പകരം പഴുത്ത കുടംപുളി (ഉണക്കിയതല്ല) ഉപയോഗിക്കാറുണ്ട്. നിറം ഒഴികെ മറ്റ് രീതിയില്‍ തക്കാളിക്ക് പകരമാകാൻ പഴുത്ത കുടംപുളിക്ക് കഴിയും. ഏറെക്കുറെ മാങ്ങയിട്ട കറികളോടാണ് ഇതിന് സാമ്യമെങ്കിലും. ഇതും അളവ് കൂടാതിരിക്കാൻ ശ്രദ്ധിക്കണം. 

ആറ്...

ഒലീവും ഇത്തരത്തില്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ പലര്‍ക്കും ഒലീവിന്‍റെ രുചി അത്ര ഇഷ്ടപ്പെടില്ല. ഒലീവ് ഇഷ്ടമുള്ളവര്‍ക്ക് അത് ചേര്‍ക്കാം. 

Also Read:- സ്കിൻ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നൊരു 'കിടിലൻ' ജ്യൂസ്..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണം:-

 

click me!